

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള വിഭവമാണ് ഹൽവ. പലപ്പോഴും കടയിൽ നിന്ന് ഹൽവ വാങ്ങി കഴിക്കുമ്പോൾ, ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എന്നാലിനി, മൈദ വേണ്ട, കളർ ചേർക്കണ്ട, അവൽ വീട്ടിലുണ്ടെങ്കിൽ വെറും 15 മിനിട്ടിൽ കോഴിക്കോടൻ കറുത്ത ഹൽവ വീട്ടിൽ ഉണ്ടാക്കാം
ആവശ്യമായ ചേരുവകൾ:
അവൽ - രണ്ടര കപ്പ്
കറുത്ത ശർക്കര - ഒന്നര കപ്പ്
തേങ്ങ ചിരകിയത് - രണ്ടുകപ്പ്
വെള്ളം - രണ്ടര കപ്പ്
ഏലയ്ക്കാ പൊടി - 1 ടേബിൾസ്പൂൺ
അണ്ടിപ്പരിപ്പ് - 100 ഗ്രാം
എള്ള് - 1 ടേബിൾസ്പൂൺ
നെയ്യ് / വെളിച്ചെണ്ണ - ഒരു സ്‌പൂൺ
തയ്യാറാക്കുന്ന വിധം:
ആദ്യം രണ്ടര കപ്പ് അവൽ ഒരു പാത്രത്തിൽ ഇട്ട് മീഡിയം ഫ്ളെയിമിൽ രണ്ടുമിനിട്ട് വറുത്തെടുക്കണം. ഇത് മറ്റൊരു പ്ളേറ്റിലേയ്ക്ക് മാറ്റി തണുക്കാൻ വയ്ക്കണം.
ഇനി ഒന്നര കപ്പ് കറുത്ത ശർക്കര പാനിലിട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഉരുക്കിയെടുക്കണം. ഉരുക്കിയ ശർക്കര മറ്റൊരു പാത്രത്തിലേയ്ക്ക് അരിച്ചൊഴിക്കണം.
ശേഷം ഒരു മിക്‌സി ജാറിൽ രണ്ടുകപ്പ് തേങ്ങ ചിരകിയത്, രണ്ടര കപ്പ് വെള്ളം എന്നിവ ചേർത്ത് അടിച്ചെടുത്തതിന് ശേഷം പാൽ മാത്രം അരിച്ചെടുക്കണം.
അടുത്തായി ഒരു മിക്‌സി ജാറിൽ തണുക്കാൻ വച്ചിരുന്ന അവൽ നന്നായി പൊടിച്ചെടുത്തത് തേങ്ങാപ്പാലുമായി യോജിപ്പിക്കണം.
ശേഷം ഇത് ഒരു പാനിലേയ്ക്ക് ഒഴിച്ച് അടുപ്പിൽവച്ച് കുറുക്കിയെടുത്തതിനുശേഷം ശർക്കര പാനി ചേർത്ത് തിളപ്പിക്കണം. ഇത് കൈവിടാതെ ഇളക്കികൊണ്ടിരിക്കണം. ഇതിലേയ്ക്ക് ഏലയ്ക്കാ പൊടി, അണ്ടിപ്പരിപ്പ്, എള്ള് എന്നിവ ചേർത്ത് നന്നായി ഇളക്കണം.
ശേഷം ഒരു സ്‌പൂൺ നെയ്യ് അല്ലെങ്കിൽ എണ്ണ ചേർത്ത് നന്നായി ഇളക്കി കുറുകിവരുമ്പോൾ ഒരു പാത്രത്തിലേയ്ക്ക് മാറ്റി അടച്ചു വയ്ക്കുക. പിറ്റേദിവസം മുറിച്ച് കഴിക്കാം.