
ബംഗാളിനെയും ഗോവയെയും പോലെ കേരളത്തിനും അഭിമാനിക്കാൻ കഴിയുന്ന ഒരു മീൻ കറിയുണ്ട്. ഒരു സാധാരണ മീൻകറിയല്ല. തേങ്ങാപ്പാലിന്റെ ആരോഗ്യകരവും അതിലേറെ രുചികരവുമായ ഒരു മീൻ വിഭവമാണിത്. തേങ്ങാപ്പാൽ ചേർത്തു തയാറാക്കുന്ന ഫിഷ് മോളി വീട്ടിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം
ചേരുവകൾ
മീൻ കഷ്ണങ്ങളാക്കിയത്- 500 ഗ്രാം
സവാള അരിഞ്ഞത് - 1 എണ്ണം
പച്ചമുളക് അരിഞ്ഞത് - 5 എണ്ണം
വെളുത്തുള്ളി അരിഞ്ഞത് - 5 എണ്ണം
ഇഞ്ചി അരിഞ്ഞത് - ചെറിയ കഷണം
തക്കാളി അരിഞ്ഞത് - ഒരെണ്ണം
തേങ്ങാപ്പാൽ - ഒരു വലിയ തേങ്ങയുടേത്
ഇഞ്ചി – വെളുത്തുള്ളി അരച്ചത് - 1/2 ടേബിൾസ്പൂൺ
കുരുമുളകുപൊടി - 1/2 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
ഏലക്ക - 3 എണ്ണം
കറുവാപട്ട - 2 ചെറിയ കഷ്ണം
ഗ്രാമ്പൂ - 3 എണ്ണം
മല്ലിപ്പൊടി - 1/2 ടേബിൾസ്പൂൺ
വിനാഗിരി - 1/2 ടേബിൾസ്പൂൺ
കറിവേപ്പില - ആവശ്യത്തിന്
വെളിച്ചെണ്ണ -4 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം:
കഴുകി വൃത്തിയാക്കിയ മീനിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഇഞ്ചി വെളുത്തുള്ളി അരച്ചത്, കാൽ ടീസ്പൂൺ കുരുമുളകുപൊടി, അര ടീസ്പൂൺ വിനാഗിരി, കാൽ ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് നന്നായി പുരട്ടി 20 മിനിറ്റ് മാറ്റിവയ്ക്കാം.
ഒരു പാൻ അടുപ്പിൽ വച്ച് എണ്ണ ചൂടാക്കി മീൻ പകുതി വേവിൽ വറുത്തെടുക്കാം.
മസാല തയാറാക്കാനായി ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് മീൻ വറുത്തെടുത്ത എണ്ണ ഒഴിച്ചു കൊടുക്കാം. എണ്ണ ചൂടായി വരുമ്പോൾ ഏലക്ക, ഗ്രാമ്പൂ, കറുവപ്പട്ട എന്നിവ ഇട്ടുകൊടുക്കാം. ഇനി ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള, വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ ചേർത്ത് നന്നായി വഴറ്റിയശേഷം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ കുരുമുളകുപൊടി, അര ടേബിൾ സ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നതുവരെ നന്നായി ഇളക്കി കൊടുക്കാം.
ഇതിലേക്ക് തേങ്ങയുടെ രണ്ടാം പാൽ ചേർക്കാം. നന്നായി തിളച്ചു വരുമ്പോൾ അരിഞ്ഞുവച്ചിരിക്കുന്ന തക്കാളിയും ആവശ്യത്തിന് കറിവേപ്പിലയും വറുത്തു വച്ചിരിക്കുന്ന മീൻ കഷ്ണങ്ങളും കൂടി ഇട്ടു കൊടുക്കാം. എല്ലാം കൂടി നന്നായി തിളച്ച് കുറുകി വരുമ്പോൾ ഒന്നാംപാൽ ചേർത്ത് അടുപ്പിൽ നിന്നും ഇറക്കാം.