
മീൻ ഇല്ലാത്ത സമയത്ത് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരു കറിയാണ് ഉണക്കചെമ്മീൻ കായ കറി. ഈ ഒരു കറി മാത്രം മതി നിറയെ ചോറുണ്ണാൻ. ഇതെങ്ങനെ തയാറാക്കാമെന്ന് നോക്കാം.
ചേരുവകൾ
ഉണക്കചെമ്മീൻ ഒരു കപ്പ്
പച്ചക്കായ രണ്ടെണ്ണം
ചെറിയ ഉള്ളി 12 എണ്ണം
വെളുത്തുള്ളി 6 എണ്ണം
ഇഞ്ചി ഒരു ചെറിയ കഷണം
മുളകുപൊടി ഒരു ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി അര ടീസ്പൂൺ
തേങ്ങ ചിരവിയത് ഒരു കപ്പ്
ഉലുവപ്പൊടി അര ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
വാളൻപുളി ഒരു നെല്ലിക്ക വലുപ്പത്തിൽ
വെളിച്ചെണ്ണ മൂന്ന് ടേബിൾ സ്പൂൺ
കറിവേപ്പില ഒരു തണ്ട്
പച്ചമുളക് മൂന്നെണ്ണം
തക്കാളി ഒന്ന്
തയാറാക്കുന്ന വിധം
കായ അരിഞ്ഞതിനു ശേഷം വെള്ളത്തിൽ ഇട്ടു വയ്ക്കാം. വാളൻപുളി കുറച്ച് ചൂടുവെള്ളത്തിൽ ഇട്ടു വയ്ക്കാം. ഉണക്കചെമ്മീൻ തലയും വാലും മുറിച്ച് നന്നായി കഴുകിയെടുത്തതിനുശേഷം ഒരു പാനിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് ചെറിയ തീയിൽ വച്ച് വറുത്തെടുക്കാം. ഇതേ എണ്ണയിലേക്ക് തന്നെ ചെറിയ ഉള്ളിയും വെളുത്തുള്ളിയും ഇഞ്ചിയും ചേർത്ത് വഴറ്റി, അതിലേക്ക് മുളകുപൊടിയും, മഞ്ഞൾ പൊടിയും കായപ്പൊടിയും ചേർത്ത് നന്നായി വഴറ്റുക. ശേഷം കറിവേപ്പിലയും ഒരു കപ്പ് തേങ്ങ ചിരവിയതും കൂടിയിട്ട് നന്നായി ചൂടാക്കിയ ശേഷം ഇത് തണുക്കുമ്പോൾ നന്നായി അരച്ചെടുക്കണം.
ഇനിയൊരു ചട്ടി അടുപ്പത്ത് വച്ച് അതിലേക്ക് അരച്ചെടുത്ത മിശ്രിതവും, വാളൻപുളി പിഴിഞ്ഞ വെള്ളവും, കായ കഷ്ണങ്ങളും, മൂന്ന് പച്ചമുളക് കീറിയതും ഒരു തക്കാളി അരിഞ്ഞതും കൂടിയിട്ട് ആവശ്യത്തിന് വെള്ളവും ചേർത്ത് അടുപ്പത്ത് വയ്ക്കാം. ഇത് നന്നായി തിളച്ച് കായ കഷണങ്ങൾ മുക്കാൽ ഭാഗം വെന്തു വരുമ്പോൾ വറുത്തുവച്ച ഉണക്ക ചെമ്മീൻ ഇതിലേക്ക് ഇട്ടു കൊടുക്കാം. ഉപ്പ് ആവശ്യമെങ്കിൽ ചേർത്തു കൊടുക്കാം. എല്ലാം കൂടി നന്നായി വെന്തു വരുന്നവരെ തിളപ്പിക്കുക ശേഷം ഇനി തീ ഓഫ് ചെയ്യാം.
മറ്റൊരു ചട്ടി അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഒരു ടീസ്പൂൺ കടുക് ഇട്ടു കൊടുക്കാം കടുക് നന്നായി പൊട്ടി വന്നതിനു ശേഷം അര ടീസ്പൂൺ ഉലുവയും ഒരു ടേബിൾ സ്പൂൺ ചെറിയ ഉള്ളി അരിഞ്ഞതും രണ്ട് വറ്റൽമുളകും കുറച്ചു കറിവേപ്പിലയും ഇട്ട് ഏതാണ്ട് ബ്രൗൺ കളർ ആകുന്ന രീതിയിൽ വറുത്തെടുക്കുക. ഈ വറവ് തയാറാക്കിയ ചെമ്മീൻ കറിയിലേക്ക് ഇട്ടു കൊടുക്കാം സ്വാദിഷ്ടമായ ഉണക്കചെമ്മീൻ കായ കറി റെഡി.