
കുമരകംകാരുടെ കരിമീൻ പൊള്ളിച്ചത്. വാഴയിലയിൽ മസാലക്കൂട്ടുകൾ ചേർത്ത് പൊള്ളിച്ചെടുക്കുന്ന കരിമീനിന് അങ്ങ് വിദേശത്തും ആരാധകർ ഏറെയാണ്. വാഴയില ഇല്ലാത്ത തേങ്ങാപ്പാലിൽ കരിമീൻ പൊള്ളിച്ചത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം
ആവശ്യമുള്ള ചേരുവകൾ
നല്ല ഇടത്തരം കരിമീൻ
ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി- ചതച്ചത് ഒരു ചെറിയ ബൗൾ
ചെറിയ ഉള്ളി- അരിഞ്ഞത് ഒരു ബൗൾ
കറിവേപ്പില- ആവശ്യത്തിന്
മുളകുപൊടി- 2 ടേബിൾസ്പൂൾ
മഞ്ഞൾപൊടി- 1 ടീസ്പൂൺ
തേങ്ങാപ്പാൽ- ഒന്നാം പാൽ ഒരു കപ്പ്, രണ്ടാം പാൽ രണ്ട് കപ്പ്
കുടംപുളി- 4 എണ്ണം
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ- ആവശ്യത്തിന്
കടുക്, ഉലുവ- വറുത്തിടാൻ ആവശ്യത്തിന്
പാകം ചെയ്യുന്നവിധം
കരിമീൻ നല്ലതുപോലെ വെട്ടി കഴുകി വൃത്തിയാക്കി വയ്ക്കുക.
ഉരുളി അടുപ്പത്ത് വച്ച് ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉലുവയും പൊട്ടിക്കണം. തുടർന്ന് അരിഞ്ഞുവെച്ചിരിക്കുന്ന ചെറിയ ഉള്ളിയും കറിവേപ്പിലയും ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചതച്ചതും ചേർത്ത് ഇളക്കുക. ഇത് മൂത്ത് വരുമ്പോൾ പൊടികൾ ചേർക്കുക. പച്ച മണം മാറുന്നതുവരെ ഇളക്കുക. എണ്ണ തെളിഞ്ഞുവരുമ്പോൾ വെള്ളത്തിലിട്ട് വച്ചിരിക്കുന്ന കുടംപുളി ചേർത്തിളക്കണം. ഇനി രണ്ടാം പാൽ ഒഴിക്കാം. തിളച്ചുവരുമ്പോൾ ഇതിലേക്ക് മീൻ ഇട്ടുകൊടുക്കണം. തുടർന്ന് ഒന്നാം പാൽ കൂടി ചേർത്ത് നല്ലതുപോലെ തിളപ്പിക്കണം. മീൻ മുക്കാൻ വേവാകുമ്പോൾ കോരി മാറ്റി വയ്ക്കണം. ഇനി ഗ്രേവി നല്ലതുപോലെ വറ്റിച്ചെടുക്കണം. നല്ലതുപോലെ കുറുകി വരുമ്പോൾ മാറ്റിവച്ച മീൻ ചേർത്ത് വീണ്ടുമൊന്നുകൂടി നല്ലവണ്ണം വറ്റിച്ചെടുക്കണം. തേങ്ങാപ്പാലിൽ കിടന്ന് തിളച്ച കരിമീൻ ഇപ്പോൾ റെഡിയായി വന്നിട്ടുണ്ട്. ഈ കരിമീൻ പൊള്ളിച്ചത് ഒന്ന് കഴിച്ചു നോക്കൂ.