
സദ്യയിൽ ഒഴിവാക്കാനാകാത്ത തൊടുകറിയാണ് ഇഞ്ചി അച്ചാർ. നൂറ്റിയൊന്ന് കറിക്ക് സമം ഇഞ്ചിക്കറി എന്നാണ് പറയാറ്. കഫശല്യത്തിനും വിശപ്പില്ലായ്മയ്ക്കും ഇഞ്ചിക്കറി മരുന്നാണ്. പലർക്കും പ്രിയപ്പെട്ട ഒരു അച്ചാറാണിത്.
ചേരുവകൾ:
ഇഞ്ചി - 250 ഗ്രാം
പച്ചമുളക് - 3 എണ്ണം
പുളി - ഗോലി വലുപ്പത്തിൽ
ഉപ്പ് - ആവശ്യത്തിന്
മുളകുപൊടി - 2 ടേബിൾസ്പൂൺ
കായം - 1/2 ടീസ്പൂൺ
കടുക് - 1 ടീസ്പൂൺ
നല്ലെണ്ണ - 1/2 കപ്പ്
തയ്യാറാക്കുന്ന വിധം:
ഇഞ്ചി തൊലികളഞ്ഞ് കഴുകി വൃത്തിയാക്കി കൊത്തിയരിയുക.
ചീനച്ചട്ടി അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുകും കറിവേപ്പിലയും ഇടുക. അതിലേക്ക് കുരുകുരെ കൊത്തിയരിഞ്ഞ ഇഞ്ചിയും വട്ടത്തിൽ അരിഞ്ഞ പച്ചമുളകും ചേർത്ത് ചെറുതീയിൽ വഴറ്റുക. നല്ലവണ്ണം വഴറ്റിയശേഷം മസാല പൊടികളെല്ലാം ചേർക്കണം. പൊടികൾ മൂത്തു കഴിയുമ്പോൾ അര ഗ്ലാസ് വെള്ളത്തിൽ പുളി പിഴിഞ്ഞ്, ഒരു ചെറിയ കഷണം ശർക്കരയും കൂടി ചേർത്ത് പാകത്തിന് ഉപ്പും ഇട്ട് എണ്ണ തെളിയുന്നതു വരെ ചെറുതീയിൽ തിളപ്പിക്കുക. തണുത്തു കഴിയുമ്പോൾ വായു കയറാത്ത കുപ്പിയിൽ സൂക്ഷിച്ചു വയ്ക്കാം.