

ക്രിസ്തുമസ് ഭക്ഷണപ്രിയരുടെ ഉത്സവമാണല്ലോ. പ്രത്യേകിച്ച് നോൺവെജ് ആണ് പ്രധാനം. വെറൈറ്റി രുചിയിൽ വിവിധ തരം വിഭവങ്ങൾ പരീക്ഷിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു വിഭവത്തിന്റെ രുചിക്കൂട്ടാണിത്. മീൻ കുരുമുളക്, വെളുത്തുള്ളി സോസിൽ തയ്യാറാക്കുന്നത്.
ആവശ്യമായവ
1. മീൻ മുള്ളില്ലാതെ കഷണങ്ങളാക്കിയത് - അരക്കിലോ
2.വെളുത്തുള്ളി അരച്ചത്- രണ്ടു വലിയ സ്പൂൺ
കുരുമുളകുപൊടി -ഒരു ചെറിയ സ്പൂൺ
നാരങ്ങാനീര്-ഒരു വലിയ സ്പൂൺ
ഉപ്പ്-പാകത്തിന്
3.വെണ്ണ - വറുക്കാൻ ആവശ്യത്തിന്
4.സ്പ്രിങ് ഒനിയൻ പൊടിയായി അരിഞ്ഞത് - രണ്ടു വലിയ സ്പൂൺ
5. മുട്ട -ഒന്ന്, അടിച്ചത്
പാൽ -ഒരു കപ്പ്
6.ഉപ്പ്, കുരുമുളകുപൊടി-പാകത്തിന്
7.സ്പ്രിങ് ഒനിയൻ ഇലകൾ അരിഞ്ഞത് -അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
മീൻ കഷണങ്ങളിൽ രണ്ടാമത്തെ ചേരുവ പുരട്ടി കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വയ്ക്കുക.
പിന്നീട് പാനിൽ വെണ്ണ ചൂടാക്കി മീൻ വറുത്തു മാറ്റി വയ്ക്കണം.
അതേ നെയ്യിൽ സ്പ്രിങ് ഒനിയൻ വഴറ്റിയ ശേഷം പാൻ അടുപ്പത്തു നിന്നു ഇറക്കുക. ഇതിലേക്കു പാലും മുട്ടയും അടിച്ചു യോജിപ്പിച്ചത് ഒഴിച്ചു നന്നായി ഇളക്കി യോജിപ്പിക്കുക.
ശേഷം അടുപ്പത്തു വച്ചു ചെറുതീയിലാക്കി തുടരെയിളക്കി കുറുക്കണം. കുറുകുമ്പോൾ പാകത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർത്തിളക്കുക.
മീൻ വറുത്തത് ഒരു പരന്ന പാത്രത്തിൽ നിരത്തി, അതിനു മുകളിൽ സോസ് ഒഴിക്കണം.
സ്പ്രിങ് ഒനിയൻ തണ്ട് അരിഞ്ഞതു മുകളിൽ വിതറി അലങ്കരിച്ചു വിളമ്പാം.