
ദീപാവലി എന്നാൽ ദീപം മാത്രമല്ല, മധുരത്തിൽ കുളിച്ചെത്തുന്ന ആഘോഷം കൂടിയാണ് ദീപാവലി. ദീപാവലി മധുരങ്ങളിൽ പാൽ കൊണ്ടുള്ള വിഭവങ്ങൾ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഒപ്പം മൈദ, കടലമാവ്, കശുവണ്ടി എന്നിവയും വിവിധ രുചിക്കൂട്ടുകളിൽ മധുരമേകുന്നു. അത്തരത്തിലുള്ള ഒരു മധുരപലഹാരമാണ് ജിലേബി.
ആവശ്യമായ സാധനങ്ങൾ
ഉഴുന്നുപരിപ്പ് – ഒരു കപ്പ്
പച്ചരി – ഒരു വലിയ സ്പൂൺ
പഞ്ചസാര – രണ്ടു കപ്പ്
വെള്ളം – അര കപ്പ്
ജിലേബി കളർ – ഒരു നുള്ള്
റോസ് എസൻസ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
ഉഴുന്നുപരിപ്പും അരിയും ഒരു മണിക്കൂർ കുതിർക്കുക. പഞ്ചസാരയിൽ വെള്ളം ചേർത്ത് ഉരുക്കി നൂൽ പാനിയാകുമ്പോൾ വാങ്ങിവയ്ക്കുക. ഇതിൽ ജിലേബി കളർ കലക്കിയതും എസൻസും ചേർത്തുവയ്ക്കുക.
കുതിർത്ത ഉഴുന്നും അരിയും ശരിക്കു പതയത്തക്കവിധത്തിൽ അരയ്ക്കുക. ഇതിൽ ജിലേബി കളറും ചേർക്കണം.
ഒരു ചുവടു പരന്ന പാത്രത്തിൽ നെയ്യൊഴിച്ചു നല്ലതുപോലെ ചൂടാകുമ്പോൾ ബട്ടൺഹോൾ തയ്ച്ച തുണിയിൽ ആട്ടിയ ഉഴുന്നുമാവ് അൽപ്പാൽപ്പം വാരിയിട്ടു കൈകൊണ്ടമർത്തി നെയ്യിലേക്കു ജിലേബിയുടെ ആകൃതിയിൽ ഞെക്കിപ്പിഴിഞ്ഞു ഒഴിക്കുക.
ചെറിയ ദ്വാരമുള്ള ചിരട്ട ഉപയോഗിച്ചും ജിലേബി മാവ് പിഴിയാം. പാകത്തിനു മൂപ്പിച്ച ജിലേബി ഇളംചൂടുള്ള പഞ്ചസാര പാനിയിലിട്ട് ഓരോന്നായെടുത്തു പരന്ന തട്ടത്തിൽ വയ്ക്കുക.