ദീപാവലി സ്‌പെഷ്യൽ - മില്‍ക്ക് പേഡ | Milk Peda

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള മില്‍ക്ക് പേഡ വീട്ടിൽ തയ്യാറാക്കാം.
Image Credit: Social Media
Published on

പേഡയുടെ ജനനം ഗുജറാത്തിലാണ് എന്നു വിശ്വസിക്കുന്നവരാണ് അധികവും. ഗംഗാനദീതടത്തിലാണ് പേഡയടക്കമുള്ള പലഹാരങ്ങൾ ജനിച്ചതെന്ന് ചരിത്രം പറയുന്നു. ഗംഗാനനദിയുടെ തീരത്തുള്ള ബംഗാളിലും ഇതേകാലത്താണ് ബർഫിയടക്കമുള്ള മധുര പലഹാരങ്ങൾ ഉപയോഗിച്ചു തുടങ്ങിയതത്രേ. ശരാശരി 3000 വർഷമാണ് പേഡയുടെ പ്രായം എന്നു ഭക്ഷണചരിത്രകാരൻമാർ പറയുന്നു.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള മില്‍ക്ക് പേഡ വളരെ രുചികരമായി വീട്ടിൽ തന്നെ എളുപ്പത്തിൽ എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ:

നെയ്യ് - ¼ കപ്പ്

പൊടിച്ച പഞ്ചസാര - ½ കപ്പ്

പാൽ - ¾ കപ്പ്

പാൽപ്പൊടി - 1½ കപ്പ്

ഉപ്പ് - ഒരു നുള്ള്

തയാറാക്കുന്ന വിധം

കട്ടിയുള്ള പാനിൽ നെയ്യ് ചേർത്തു ചെറിയ തീയിൽ ഉരുക്കുക. നെയ്യ് ഉരുകി കഴിഞ്ഞാൽ, പൊടിച്ച പഞ്ചസാര കുറേശ്ശെയായി ചേർത്തു നന്നായി ഇളക്കിക്കൊണ്ടിരിക്കുക. പഞ്ചസാര ഉരുക്കിയ ശേഷം പാലും പാൽപ്പൊടിയും ഇടവിട്ട് ചേർത്തു കുറഞ്ഞ ചൂടിൽ തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കുക. പാൽപ്പൊടി കട്ട ഒന്നുമില്ലാതെ യോജിപ്പിച്ചെടുക്കുക.

ഇനി ഒരു നുള്ള് ഉപ്പു ചേർത്തു കട്ടിയാകുന്നത് വരെ (3-5 മിനിറ്റ്) വേവിക്കുക. അതിനുശേഷം മിശ്രിതം കൂടുതൽ കട്ടയാവാതിരിക്കാൻ മറ്റൊരു പാത്രത്തിലേക്കു മാറ്റുക. ഇത് ചെറുതായി ചൂടാറുമ്പോൾ, ഒന്ന് കുഴച്ചെടുക്കുക.

കൈകളിൽ ഒട്ടിപ്പിടിക്കാതിരിക്കാൻ നെയ്യ് പുരട്ടി മാവിൽ നിന്ന് ഒരു ചെറിയ ഭാഗം എടുത്ത് ഒരു ബോൾ ആകൃതിയിൽ ഉരുട്ടിയെടുക്കുക, ഇനി ഡിസൈൻ ഉള്ള ഒരു ചെറിയ പാത്രം കൊണ്ട് ചെറുതായി ഒന്ന് അമർത്തി കൊടുക്കാം. ഇതുപോലെ ബാക്കിയുള്ളതും ചെയ്തെടുക്കാം. പൂർണ്ണമായും തണുത്തതിനുശേഷം കഴിക്കാവുന്നതാണ്.

Related Stories

No stories found.
Times Kerala
timeskerala.com