

ഈ ക്രിസ്മസിന് മുന്തിരി വൈൻ കൊണ്ടൊരു അടിപൊളി ചോക്ലേറ്റ് കേക്ക് ഉണ്ടാക്കിയാലോ? റെഡ് വൈനും ഡാർക്ക് ചോക്ലേറ്റും ഇഷ്ടമുള്ളവർക്ക് ഈ കേക്ക് ഉണ്ടാക്കാവുന്നതാണ്. ചോക്ലേറ്റ് റെഡ് വൈൻ കേക്ക് വളരെ എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ചേരുവകൾ
മൈദ - 2 കപ്പ്
പൊടിച്ച പഞ്ചസാര - 1 ½ കപ്പ്
കൊക്കോ പൗഡർ - ½ കപ്പ്
ബേക്കിങ് പൗഡർ - 1¼ ടീസ്പൂൺ
ബേക്കിങ് സോഡ - ½ ടീസ്പൂൺ
ഉപ്പ് - ¼ ടീസ്പൂൺ
മുട്ട - 3 എണ്ണം
വെജിറ്റബിൾ ഓയിൽ - ½ കപ്പ്
വാനില എസൻസ് - 1 ടീസ്പൂൺ
പാൽ - ½ കപ്പ്
ചോക്ലേറ്റ് ഉരുക്കിയത് - 100 ഗ്രാം
റെഡ് വൈൻ - ½ കപ്പ്
ഫ്രോസ്റ്റിങ്ങ് തയാറാക്കാൻ
വെണ്ണ - 50 ഗ്രാം
പൊടിച്ച പഞ്ചസാര - 1 കപ്പ്
കൊക്കോ പൗഡർ - 2 ടേബിൾസ്പൂൺ
ഉപ്പ് - ¼ ടീസ്പൂൺ
വാനില എസൻസ് - ½ ടീസ്പൂൺ
റെഡ് വൈൻ - 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
ആദ്യം ഒരു ലോഫ് പാൻ വെണ്ണ തടവി, ബട്ടർ പേപ്പർ അടിയിലും വശങ്ങളിലും ഇട്ടു കൊടുക്കാം.
ഒരു പാത്രത്തിലേക്ക് മൈദ, പൊടിച്ച പഞ്ചസാര, കൊക്കോപൗഡർ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡാ, ഉപ്പ് എന്നിവ അരിച്ചെടുക്കുക.
ഇത് നന്നായി ഒന്ന് ഇളക്കിയ ശേഷം അതിലേക്ക് മുട്ട, എസൻസ്, പാൽ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ഇനി ഇതിലേക്ക് ഉരുക്കിയ ചോക്ലേറ്റ് ഒഴിച്ച് നന്നായി ഇളക്കിയശേഷം റെഡ് വൈൻ ഒഴിച്ചു കൊടുക്കാം.
എല്ലാം നന്നായി ഇളക്കി യോജിപ്പിച്ചശേഷം തയാറാക്കിവച്ചിരിക്കുന്ന ബേക്കിങ്ങ് പാനിലേക്ക് ഒഴിച്ച് കൊടുക്കാം.
ഒരു സ്ക്യുവർ കൊണ്ട് ബാറ്ററിൽ ഒന്ന് വരഞ്ഞ ശേഷം രണ്ടു മൂന്നു തവണ പാൻ നിലത്ത് തട്ടി കൊടുക്കാം. ഇത് 160 ഡിഗ്രി ചൂടിൽ പ്രീഹീറ്റായി കിടക്കുന്ന അവ്നിൽ 50 മിനിറ്റ് നേരം ബേക്ക് ചെയ്തെടുക്കാം.
കേക്കിന്റെ ഫ്രോസ്റ്റിങ് തയാറാക്കാൻ ഒരു പാത്രത്തിലേക്കു ബട്ടർ, പൊടിച്ച പഞ്ചസാര, കൊക്കോ പൗഡർ, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി കൊടുക്കാം.
ഇനി ഇതിലേക്ക് എസൻസ്, റെഡ് വൈൻ എന്നിവ ഒഴിച്ച് നന്നായി മൃദുവാകുന്നതുവരെ യോജിപ്പിച്ച് എടുക്കാം.
ഒരു പൈപ്പിങ് കവർ എടുത്ത് അതിന്റെ ഒരു പകുതിയിൽ ഈ ഫ്രോസ്റ്റിങ്ങും മറു പകുതിയിൽ വിപ്പ്ഡ് ക്രീം ഫ്രോസ്റ്റിങ്ങും ഫിൽ ചെയ്ത് എടുക്കാം.
കേക്ക് ബേക്ക് ആയി 10 മിനിറ്റ് കഴിഞ്ഞാൽ ടിന്നിൽ നിന്ന് പുറത്തേക്കെടുത്ത് ബട്ടർ പേപ്പർ എല്ലാം എടുത്തു മാറ്റാം.
കേക്കിന്റെ മുകളിലത്തെ മൊരിഞ്ഞ ഭാഗം ഒന്ന് മുറിച്ചു മാറ്റാം, എന്നിട്ട് കേക്കിനു മുകളിൽ ക്രീം പൈപ്പ് ചെയ്തു കൊടുക്കാം.
ചോക്ലേറ്റ് റെഡ് വൈൻ കേക്ക് റെഡി.