

ക്രിസ്തുമസ് വിരുന്നിനു പകിട്ടേകാൻ കൊതിയൂറും രുചിക്കൂട്ട്. സ്‌പെഷ്യൽ കശ്മീരി ചിക്കൻ കറി തയ്യാറാക്കാം.
ആവശ്യമായവ:
1.ഇളംചിക്കൻ തൊലി കളഞ്ഞു വലിയ കഷണങ്ങളാക്കിയത് - അരക്കിലോ
2.ഉപ്പ്, മഞ്ഞൾപ്പൊടി - അര ചെറിയ സ്പൂൺ വീതം
3.കശ്മീരി വറ്റൽമുളക് - 15, അരി കളഞ്ഞത്
കടുക്-ഒരു ചെറിയ സ്പൂൺ
ജീരകം-ഒരു ചെറിയ സ്പൂൺ
കുരുമുളക്-ഒരു ചെറിയ സ്പൂൺ
കറുവാപ്പട്ട- രണ്ടിഞ്ചു നീളമുള്ള രണ്ടു കഷണം
ഗ്രാമ്പൂ-നാല്
4.സവാള-ഒരു വലുത്
ഇഞ്ചി-രണ്ടിഞ്ചു കഷണം
വെളുത്തുള്ളി-രണ്ടു കുടം
കശുവണ്ടിപ്പരിപ്പ്- 10
ഉണക്കമുന്തിരി-ഒരു വലിയ സ്പൂൺ
5.എണ്ണ-മുക്കാൽ കപ്പ്
6.തക്കാളി-മൂന്നു വലുത്, പൊടിയായി അരിഞ്ഞത്
പാകം ചെയ്യുന്ന വിധം:
ചിക്കൻ വൃത്തിയാക്കി രണ്ടാമത്തെ ചേരുവ പുരട്ടി ഒരു മണിക്കൂർ വയ്ക്കണം.
മൂന്നാമത്തെ ചേരുവ യോജിപ്പിച്ച് അരച്ചു വയ്ക്കണം.
നാലാമത്തെ ചേരുവ ഓരോന്നും വെവ്വേറെ അരച്ചു വയ്ക്കണം.
എണ്ണ ചൂടാക്കി ചിക്കൻ ചേർത്തു ബ്രൗൺ നിറത്തിൽ വറുത്തു കോരി എണ്ണ വാലാൻ വയ്ക്കണം.
അതേ എണ്ണയിൽ സവാള അരച്ചതു വഴറ്റിയ ശേഷം ഇഞ്ചി അരച്ചതു വഴറ്റണം. ഇതിലേക്കു വെളുത്തുള്ളി അരച്ചതും ചേർത്തു വഴറ്റിയ ശേഷം അരച്ചു വച്ചിരിക്കുന്ന മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റുക.
ഈ കൂട്ടിലേക്കു തക്കാളി ചേർത്തു നന്നായി വഴറ്റി എണ്ണ തെളിയുമ്പോൾ വറുത്തു വച്ചിരിക്കുന്ന ചിക്കൻ ചേർത്തിളക്കി രണ്ടു കപ്പ് ചൂടുവെള്ളവും ഒഴിച്ചു നന്നായി വേവിക്കണം.
നന്നായി വെന്ത ശേഷം ഉണക്കമുന്തിരിയും അരച്ചു വച്ചിരിക്കുന്ന കശുവണ്ടിപ്പരിപ്പും അൽപം വെള്ളത്തിൽ കലക്കിയതു ചേർത്തിളക്കി വാങ്ങാം.