

ചിക്കൻ കൊണ്ട് പലതരം വിഭവങ്ങൾ തയ്യാറാക്കുമെങ്കിലും കടായി ചിക്കൻന് ഒരു വെറൈറ്റി രുചിയാണ്. ഇത്രയും ടേസ്റ്റിയായ വേറൊരു കറി ഉണ്ടാകില്ല. ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന അതീവ രുചികരമായ ഒരു ഐറ്റമാണിത്. ക്രിസ്തുമസ് വിരുന്ന് സൽക്കാരത്തിനായി വീട്ടിൽ കിടിലൻ രുചിയിൽ കടായി ചിക്കൻ ഉണ്ടാക്കാം. വളരെ ടേസ്റ്റിയായ ഈ കറി എല്ലാത്തിന്റെ കൂടെയും മികച്ചൊരു കോമ്പിനേഷൻ ആണ്.
ചേരുവകൾ
ചിക്കൻ - അരക്കിലോ
സവാള - 2 (വലുത്)
തക്കാളി - 2
പച്ചമുളക് -2
ഇഞ്ചി -മീഡിയം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് -1 ടേബിൾ സ്പൂൺ
തൈര് -2 ടേബിൾ സ്പൂൺ
കസൂരിമേത്തി -2 ടേബിൾ സ്പൂൺ
കുരുമുളക്പൊടി -1/2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മല്ലിയില -1/2 കപ്പ്
മല്ലിപ്പൊടി -1/2 ടീസ്പൂൺ
ചുവന്ന ഉണക്കമുളക് ചതച്ചത് -1ടേബിൾ സ്പൂൺ
ചെറിയ ജീരകം -2 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
ഓയിൽ -5 ടേബിൾ സ്പൂൺ
വെള്ളം -2 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ചൂടായ ഒരു പാനിലേക്ക് 5 ടേബിൾസ്പൂൺ ഓയിൽ ഒഴിച്ചുകൊടുക്കുക. അതിലേക്ക് ചിക്കൻ കഷ്ണങ്ങൾ (മസാലപുരട്ടാതെ) ഇട്ടുകൊടുക്കുക. ചിക്കൻ ബ്രൗൺ നിറം ആവുന്നത് വരെ ചെറിയ തീയിലിട്ടു വേവിക്കുക. ചിക്കന്റെ രണ്ടു ഭാഗവും ബ്രൗൺ നിറമായാൽ എണ്ണയിൽ നിന്നും മാറ്റിയെടുക്കുക.
ഇനി ആ ഓയിലിൽ തന്നെ സവാള വഴറ്റി എടുക്കാം. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർക്കണം. നന്നായി വഴന്നു വന്നാൽ കുരുമുളകുപൊടി, ഉണക്കമുളക് ചതച്ചത്, ഉപ്പ്, ചെറിയജീരകം, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. മസാലയുടെ പച്ചമണം മാറുമ്പോൾ അതിലേക്ക് അരിഞ്ഞു വെച്ച തക്കാളി ഇട്ട് കൊടുക്കുക 2 ടേബിൾസ്പൂൺ വെള്ളവും ഒഴിച്ചു കൊടുക്കുക നല്ലവണ്ണം യോജിപ്പിച്ചതിന് ശേഷം അടച്ചു വെച്ച് 2 മിനിറ്റ് തക്കാളി വേവിച്ചെടുക്കാം.
ശേഷം പൊരിച്ചു വെച്ച ചിക്കൻ ഇതിലേക്ക് ഇട്ടുകൊടുക്കാം. ഇനി 2 ടേബിൾസ്പൂൺ പുളിപ്പില്ലാത്ത തൈര് ഒഴിച്ച് നന്നായി യോജിപ്പിക്കുക. 2 മിനിറ്റ് ചെറിയ തീയിൽ വേവിക്കാം.
ഇനി അതിലേക്ക് നീളത്തിൽ അരിഞ്ഞ ഇഞ്ചിയും വട്ടത്തിൽ അറിഞ്ഞ പച്ചമുളകും മല്ലിയിലയും കസൂരിമേത്തിയും ഇട്ട് യോജിപ്പിക്കുക. 2 സെക്കന്റ് യോജിപ്പിച്ചതിന് ശേഷം തീ ഓഫ് ചെയ്യാം. ചൂടോടെയോ തണുത്ത ശേഷമോ കഴിക്കാം.