ക്രിസ്തുമസ് സ്പെഷ്യൽ - കാരറ്റ് കേക്ക് | Christmas recipe

വിവിധ രുചിക്കൂട്ടിൽ പലതരം കേക്കുകളാണ് തയ്യാറാക്കുന്നത്, ഈ ക്രിസ്തുമസ് വിരുന്നിന് കാരറ്റ് കേക്ക് തയാറാക്കാം.
Image Credit : Social Media
Updated on

ക്രിസ്തുമസ് എന്നത് ഭക്ഷണങ്ങളുടെ രുചിക്കൂട്ടുകളുടെ ഒരു ഉത്സവകാലം കൂടിയാണല്ലോ. കേക്കുകളുടെ മേളം തന്നെയായിരിക്കും. വിവിധ രുചിക്കൂട്ടിൽ പലതരം കേക്കുകളാണ് തയ്യാറാക്കുന്നത്. ഈ ക്രിസ്തുമസ് വിരുന്നിന് കാരറ്റ് കേക്ക് തയാറാക്കാം. ഓവൻ ഇല്ലെന്ന വിഷമം വേണ്ട, കുക്കറിൽ രുചികരമായ കാരറ്റ് കേക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം.

ചേരുവകൾ

മൈദ – 1 കപ്പ്

കാരറ്റ് ചിരകിയത് – ഒന്നര കപ്പ്

എണ്ണ – അര കപ്പ്

പഞ്ചസാര പൊടിച്ചത് – മുക്കാല്‍ കപ്പ്

മുട്ട – ഒരെണ്ണം

അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി – ആവശ്യത്തിന്

ബേക്കിങ് പൗഡർ – അര ടീസ്പൂൺ

ബേക്കിങ് സോഡ – അര ടീസ്പൂൺ

വനില എസെൻസ് – അര ടീസ്പൂൺ

ഉപ്പ് – ഒരു നുള്ള്

Image Credit : Social Media

തയാറാക്കുന്ന വിധം

മൈദയിൽ ബേക്കിങ് സോഡയും ബേക്കിങ് പൗഡറും ചേർത്ത് അരച്ചെടുക്കുക. അണ്ടിപ്പരിപ്പും, ഉണക്കമുന്തിരിയും കുറച്ചു മൈദയിൽ ഇളക്കിയെടുത്തു മാറ്റിവയ്ക്കുക. മുട്ടയും പൊടിച്ച പഞ്ചസാരയും കാരറ്റ് ചിരകിയതും ചേർത്തു മിക്സിയിൽ നല്ലതുപോലെ അടിച്ചെടുക്കണം. ഈ മിശ്രിതം ഒരു പാത്രത്തിലേക്ക് മാറ്റിയശേഷം എണ്ണയും മൈദയും ചേർത്തു നന്നായി ഇളക്കിയോജിപ്പിക്കുക.

ഇതിന്റെ കൂടെ വനില എസെന്‍സും, അണ്ടിപ്പരിപ്പും, മുന്തിരിയും ചേർത്തിളക്കണം. തയാറാക്കിയ കേക്ക് മിശ്രിതം കേക്ക് ടിന്നിലോ സ്റ്റീൽ ലഞ്ച് ബോക്സിലോ മുക്കാൽ ഭാഗത്തോളം നിറയ്ക്കുക. ശേഷം പാത്രം മൂന്നു നാലു തവണ തറയിൽ തട്ടി ഉള്ളിലുള്ള വായു കുമിളകൾ നീക്കം ചെയ്യണം.

കേക്ക് ബേക്ക് ചെയ്യാനായി കുക്കർ സ്റ്റൗവിൽ വച്ചശേഷം കുറച്ച് ഉപ്പു പൊടി നിരത്തുക. മുകളിൽ പരന്ന ചെറിയ പാത്രമോ കിച്ചണിൽ ഉപയോഗിക്കുന്ന വളയമോ വച്ചു കൊടുക്കാം. ശേഷം കുക്കറിലെ വാഷറും വിസിലും മാറ്റിയശേഷം അടച്ചു പത്തു മിനിറ്റ് നന്നായി ചൂടാക്കുക. ഇനി കുക്കർ തുറന്നു മിശ്രിതം നിറച്ച പാത്രം വച്ചു കുക്കർ അടയ്ക്കുക. മീഡിയം തീയിൽ വച്ചു 40–45 മിനിറ്റ് കൊണ്ടു കേക്ക് തയാറാക്കാം.

കേക്ക് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കേക്ക് മിശ്രിതം ഇളക്കി യോജിപ്പിക്കുമ്പോൾ ഒരു വശത്തേക്കു മാത്രം ഇളക്കുക. മിശ്രിതം കേക്ക് ടിന്നിൽ ഒഴിക്കുന്നതിനു മുൻപു കുറച്ചു നെയ്യോ എണ്ണയോ പാത്രത്തിൽ തേച്ചു പിടിപ്പിക്കണം. പാത്രത്തിന്റെ ആകൃതിയിൽ ബട്ടർ പേപ്പർ മുറിച്ചു വച്ചശേഷവും മിശ്രിതം ഒഴിക്കാം. കേക്ക് മിശ്രിതം അടുപ്പിൽ വച്ച് ഇരുപതു മിനിറ്റ് കഴിയുമ്പോൾ തുറന്നു കേക്ക് പാകമായോ എന്നു നോക്കാണം. ചെറിയ കത്തി കൊണ്ടോ സ്പൂൺ കൊണ്ടോ കുത്തിനോക്കുമ്പോൾ മിശ്രിതം പറ്റിപ്പിടിക്കുന്നില്ലെങ്കിൽ അതാണു പാകം. ഇടയ്ക്കിടെ തുറന്നു പാകം നോക്കണം. കാരണം, കേക്ക് പാകമായ ശേഷം കുക്കറിൽ വച്ചാൽ ചൂടുകൊണ്ടു കരിഞ്ഞു പോകാൻ സാധ്യതയുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com