

ക്രിസ്തുമസിന് പ്രധാനം പ്ലം കേക്ക് ആണെങ്കിലും കുട്ടികൾക്ക് പ്രിയം മൃദുവായ ക്രീം കേക്കിനോടാണ്. കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടുന്ന ഒരു ബ്ലാക്ക് ഫോറസ്റ്റ് കേക്ക് തയ്യാറാക്കാം. ഓവൻ ഇല്ലാതെ ആർക്കും എളുപ്പത്തിൽ വീട്ടിൽ തയാറാക്കാൻ പറ്റുന്ന ബ്ലാക്ക് ഫോറസ്റ്റ് കേക്ക്.
ചേരുവകൾ:
മൈദ -3/4 കപ്പ്
കൊക്കോ പൗഡർ -3 ടേബിൾ സ്പൂൺ
ബേക്കിങ് പൗഡർ - 1/2 ടേബിൾസ്പൂൺ
ബേക്കിങ് സോഡാ- 1/4 ടേബിൾസ്പൂൺ
പഞ്ചസാര -ഒന്നേകാൽ കപ്പ്
മുട്ട -മൂന്നെണ്ണം
സൺഫ്ലവർ ഓയിൽ- അര കപ്പ്
ഉപ്പ് -ആവശ്യത്തിന്
വാനില എസ്സൻസ്- 1 ടേബിൾസ്പൂൺ
വിപ്പിങ് ക്രീം -ഒന്നര കപ്പ്
ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തത്- ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ഒരു കപ്പ് മൈദ എടുക്കുക. അതിൽ നിന്ന് 3 ടേബിൾ സ്പൂൺ മൈദ മാറ്റുക. അത്രയുംതന്നെ കൊക്കോ പൗഡർ ചേർക്കുക. ഇനി ഇതിലേക്ക് അര ടേബിൾ സ്പൂൺ ബേക്കിങ് പൗഡർ കാൽ ടേബിൾ സ്പൂൺ ബേക്കിങ് സോഡ എന്നിവ ചേർത്ത് നന്നായി അരിച്ചെടുക്കുക.
മിക്സിയുടെ ജാറിൽ മുക്കാൽ കപ്പ് പഞ്ചസാര നന്നായി പൊടിച്ചെടുക്കുക. അതിനുശേഷം അതിലേക്ക് മൂന്ന് മുട്ട അല്പം ഉപ്പ് അരക്കപ്പ് ഓയിൽ ഒരു ടേബിൾ സ്പൂൺ വാനില എസ്സൻസ് എന്നിവ ചേർത്ത് നന്നായി അടിച്ചെടുത്ത് ഒരു ബൗളിലേക്ക് മാറ്റാം.
ശേഷം ഇതിലേക്ക് കുറേശ്ശെ മൈദ മിക്സ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കാം. ഇത് തയാറാക്കി വച്ചിരിക്കുന്ന കേക്ക് ടിന്നിലേക്ക് മാറ്റാം. നേരത്തെ തന്നെ ചൂടാക്കി വച്ച പാത്രത്തിൽ ഒരു റിങ് വച്ച് അതിലേക്ക് കേക്ക് വച്ച് നന്നായി അടച്ച് ചെറുതീയിൽ 40 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കാം. കേക്ക് നന്നായി തണുത്തതിനുശേഷം മൂന്ന് പീസ് ആയിട്ട് മുറിച്ചുമാറ്റുക.
അരക്കപ്പ് പഞ്ചസാരയിൽ ഒരു കപ്പ് വെള്ളം ചേർത്ത് നന്നായി ചൂടാക്കി എടുക്കുക. ഒന്നരകപ്പ് വിപ്പിംഗ് ക്രീം നന്നായി ബീറ്റ് ചെയ്ത് വയ്ക്കുക. ചോക്ലേറ്റ് ഗ്രേറ്റ് ചെയ്ത് ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക.
ഇനി കേക്ക് സെറ്റ് ചെയ്യാം. കേക്ക് ബോർഡിലേക്ക് അൽപം വിപ്പിംഗ് ക്രീം വെച്ച് അതിനു മുകളിലേക്ക് ഒരു പീസ് കേക്ക് വച്ചു കൊടുക്കാം. അതിനു മുകളിലേക്ക് ആവശ്യത്തിന് ഷുഗർ സിറപ്പ്, ക്രീം എന്നിവ തേച്ചുകൊടുക്കാം.
അടുത്ത രണ്ട് പീസ് കേക്കും ഇതുപോലെതന്നെ വെച്ചു കൊടുക്കാം. ഇനി കേക്കിന്റെ വശങ്ങളിലും മുകളിലും ആവശ്യത്തിന് വിപ്പിങ് ക്രീം തേച്ചുകൊടുക്കാം. സൈഡിലും മുകളിലും ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തതും മുകളിൽ ചെറി വച്ച് നന്നായി അലങ്കരിച്ച് എടുക്കാം.