Description
Digital Voice of Kerala
Saturday, March 28, 2026

Digital Voice of Kerala
HomeTaste Of Timesഹോട്ടലിൽ കിട്ടുന്ന അതേ രുചിയിൽ ചില്ലി ചിക്കൻ വീട്ടിൽ ഉണ്ടാക്കാം |...

ഹോട്ടലിൽ കിട്ടുന്ന അതേ രുചിയിൽ ചില്ലി ചിക്കൻ വീട്ടിൽ ഉണ്ടാക്കാം | Chili Chicken

🎙️ Latest Podcast

ചിക്കൻ എന്ന് കേൾക്കുമ്പോഴേ എല്ലാവരും ആദ്യം പറയുന്നത് ചില്ലി ചിക്കൻ (Chili Chicken) എന്നാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവമാണ് ചില്ലി ചിക്കൻ. ഇത് മിക്കവരും റസ്റ്ററന്റിൽ നിന്നും വാങ്ങി കഴിക്കാറാണ് പതിവ്. എന്നാൽ ഹോട്ടലിൽ കിട്ടുന്ന അതേ രുചിയിൽ ചില്ലി ചിക്കൻ വീട്ടിലും ഉണ്ടാക്കാവുന്നതാണ്.

ആവശ്യമുള്ള ചേരുവകൾ

കോഴിയിറച്ചി ( എല്ലു മാറ്റിയത് ) – 400 ഗ്രാം
കുരുമുളകു പൊടി – 1 ടീസ്പൂൺ
കാശ്മീരി മുളകുപൊടി – 1 ടീസ്പൂൺ
ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
സോയ സോസ് – 2 ടേബിൾ സ്പൂൺ
ചോളപ്പൊടി – 6 ടേബിൾ സ്പൂൺ
മുട്ട – 1 എണ്ണം
വെളുത്തുള്ളി അരിഞ്ഞത് – 1 ടീസ്പൂൺ
ഇഞ്ചി അരിഞ്ഞത് – 1 ടീസ്പൂൺ
പച്ചമുളക് – 1 എണ്ണം
സവാള – 1 എണ്ണം
കാപ്സിക്കം – 1 എണ്ണം
സവാള അരിഞ്ഞത് – 1/2 കപ്പ്
ടൊമാറ്റോ കെച്ചപ്പ് – 2 ടേബിൾ സ്പൂൺ
ചില്ലി സോസ് – 2 ടേബിൾ സ്പൂൺ
പഞ്ചസാര – 1 ടീസ്പൂൺ
എണ്ണ
ഉപ്പ്

തയാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് എല്ലുകൾ നീക്കം ചെയ്ത ചിക്കൻ ക്യൂബ് ആകൃതിയിൽ മുറിച്ചെടുക്കാം. ഇതിലേക്ക് കുറച്ച് ഉപ്പും ഒരു ടീസ്പൂൺ കുരുമുളകുപൊടിയും ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടിയും ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഒരു ടേബിൾസ്പൂൺ സോയ സോസും കാൽ കപ്പ് ചോളപ്പൊടിയും ഒരു മുട്ട പൊട്ടിച്ചതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം 30 മിനിറ്റ് അടച്ച് വയ്ക്കുക.
ശേഷം ഒരു ഫ്രൈയിങ് പാൻ ചൂടാക്കി അതിലേക്ക് ചിക്കൻ വറുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു ചൂടായി വരുമ്പോൾ അതിലേക്ക് ചിക്കൻ കഷ്ണങ്ങൾ ചേർത്ത് നല്ല ഗോൾഡൻ നിറമാവുന്നതു വരെ വറുത്തെടുക്കുക. ഗോൾഡൻ നിറമാവുമ്പോൾ ചിക്കൻ വറുത്ത് കോരി മാറ്റി വയ്ക്കുക.

ശേഷം മറ്റൊരു പാൻ ചൂടാക്കി ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് ചൂടായതിനു ശേഷം ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞതും ഒരു ടീസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ഒരു പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റുക. ശേഷം ഒരു സവാള ക്യൂബ് ആകൃതിയിൽ അരിഞ്ഞതും ഒരു കാപ്സിക്കം ക്യൂബ് ആകൃതിയിൽ അരിഞ്ഞതും കുറച്ച് ഉപ്പും കൂടി ചേർത്ത് ഒരു മിനിറ്റ് ഇളക്കുക. അതിനു ശേഷം ഒരു ടേബിൾ സ്പൂൺ സോയ സോസും 2 ടേബിൾ സ്പൂൺ ടൊമാറ്റോ കെച്ചപ്പും 2 ടേബിൾ സ്പൂൺ ചില്ലി സോസും ചേർത്ത് നന്നായി ഇളക്കുക.

2 ടേബിൾ സ്പൂൺ ചോളപ്പൊടി ഒരു കപ്പ് വെള്ളത്തിൽ കലക്കി യോജിപ്പിച്ചതിനു ശേഷം പാനിലേക്ക് ഒഴിച്ചു നന്നായി ഇളക്കുക. വെള്ളം ആവശ്യമെങ്കിൽ ചേർത്ത് കൊടുക്കുക. ശേഷം ഒരു ടീസ്പൂൺ പഞ്ചസാരയും ആവശ്യമെങ്കിൽ ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. എന്നിട്ട് വറുത്ത് വച്ചിട്ടുള്ള ചിക്കൻ കഷ്ണങ്ങളും ചേർത്ത് നന്നായി ഇളക്കുക. സവാള ചെറുതായി അരിഞ്ഞത് അര കപ്പ് ചേർത്ത് ഇളക്കി യോജിപ്പിച്ചശേഷം തീ ഓഫാക്കുക. സ്വാദിഷ്ടമായ ചില്ലി ചിക്കൻ റെഡി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.