ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ വളരെ രുചികരമായ 'ചിക്കൻ മപ്പാസ്'. പ്രഭാതഭക്ഷണത്തിന്റെ കൂടെയും ചോറിനും അത്താഴത്തിനും ഇത് മാത്രം മതി. അപ്പം, ഇടിയപ്പം എന്നിവയൊടൊപ്പം ഏറ്റവും നല്ല കോമ്പിനേഷനാണിത്.
ആവശ്യമുള്ള ചേരുവകൾ
ആദ്യം ചിക്കനിലേക്ക് അര ടീസ്പൂൺ വീതം മഞ്ഞൾപ്പൊടി, കുരുമുളക്, ഉപ്പ് എന്നിവ ചേർത്ത് നല്ലവണ്ണം പുരട്ടി അര മണിക്കൂർ മാറ്റി വയ്ക്കുക.
മറ്റ് ചേരുവകൾ
പട്ട - രണ്ട് കഷ്ണം
ഗ്രാമ്പൂ – 6
ഏലക്കായ – 3
ജാതിയുടെ തോൽ – ഒരു ചെറുത്
കുരുമുളക് – ഒരു ടീസ്പൂൺ, പെരുംജീരകം – ഒരു ടീസ്പൂൺ
രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി മുകളിൽ കൊടുത്തിരിക്കുന്ന ചേരുവകൾ എല്ലാം 30 സെക്കൻഡ് വഴറ്റുക. ഇതിലേക്ക് ഒന്നര ടേബിൾ സ്പൂൺ വീതം ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് കൂടി ചേർത്ത് വഴറ്റി രണ്ട് വലിയ സവാള നീളത്തിൽ അരിഞ്ഞത് അല്പം ഉപ്പു കൂടി ചേർത്ത് അടച്ചുവച്ച് വേവിക്കുക.
മസാലപ്പൊടികൾ
മല്ലിപ്പൊടി – ഒരു ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
ഗരം മസാല – അര ടീസ്പൂൺ
കുരുമുളകുപൊടി – ഒരു ടീസ്പൂൺ
വഴറ്റി വച്ചിരിക്കുന്ന ഉള്ളിയിലേക്ക് മസാലപ്പൊടികൾ ചേർത്ത് ഇളക്കുക. പച്ചമണം മാറിയതിനുശേഷം ഇതിലേക്ക് ഒരു വലിയ തക്കാളിയും രണ്ട് പച്ചമുളകും ഒരു തണ്ട് കറിവേപ്പിലയും കൂടി ചേർത്ത് നന്നായി ഇളക്കി അല്പസമയം വഴറ്റി എടുക്കുക. ഇതിലേക്ക് നേരത്തെ മാറ്റി വച്ചിരിക്കുന്ന ചിക്കൻ കഷണങ്ങൾ ചേർത്ത് ഇളക്കി ചെറിയ തീയിൽ 5 മിനിറ്റ് വേവിച്ചെടുക്കുക.
അതിനുശേഷം ഒന്നര കപ്പ് തേങ്ങയുടെ രണ്ടാം പാൽ ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചുവെച്ച് 20 മിനിറ്റ് വേവിച്ചെടുക്കുക. ചിക്കൻ വെന്തതിനു ശേഷം തേങ്ങയുടെ ഒന്നാം പാലും കാൽ ടീസ്പൂൺ ഗരം മസാല, കാൽ ടീസ്പൂൺ കുരുമുളകുപൊടി ഇവയെല്ലാം ചേർത്ത് നന്നായി ഇളക്കുക. അതിനുശേഷം ഒരു തക്കാളി വട്ടത്തിൽ അരിഞ്ഞത് അതിനു മുകളിലായി നിരത്തുക. തീ ഓഫ് ചെയ്തതിനു ശേഷം ഇതിലേക്ക് വറുത്തിടാം.
വറവിന് ആവശ്യമായ ചേരുവകൾ
ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ
ഒരു ടീസ്പൂൺ കടുക്
നാല് ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞത്
ഒരു തണ്ട് കറിവേപ്പില
വെളിച്ചെണ്ണ ചൂടാക്കി അതിനുശേഷം മുകളിൽ കൊടുത്തിരിക്കുന്ന എല്ലാ ചേരുവകളും ചേർത്ത് ഇളം ബ്രൗൺ നിറമാകുന്നതു വരെ വഴറ്റുക. അതിനുശേഷം കറിയിലേക്ക് ഒഴിച്ച്, ചൂടോടെ തന്നെ ചിക്കൻ മപ്പാസ് വിളമ്പാം.