മാംസാഹാരം കഴിക്കുന്നവരിൽ ഏറെപ്പേരും ഇഷ്ടപ്പെടുന്ന വിഭവമാണ് ഫ്രൈഡ് ചിക്കനുകൾ. എണ്ണയിൽ വറുത്തെടുത്ത ഭക്ഷണം ആരോഗ്യത്തിന് നല്ലതല്ലെങ്കിലും, മിതമായ രീതിയിൽ കഴിക്കുന്നതിൽ തെറ്റില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ലോകത്തെ ഏറ്റവും മികച്ച പത്ത് ഫ്രൈഡ് ചിക്കൻ വിഭവങ്ങളുടെ കൂട്ടത്തിൽ ദക്ഷിണേന്ത്യക്കാരുടെ പ്രിയ വിഭവമായ ‘ചിക്കൻ 65’ ഇടം നേടിയിട്ടുണ്ട്.
ഇഞ്ചി, വെളുത്തുള്ളി, വറ്റൽ മുളക്, മറ്റ് ചില സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവയിൽ മാരിനേറ്റ് ചെയ്ത്ശേഷം ഡീപ്-ഫ്രൈ ചെയ്തെടുക്കുന്ന വിഭവം എന്നാണ് 'ചിക്കൻ 65' നെ പറയുന്നത്. 1960കളിൽ തമിഴ്നാട്ടിലെ ചെന്നൈയിലാണ് ചിക്കൻ 65ന്റെ ഉത്ഭവമെന്നും പറയപ്പെടുന്നു. ഇതെങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ചേരുവകൾ
ചിക്കൻ - 750 ഗ്രാം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾ സ്പൂൺ
ഗരം മസാല - 1 ടീസ്പൂൺ
കാശ്മീരി റെഡ് ചില്ലി പൗഡർ - 2 ടേബിൾ സ്പൂൺ
കുരുമുളക് പൊടി - 1 ടീസ്പൂൺ
ഉപ്പ് - 1 ടീസ്പൂൺ
തൈര് - 3 ടീസ്പൂൺ
കറിവേപ്പില - ചെറുതായി അരിഞ്ഞത്
മുട്ട - 1
കോൺ ഫ്ലോർ + മൈദ - 1/4 ടേബിൾ സ്പൂൺ
എണ്ണ ആവശ്യത്തിന്
അലങ്കരിക്കാൻ
പച്ചമുളക്
കറിവേപ്പില
നാരങ്ങ
ഉള്ളി കനം കുറച്ച് വട്ടത്തിൽ അരിഞ്ഞത്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ ചിക്കൻ കഷ്ണങ്ങൾ എടുക്കുക. അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഗരം മസാല, കാശ്മീരി ചില്ലി പൗഡർ, കുരുമുളക് പൊടി, ഉപ്പ്, തൈര്, കറിവേപ്പില എന്നിവ ചേർത്തു നന്നായി യോജിപ്പിച്ചു വെക്കുക.
ചുരുങ്ങിയത് 1 മണിക്കൂർ മസാലപുരിട്ടി വയ്ക്കണം.
അതിന് ശേഷം മുട്ട, കോൺ ഫ്ലോർ, മൈദ എന്നിവ ചിക്കൻ കഷ്ണങ്ങളിൽ ചേർത്ത് നന്നായി ഇളക്കി വെക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി ചിക്കൻ കഷ്ണങ്ങൾ വറുത്തു കോരി എടുക്കുക.
അതേ എണ്ണയിൽ പച്ചമുളകും കറിവേപ്പിലയും വറുത്തെടുക്കുക.
വറത്തുത്തെടുത്ത ചിക്കനിലേക്കു ഇത് ചേർക്കുക. അതിനൊപ്പം ഉള്ളിയും നാരങ്ങയും വച്ച് അലങ്കരിക്കാം.