
തിന്മയുടെ മേൽ നന്മ നേടിയ വിജയമാണ് ദീപാവലി അഥവാ ദീപങ്ങളുടെ ആഘോഷം. ലോകമെങ്ങും അതിനു മാറ്റമില്ല. ദീപാവലി മധുരത്തിന്റെ കൂടി ആഘോഷമാണ്. കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉത്തരേന്ത്യൻ വിഭവങ്ങളാണ് ഇന്നും മധുരം കൂട്ടുന്നത്. ഇവയെല്ലാം നമ്മുടെ കൊച്ചു കേരളത്തിലും വിപണി കീഴടക്കിയിട്ട് വര്‍ഷങ്ങളായി. ഒരു ഉത്തരേന്ത്യൻ ദീപാവലി മധുരമാണ് ശ്രീഖണ്ഡ്. ഇതെങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം
ആവശ്യമായ സാധനങ്ങൾ
പുളിയില്ലാത്ത തൈര് - 2 കപ്പ്
പഞ്ചസാര പൊടിച്ചത് - 1 കപ്പ്
ഏലയ്ക്കാ പൊടിച്ചത് - അര ടീസ്പൂൺ
ബദാം, അണ്ടിപ്പരിപ്പ് - 5 എണ്ണം വീതം ചെറുതായി അരിഞ്ഞത്
ചെറിപ്പഴം - 5 എണ്ണം ചെറുതായി അരിഞ്ഞത്
കുങ്കുമപ്പൂവ് - ഏതാനും അല്ലികൾ
പാകം ചെയ്യുന്ന വിധം
തൈര് ഒരു മസ്ലിൻ തുണിയിൽ കെട്ടിവച്ച് അതിലെ വെള്ളമയം പൂർണമായും നീങ്ങുംവരെ തൂക്കിയിടുക. ഇത് ഒരു ബൗളിൽ എടുത്തു പഞ്ചസാര പൊടിച്ചത്, ഏലയ്ക്കാപ്പൊടി, കുങ്കുമപ്പൂവ് എന്നിവ ചേർത്ത് ഹാൻഡ് ബീറ്റർ കൊണ്ടോ സ്പൂൺ ഉപയോഗിച്ചോ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം ഫ്രിജിൽ രണ്ടു മണിക്കൂർ വയ്ക്കുക. പുറത്തെടുത്ത ശേഷം ബദാം, അണ്ടിപ്പരിപ്പ്, ചെറി ഇവ അരിഞ്ഞത് ചേർത്തു വിളമ്പാം.