
സദ്യയുടെ ഇലത്തലയ്ക്കൽ ആരോഗ്യഗുണങ്ങളും രുചി വൈവിധ്യവുമുള്ള '108 കറി'ക്ക് തുല്യമായ ഇഞ്ചിക്കറിക്ക് തന്നെയാണ് സ്ഥാനം. ഓണ വിഭവങ്ങളിൽ മുൻ നിരയിൽ തന്നെയാണ് തൊടുകറി രൂപത്തിലുള്ള ഈ വിഭവം. സദ്യ വിളമ്പുന്നെങ്കിൽ ഇഞ്ചിക്കറി നിർബന്ധമാണ് തിരുവിതാംകൂറുകാർക്ക്. മലബാർ ഭാഗത്ത് പുളിയിഞ്ചി എന്ന അല്പം വ്യത്യസ്തമായ വിഭവമാണ് ഉപയോഗിക്കുന്നത്.
ചേരുവകൾ
ഇഞ്ചി - 250 ഗ്രാം
പുളി - 100 ഗ്രാം
മഞ്ഞൾ പൊടി - ½ ടീസ്പൂൺ
മുളകുപൊടി - ¾ ടീസ്പൂൺ
പച്ചമുളക് - 3 എണ്ണം
കടുക് - 1 ടീസ്പൂൺ
വറ്റൽ മുളക് - 3 എണ്ണം
വെള്ളം
ശർക്കര
ഉപ്പ്
വെളിച്ചെണ്ണ
കറിവേപ്പില
തയാറാക്കുന്ന വിധം
പുളി, വെള്ളത്തിൽ ഇട്ടു നന്നായി പിഴിഞ്ഞ് അരിച്ചെടുത്തു വയ്ക്കണം.
ഇഞ്ചി രണ്ടു ടേബിൾസ്പൂൺ ചെറുതായി മുറിച്ചെടുക്കണം.
ബാക്കി ഇഞ്ചി കനം കുറച്ചു വട്ടത്തിൽ അരഞ്ഞെടുക്കണം.
ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ വറുക്കാനുള്ള ഇഞ്ചി ചേർത്തു നല്ല ക്രിസ്‍പി ആകുന്നതുവരെ വറുത്ത് കോരി മാറ്റി വയ്ക്കണം.
വറുത്ത ഇഞ്ചി തണുക്കുമ്പോൾ പൊടിച്ചു വയ്ക്കണം.
ഇഞ്ചി വറുത്ത എണ്ണയിൽ ചെറുതാക്കി മുറിച്ച ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി മൊരിഞ്ഞു വരുമ്പോൾ ഇതിലേക്കു പുളി വെള്ളം ചേർത്തു കൊടുക്കുക. പുളി വെള്ളത്തിലേക്കു മഞ്ഞൾ പൊടി, മുളകുപൊടി, ഉപ്പ്, ശർക്കര എന്നിവ ചേർത്തു യോജിപ്പിക്കുക.പുളി വെള്ളം തിളച്ചു കുറുകി വരുമ്പോൾ വറത്തു പൊടിച്ച ഇഞ്ചി കൂടി ചേർത്തു യോജിപ്പിക്കുക. വെള്ളം നന്നായി വറ്റി എണ്ണ തെളിഞ്ഞു വരുമ്പോൾ വാങ്ങി വയ്ക്കാം.
ഒരു ചെറിയ ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുകും വറ്റൽ മുളകും കറിവേപ്പിലയും ചേർത്തു മൂപ്പിച്ച ശേഷം ഇഞ്ചി കറിയിലേക്കു ചേർത്തു കൊടുക്കാം.