
മുൻ ആഴ്‌സണൽ താരം തോമസ് പാർടെക്കെതിരെ ലൈംഗികാതിക്രമ പരാതിയിൽ കേസെടുത്ത് ക്രൗൺ പ്രോസിക്യൂഷൻ സർവീസ്. 2021, 2022 വർഷങ്ങളിൽ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് സ്ത്രീകൾ നൽകിയ പരാതിയിലാണ് നടപടി. ബലാത്സംഗവും, ലൈംഗികാതിക്രമവും ഉൾപ്പെടെ ആറ് വകുപ്പുകളാണ് താരത്തിനെതിരെ ചുമത്തിയിട്ടുള്ളത്. ആഗസ്റ്റ് അഞ്ചിന് താരം വെസ്റ്റ് മിനിസ്റ്റർ കോടതിക്ക് മുമ്പിൽ ഹാജരാവും.
"കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. പോലീസ് അന്വേഷണവുമായി മുമ്പോട്ട് പോകുന്നു. കേസിനോടനുബന്ധിച്ച് മറ്റു വിവരങ്ങൾ പുറത്ത് വിടാൻ സാധിക്കില്ല." - സിപിഎസ് പ്രതിനിധി ജസ്വന്ത് നർവാൾ പറഞ്ഞു.
ഘാനയിലെ ക്രൊബോ സ്വദേശിയായ പാർടെ 2012 ൽ അത്ലറ്റികോ മാഡ്രിഡിലൂടെയാണ് സീനിയർ ടീമിനായി കളിക്കുന്നത്. ലോണിൽ മയോർക്കക്കും ലെഗാനസിനും വേണ്ടി കളിച്ച താരം 2020 ൽ ആഴ്സണലിലേക്ക് കൂടുമാറി. ഘാനക്കായി 53 മത്സരങ്ങൾ കളിച്ച പാർടെ 15 ഗോളുകൾ നേടിയിട്ടുണ്ട്.