സയീദ് മുഷ്താഖ് അലി ട്രോഫി: റെയിൽവേസിനെതിരെ കേരളത്തിനു തോൽവി | Syed Mushtaq Ali Trophy

32 റൺസിനാണ് കേരളം പരാജയപ്പെട്ടത്, 25 പന്തിൽ 19 റൺസെടുത്ത സഞ്ജുവാണ് ടോപ് സ്കോറർ
Sanju Samson
Updated on

സയീദ് മുഷ്താഖ് അലി ടൂർണമെന്‍റിൽ റെയിൽവേസിനെതിരെ കേരളത്തിനു തോൽവി. 32 റൺസിനാണ് കേരളം പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ റെയിൽവേസ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് 117 റൺസ് നേടാനെ സാധിച്ചുള്ളൂ. 19 റൺസ് നേടിയ ക‍്യാപ്റ്റൻ സഞ്ജു സാംസണാണ് ടീമിന്‍റെ ടോപ് സ്കോറർ.

റെയിൽവേസിനുവേണ്ടി അടൽ ബിഹാരി റായ് മൂന്നും ശിവം ചൗധരി രണ്ടും അക്ഷത് പാണ്ഡെ, രാജ് ചൗധരി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ടൂർണമെന്‍റിൽ ടീമിന്‍റെ ആദ‍്യത്തെ തോൽവിയാണിത്. ഒഡീഷക്കെതിരേ നടന്ന കഴിഞ്ഞ മത്സരത്തിൽ കേരളം‌ 10 വിക്കറ്റിന് വിജയിച്ചിരുന്നു.

ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ഒന്നാം വിക്കറ്റിൽ 25 റൺസ് ഓപ്പണർമാരായ സഞ്ജുവും രോഹൻ കുന്നുമ്മലും (8) ചേർത്തതിനു പിന്നാലെ ആദ‍്യ വിക്കറ്റ് ടീമിനു നഷ്ടമായി. രോഹന്‍റെ വിക്കറ്റാണ് നഷ്ടമായത്. അഭിഷേക് പാണ്ഡെയ്ക്കായിരുന്നു വിക്കറ്റ്. ഇതിനു പിന്നാലെയെത്തിയ അഹമ്മദ് ഇമ്രാൻ (12) സഞ്ജുവിനൊപ്പം ചേർ‌ന്ന് ടീമിനെ മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ഒമ്പതാം ഓവറിൽ ഇമ്രാനും തൊട്ടു പിന്നാലെ സഞ്ജുവും പുറത്തായത് ടീമിന് തിരിച്ചടിയായി. പിന്നീട് ക്രീസിലെത്തിയ വിഷ്ണു വിനോദ് (7), അബ്ദുൾ ബാസിത് (7) എന്നിവരും നിരാശപ്പെടുത്തിയതോടെ ടീം സ്കോർ 13 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 58 റൺസെന്ന നിലയിലായി.

തുടർന്ന്, സൽമാൻ നിസാറും (18) അഖിൽ സ്കറിയയും (16) അൽപ്പം പ്രതീക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. അടൽ‌ ബിഹാരി ഇരുവരെയും പുറത്താക്കിക്കൊണ്ട് കേരളത്തിന്‍റെ പ്രതീക്ഷകൾ അവസാനിപ്പിച്ചു. 11 പന്തുകൾ നേരിട്ട് 15 റൺസടിച്ച് അങ്കിത് ശർമ പുറത്താവാതെ നിന്നെങ്കിലും കേരളത്തെ വിജയത്തിലേക്ക് നയിക്കാൻ കഴിഞ്ഞില്ല. നാലു റൺസ് നേടി എം.ഡി. നിധീഷും അങ്കിതിനൊപ്പം പുറത്താവാതെ നിന്നു.

Related Stories

No stories found.
Times Kerala
timeskerala.com