

സൂപ്പർ കപ്പ് ഫുട്ബോളിൽ സൂപ്പർ പ്രകടനം തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ്. ബാംബോലിം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 3–0ന് സ്പോർടിങ് ക്ലബ് ഡൽഹിയെ തോൽപിച്ചു. സ്പാനിഷ് സ്ട്രൈക്കർ കോൾഡോ ഒബിയേറ്റ, കോറോ സിങ് എന്നിവരാണു ബ്ലാസ്റ്റേഴ്സിന് വിജയഗോളുകൾ സമ്മാനിച്ചത്. ആദ്യ മത്സരത്തിൽ രാജസ്ഥാനെ തോൽപിച്ച ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ 2–ാം വിജയമാണിത്. 2 കളികളിലും ബ്ലാസ്റ്റേഴ്സ് ഗോൾ വഴങ്ങിയില്ലെന്നതും ശ്രദ്ധേയമായി. അടുത്ത മത്സരം 6 ന് മുംബൈ സിറ്റി എഫ്സിക്കെതിരെ.
2 മാറ്റങ്ങളുമായാണ് കോച്ച് ഡേവിഡ് കറ്റാല ബ്ലാസ്റ്റേഴ്സിനെ ഇന്നലെ ഇറക്കിയത്. ഡൂസൻ ലഗേറ്റർ, നോവ സദൂയി എന്നിവർ ആദ്യ ഇലവനിൽ ഇടം നേടി. 18, 28 മിനിറ്റുകളിലായിരുന്നു കോൾഡോയുടെ ഗോളുകൾ. രണ്ടാം ഗോളിനു വഴിയൊരുക്കിത് മലയാളി താരം നിഹാൽ സുധീഷ്. 33–ാം മിനിറ്റിൽ അഡ്രിയൻ ലൂണ നൽകിയ പന്തിൽനിന്നു കോറോ സിങ് ബ്ലാസ്റ്റേഴ്സിന്റെ 3–ാം ഗോളും നേടി.