

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിനു പുതിയ സ്പോൺസറെ കണ്ടെത്താൻ വീണ്ടും ടെൻഡർ വിളിക്കാനുള്ള അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) നടപടികൾ വൈകും. പുതിയ ടെൻഡറിൽ നിബന്ധനകൾ ലഘൂകരിക്കണമെങ്കിൽ സുപ്രീംകോടതി അനുമതി ലഭിക്കണം.
ആദ്യത്തെ ടെൻഡറിൽ അപേക്ഷകൾ ലഭിക്കാത്തതിന്റെ കാരണങ്ങളും ഫെഡറേഷന്റെ ആവശ്യങ്ങളും ഉൾപ്പെടുത്തിയുള്ള റിപ്പോർട്ട് ഇന്നലെ കോടതിയിൽ സമർപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, നടപടിയുണ്ടായില്ല. ഐഎസ്എൽ ബിഡ് ഇവാല്യുവേഷൻ കമ്മിറ്റി ചെയർമാൻ ജസ്റ്റിസ് എൽ.നാഗേശ്വര റാവുവാണ് റിപ്പോർട്ട് സമർപ്പിക്കുക.
അതേസമയം, ഐഎസ്എൽ പ്രതിസന്ധിയെ തുടർന്നു കേരള ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിന്റെ പരിശീലന ക്യാംപ് പിരിച്ചുവിട്ടു. സീനിയർ ടീമിന്റെ ക്യാംപും പരിശീലനവും തുടരുന്നതു വൻ സാമ്പത്തിക ബാധ്യതയാകും എന്നതിനാലാണു നടപടി. ഇതോടെ വിദേശ കളിക്കാർ ഇന്ത്യ വിട്ടു. സ്പാനിഷ് കോച്ച് ഡേവിഡ് കറ്റാലയും നാട്ടിലേക്കു മടങ്ങി. ടീമിലെ ഇന്ത്യൻ കളിക്കാരും ക്യാംപ് വിട്ടു. എന്നാൽ, ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീം ക്യാംപ് തുടരും. യൂത്ത് ലീഗ് ഉൾപ്പെടെ ടൂർണമെന്റുകൾ ഉള്ളതിനാലാണ് യുവ ടീമിന്റെ ട്രെയ്നിങ് തുടരുന്നത്.