സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സിന് സൂപ്പർ തുടക്കം; രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സിയെ പരാജയപ്പെടുത്തി | Super Cup

നവംബർ 3ന് എസ്.സി ഡൽഹിക്കെതിരെയാണ് മഞ്ഞപ്പടയുടെ അടുത്ത മത്സരം.
Blasters
Published on

സൂപ്പർകപ്പിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം. ഗോവയിലെ ജി.എം.സി ബാംബോളിം സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഡിയെ പോരാട്ടത്തിൽ രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സിയെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഏകപക്ഷീയമായ ഒരു ഗോളിന് (1-0) പരാജയപ്പെടുത്തിയത്.

സ്പാനിഷ് മുന്നേറ്റതാരം കോൾഡോ ഒബിയെറ്റ(87) അരങ്ങേറ്റ മത്സരത്തിൽ തന്നെ നേടിയ തകർപ്പൻ ഹെഡർ ഗോളാണ് മഞ്ഞപ്പടക്ക് മൂന്ന് പോയിന്റ് സമ്മാനിച്ചത്. ക്യാപ്ടൻ അഡ്രിയാൻ ലൂണ, കോൾഡോ ഒബിയെറ്റ, ഹുവാൻ റോഡ്രിഗസ് എന്നീ വിദേശ കരുത്തുമായാണ് പരിശീലകൻ ഡേവിഡ് കാറ്റല ടീമിനെ കളത്തിലിറക്കിയത്. കളി തുടങ്ങിയത് മുതൽ ബ്ലാസ്റ്റേഴ്‌സ് ആധിപത്യം പുലർത്തി. ലൂണയുടെ നേതൃത്വത്തിൽ മധ്യനിര കളി നിയന്ത്രിച്ചപ്പോൾ രാജസ്ഥാൻ ലോങ്പാസുകളിലൂടെ തിരിച്ചടിക്കാൻ ശ്രമിച്ചു.

ആദ്യ പകുതിയിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ഗോളിനടുത്തെത്തി. 21-ാം മിനിറ്റിൽ ലഭിച്ച കോർണറിൽ ഡാനിഷ് ഫാറൂഖിന്റെ ശക്തമായ ഹെഡർ പോസ്റ്റിനെ ഇളക്കി മടങ്ങിയത് ആരാധകരെ നിരാശയിലാക്കി. നിഹാൽ സുധീഷ് ഇടത് വിങ്ങിലൂടെ നിരന്തരം ഭീഷണി ഉയർത്തിയെങ്കിലും രാജസ്ഥാൻ പ്രതിരോധക്കോട്ട ഭേദിക്കാനായില്ല. ഗോൾരഹിതമായിരുന്നു ആദ്യ പകുതി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോൾകീപ്പർ നോറ ഫെർണാണ്ടസിന്റെ നിർണ്ണായക സേവാണ് ബ്ലാസ്റ്റേഴ്‌സിന് തുണയായത്. 51-ാം മിനിറ്റിൽ കളിയുടെ വഴിത്തിരിവായി. കോൾഡോ നൽകിയ ത്രൂ ബോളിൽ മുന്നേറിയ നിഹാലിനെ ഫൗൾ ചെയ്തതിന് രാജസ്ഥാൻ പ്രതിരോധതാരം ഗുർസിമ്രത്ത് സിങ്ങിന് റഫറി നേരിട്ട് ചുവപ്പ് കാർഡ് നൽകി പുറത്താക്കി. പത്തുപേരായി ചുരുങ്ങിയതോടെ രാജസ്ഥാൻ പ്രതിരോധത്തിലേക്ക് വലിഞ്ഞു. പകരക്കാരായി വന്ന നോഹ സദോയിയും ഫ്രെഡി ലാൽവമ്മാമയും ആക്രമണത്തിന് പുതിയ ഊർജ്ജം നൽകി.

ഒടുവിൽ 87-ാം മിനിറ്റിൽ മഞ്ഞപ്പടയുടെ കാത്തിരിപ്പ് അവസാനിച്ചു. ഹുവാൻ റോഡ്രിഗസ് വലതുവിങ്ങിൽ നിന്ന് നൽകിയ ക്രോസ്സിൽ പ്രതിരോധ താരങ്ങളെ മറികടന്ന് കുതിച്ചുയർന്ന കോൾഡോ ഒബിയെറ്റയുടെ മികച്ച ഹെഡ്ഡർ. ബ്ലാസ്റ്റേഴ്‌സിനായുള്ള കോൾഡോയുടെ അരങ്ങേറ്റ ഗോൾ കൂടിയായിരുന്നു ഇത്. ശേഷിച്ച സമയം ഈ ലീഡ് നിലനിർത്താൻ ബ്ലാസ്റ്റേഴ്‌സിനായി. നവംബർ 3ന് എസ്.സി ഡൽഹിക്കെതിരെയാണ് മഞ്ഞപ്പടയുടെ അടുത്ത മത്സരം.

Related Stories

No stories found.
Times Kerala
timeskerala.com