
കേരള ബ്ലാസ്‌റ്റേഴ്‌സ് ഉടമകളായ മാഗ്നം സ്‌പോര്‍ട്‌സ് ക്ലബിന്റെ 100 ശതമാനം ഓഹരികളും വില്‍ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. 2014 ൽ ആണ് കേരള ബ്ലാസ്റ്റേഴ്‌സ് രൂപീകരിച്ചത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍, പ്രസാദ് പൊട്ട്‌ലൂരി തുടങ്ങിയവരായിരുന്നു ക്ലബിന്റെ ആദ്യ ഉടമകള്‍. എന്നാല്‍ പിന്നീട് ഇവര്‍ ക്ലബിന്റെ ഉടമസ്ഥാവകാശം വിറ്റു.
2018ലാണ് മാഗ്നം സ്‌പോര്‍ട്‌സ് കെബിഎഫ്‌സിയുടെ ഉടമകളാകുന്നത്. പ്രസാദ് നിമ്മഗദ്ദ, നടന്‍ ചിരഞ്ജീവി, നിര്‍മ്മാതാവ് അല്ലു അരവിന്ദ് തുടങ്ങിയവര്‍ മാഗ്നം സ്‌പോര്‍ട്‌സിന്റെ ഭാഗമാണ്. പഴയ എഫ്‌സി കൊച്ചിന്‍ ക്ലബിന്റെ ഉടമകള്‍ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാന്‍ ശ്രമിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഐഎസ്എല്ലിന്റെ പ്രഥമ സീസണ്‍ മുതല്‍ കളിക്കുന്നുണ്ടെങ്കിലും ഇതുവരെ ബ്ലാസ്റ്റേഴ്‌സിന് കിരീടം നേടാനായിട്ടില്ല. 2014, 2016, 2021-22 സീസണുകളില്‍ റണ്ണേഴ്‌സ് അപ്പുകളായതാണ് വലിയ നേട്ടം. ലീഗില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ലബാണ് ബ്ലാസ്റ്റേഴ്‌സ്. എന്നാല്‍ ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ടീമിന് ഇതുവരെ സാധിച്ചിട്ടില്ല.
നിലവില്‍ ക്ലബ് പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് വിവരം. ഒക്ടോബര്‍ 25ന് ആരംഭിക്കുന്ന സൂപ്പര്‍ കപ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമറിയിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രീ സീസണ്‍ പരിശീലനവും ആരംഭിച്ചിട്ടില്ല. ഐഎസ്എല്‍ എന്ന് തുടങ്ങുമെന്നതിലെ അനിശ്ചിതത്വം തിരിച്ചടിയായി. ഡിസംബറില്‍ ഐഎസ്എല്‍ ആരംഭിച്ചേക്കുമെന്നാണ് സൂചന. ഇതിനിടെയാണ്, ബ്ലാസ്റ്റേഴ്‌സ് വില്‍ക്കുന്നുവെന്ന സ്ഥിരീകരിക്കാത്ത വാർത്തകളും പുറത്തുവരുന്നത്.