കേരള ബ്ലാസ്റ്റേഴ്സിലെ പ്രമുഖരെല്ലാം കളം വിടുന്നു. ക്യാപ്റ്റൻ അഡ്രിയൻ ലൂണയുമായുള്ള വഴി പിരിയൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സ്ട്രൈക്കറായും വിങ്ങറായുമെല്ലാം കളിച്ച ഇഷാൻ പണ്ഡിതയും ടീം വിട്ടു. സെന്റർ ബാക്കുകളായ മിലോസ് ഡ്രിൻസിച്ചും ഹോർമിപാമും ടീം വിടും. പഴയ ടീമിലെ പ്രമുഖരെല്ലാം ഒഴിഞ്ഞു പോകുന്നതോടെ, കോച്ച് ദവീദ് കറ്റാലക്ക് പുതിയൊരു ടീമിന് രൂപം കൊടുക്കേണ്ടി വരും.
ലൂണ പോയാൽ പകരക്കാരൻ ആരെന്ന ചോദ്യത്തിനുള്ള സാധ്യതാ ഉത്തരമാണ് ചെന്നൈയിൻ എഫ്സിയുടെ സ്കോട്ടിഷ് ഫോർവേഡായ കോണർ ഷീൽഡ്സ്. കോണറിനായി ഈസ്റ്റ് ബംഗാളും ബെംഗളൂരു എഫ്സിയുമെല്ലാം രംഗത്തുണ്ട്. ചെന്നൈയ്ക്കായി കഴിഞ്ഞ രണ്ടു സീസണുകളിൽ അദ്ദേഹം കളിച്ചത് 49 മത്സരങ്ങൾ. 6 ഗോളടിച്ചു, 12 ഗോളുകൾക്കു വഴിയുമൊരുക്കി.
സ്പാനിഷ് സെന്റർ ഫോർവേഡ് സെർജിയോ കാസ്റ്റെൽ, മൊറോക്കൻ സെന്റർ ബാക്കുകളായ ആദിൽ താഹിഫ്, സുലൈമാൻ അൽ അംറാനി എന്നിവരുടെ പേരുകളും ചർച്ചകളിലുണ്ട്. അമയ് രണവാഡെയുമായി കരാർ ഒപ്പിട്ടതായി ക്ലബ് പ്രഖ്യാപിച്ചതാണു സീസണിലെ ആദ്യ ഔദ്യോഗിക സൈനിങ്. ഒഡീഷ എഫ്സിക്കു വേണ്ടി കഴിഞ്ഞ രണ്ടു സീസണുകളിൽ രണവാഡെ പുറത്തെടുത്ത മികവാണു ബ്ലാസ്റ്റേഴ്സിനെ ആകർഷിച്ചത്. ക്ലബ് കരാറൊപ്പിട്ട മറ്റൊരു താരം മോഹൻ ബഗാനിൽ നിന്നെത്തിയ യുവ ഗോൾകീപ്പർ അർഷ് ഷെയ്ഖാണ്.