ജൂനിയർ ഹോക്കി ലോകകപ്പിന് ഇന്നു തുടക്കം | Hockey

ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്ന് ചിലിയെ നേരിടും.
Indian coach
Updated on

ജൂനിയർ ഹോക്കി പുരുഷ ലോകകപ്പിന് ഇന്ന് തമിഴ്‌നാട്ടിൽ തുടക്കം. മധുരയിലും ചെന്നൈയിലുമായി നടക്കുന്ന ലോകകപ്പിൽ 24 ടീമുകളാണ് പങ്കെടുക്കുന്നത്. 7 മത്സരങ്ങൾ നടക്കുന്ന ആദ്യദിനത്തിൽ ആതിഥേയരായ ഇന്ത്യയും ഇന്ന് കളത്തിലിറങ്ങും.

ചെന്നൈയിൽ രാത്രി 8.30ന് നടക്കുന്ന പൂൾ ബി മത്സരത്തിൽ ചിലിയാണ് ഇന്ത്യയുടെ എതിരാളികൾ. മധുരയിൽ ഇന്നു രാവിലെ 9ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ ജർമനി, ദക്ഷിണാഫ്രിക്കയെ നേരിടും. മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് ചാനലിലും ജിയോ ഹോട്സ്റ്റാറിലും തൽസമയം.

24 ടീമുകളെ 6 ഗ്രൂപ്പുകളായി തിരിച്ചുള്ള ആദ്യ ഘട്ടത്തിൽ, റൗണ്ട് റോബിൻ ഫോർമാറ്റിലാണ് മത്സരങ്ങൾ. ഒമാൻ, സ്വിറ്റ്സർലൻഡ് എന്നിവയാണ് ഗ്രൂപ്പിലെ ഇന്ത്യയുടെ മറ്റു എതിരാളികൾ. രണ്ടാം മത്സരത്തിൽ ഇന്ത്യ നാളെ ഒമാനെ നേരിടും. 9 വർഷത്തിനുശേഷം ജൂനിയർ ലോകകപ്പ് കിരീടം വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പി.ആർ.ശ്രീജേഷ് പരിശീലിപ്പിക്കുന്ന ഇന്ത്യൻ യുവനിര പോരാട്ടത്തിനിറങ്ങുന്നത്. ജൂനിയർ പുരുഷ ലോകകപ്പിൽ 2 തവണ ജേതാക്കളായ ഇന്ത്യ 2016ൽ ലക്നൗവിൽ നടന്ന ലോകകപ്പിലാണ് അവസാനമായി കിരീടം നേടിയത്.

ലോക റാങ്കിങ്ങിൽ രണ്ടാംസ്ഥാനത്തുള്ള ഇന്ത്യയ്ക്ക് പ്രധാന വെല്ലുവിളി ഒന്നാംസ്ഥാനക്കാരായ ജർമനിയാണ്. 7 തവണ ജൂനിയർ ലോകകപ്പ് കിരീടം നേടിയ ജർമനി 2023ലെ അവസാന ടൂർണമെന്റിലും കിരീടം നേടിയിരുന്നു. 2023ൽ നാലാം സ്ഥാനമായിരുന്നു ഇന്ത്യയുടെ നേട്ടം.

ഡിസംബർ പത്തിനാണ് ലോകകപ്പിന്റെ ഫൈനൽ. മത്സരങ്ങളുടെ ടിക്കറ്റുകൾ സൗജന്യമാണ്. ടിക്കറ്റ്ജെനി വെബ്സൈറ്റിലൂടെയും ഹോക്കി ഇന്ത്യ ആപ്പ് വഴിയും ടിക്കറ്റുകൾ ലഭിക്കും.

Related Stories

No stories found.
Times Kerala
timeskerala.com