ഐഎസ്എലിന് ഇതുവരെ സ്പോൺസർമാരായില്ല; എഐഎഫ്എഫ് വിശ്വാസവഞ്ചന കാട്ടിയെന്ന് ക്ലബുകൾ | ISL 2025

കേരള ബ്ലാസ്റ്റേഴ്സ് അടക്കം 10 ക്ലബുകളാണ് എഐഎഫ്എഫിനെതിരെ രംഗത്തെത്തിയത്
ISL
Published on

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെതിരെ വിമർശനവുമായി ഐഎസ്എൽ ക്ലബുകൾ. ഐഎസ്എലിൻ്റെ പുതിയ സ്പോൺസർമാർക്കായുള്ള ടെൻഡർ ക്ഷണിക്കാത്തതാണ് വിമർശനങ്ങൾക്ക് കാരണം. ഇത് വിശ്വാസവഞ്ചനയാണെന്നും സുപ്രീം കോടതിയിൽ എഐഎഫ്എഫ് നൽകിയ സത്യവാങ്മൂലത്തിൻ്റെ ലംഘനമാണെന്നും ക്ലബുകൾ ആരോപിക്കുന്നു.

ആഗസ്റ്റ് 28ന് നൽകിയ സത്യവാങ്മൂലത്തിൽ ഐഎസ്എൽ സ്പോൺസർമാരെ കണ്ടെത്തുന്നതിനായി സുതാര്യവും തുറന്നതുമായ ടെൻഡർ നടപടികൾ സ്വീകരിക്കുമെന്ന് എഐഎഫ്എഫ് പറഞ്ഞിരുന്നു. ഒക്ടോബർ 15ന് മുൻപ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ഫെഡറേഷൻ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, സ്പോൺസർമാരെ കണ്ടെത്തുന്നതിലുപരി ടെൻഡർ ക്ഷണിക്കാൻ പോലും എഐഎഫ്എഫ് ഇതുവരെ തയ്യാറായില്ലെന്നാണ് കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള ക്ലബുകൾ ആരോപിക്കുന്നത്.

വിഷയത്തിൽ എഐഎഫ്എഫ് പ്രസിഡൻ്റിനും എക്സിക്യൂട്ടിവ് കമ്മറ്റിയ്ക്കും ക്ലബുകൾ സംയുക്തമായി കത്തയച്ചിട്ടുണ്ട്. ടെൻഡർ ക്ഷണിക്കാനുള്ള നടപടികൾ പോലും ഇതുവരെ ആരംഭിച്ചിട്ടില്ലെന്നതും അക്കാര്യത്തിൽ ആശയവിനിമയം നടത്താത്തതും നിരാശാജനകമാണെന്ന് ക്ലബുകൾ പറയുന്നു. ഈ വിഷയത്തിലെ നിശബ്ദത ക്ലബുകളുടെ ആത്മവിശ്വാസം തകർക്കുന്നു. ഇത് വിശ്വാസത്തെ തകർക്കുന്നതാണ് എന്നും കത്തിൽ പറയുന്നു.

സെപ്തംബർ രണ്ടിനുള്ള ഉത്തരവിൽ മുൻ ജഡ്ജിയായ ജസ്റ്റിസ് നാഗേശ്വര റാവുവിനെയാണ് ടെൻഡർ നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ സുപ്രീം കോടതി ചുമതലപ്പെടുത്തിയത്. തുടർന്ന് ജസ്റ്റിസ് നാഗേശ്വര റാവുവിൻ്റെ നേതൃത്വത്തിൽ ഫെഡറേഷൻ ഒരു മൂന്നംഗ സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതിനുശേഷം ഒരു തരത്തിലുള്ള ആശയവിനിമയവും ഉണ്ടായില്ലെന്നാണ് ക്ലബുകളുടെ ആരോപണം.

ബ്ലാസ്റ്റേഴ്സിനെ കൂടാതെ ചെന്നൈയിൻ എഫ്സി, പഞ്ചാബ് എഫ്സി, ഹൈദരാബാദ് എഫ്സി, ബെംഗളൂരു എഫ്സി, എഫ്സി ഗോവ, നോർത്തീസ്റ്റ് യുണൈറ്റഡ്, ഒഡീഷ എഫ്സി, ജംഷഡ്പൂർ എഫ്സി, മുംബൈ സിറ്റി എഫ്സി എന്നീ ക്ലബുകളാണ് ഫെഡറേഷനെതിരെ രംഗത്തുവന്നത്. ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, മുഹമ്മദൻ എന്നീ മൂന്ന് ബംഗാൾ ക്ലബുകൾ ഇതിൽ പങ്കാളികളായിട്ടില്ല.

Related Stories

No stories found.
Times Kerala
timeskerala.com