Kerala Blasters: ദവീദ് കറ്റാല കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ഹെഡ് കോച്ച്

Kerala Blasters
Published on

ദവീദ് കറ്റാല കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ഹെഡ് കോച്ച്. ഔദ്യോഗിക പ്രഖ്യാപനത്തിനായി കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന പത്ര സമ്മേളനത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സിഇഒ അഭിക് ചാറ്റര്‍ജി, സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിങ്കിസ് എന്നിവര്‍ക്കൊപ്പം ദവീദ് കറ്റാലയും മാധ്യമങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു.

ദവീദ് ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നതില്‍ സന്തോഷമുണ്ടെന്നും ടീമിനെ നയിക്കാന്‍ അദ്ദേഹം പ്രാപ്തനാണെന്ന ആത്മവിശ്വാസം ക്ലബിനുണ്ടെന്നും ദവീദ് കറ്റാലയെ സ്വാഗതം ചെയ്തുകൊണ്ട് അഭിക് ചാറ്റര്‍ജി പറഞ്ഞു. അദ്ദേഹത്തിന്റെ അനുഭവ സമ്പത്തും വീക്ഷണവും ക്ലബിന്റെ ലക്ഷ്യങ്ങളുമായി ചേര്‍ന്നുപോകുന്നവയാണ്. ക്ലബിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ സുതാര്യതയോടെ ആരാധകരുമായും മാധ്യമങ്ങളുമായും പങ്ക് വയ്ക്കുവാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്ലബിന്റെ പുതിയ ഹെഡ് കോച്ചായി നിയമിക്കപ്പെട്ട ദവീദ് കറ്റാല ക്ലബിനെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകളും പദ്ധതികളും പങ്കുവച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ട്. വലിയ സാധ്യതകളുള്ള ടീമാണ് ബ്ലാസ്റ്റേഴ്‌സ്, ഒപ്പം ശക്തമായ ആരാധക അടിത്തറയും ക്ലബിനുണ്ട്. ഒരു കോംപാക്ട് ടീമിനെ സജ്ജമാക്കുവാനായിരിക്കും ഞാന്‍ ശ്രമിക്കുന്നത്. അറ്റാക്കിംഗിനും പ്രതിരോധത്തിനും തികഞ്ഞ സന്തുലിത നല്‍കിക്കൊണ്ട് ഓരോ മാച്ചിലും മികച്ച പ്രകടനം കാഴ്ചവെക്കാനാകുന്ന ഒരു ടീമിനെ തയ്യാറാക്കുവാനാണ് ഞങ്ങളുടെ ലക്ഷ്യം. - കറ്റാല കൂട്ടിച്ചേര്‍ത്തു.

' ദവീദ് കറ്റാല ഇപ്പോള്‍ ക്ലബിന്റെ ഹെഡ് കോച്ചായി ചുമതലയേറ്റെടുത്തിരിക്കുന്നതിനാല്‍ അടുത്ത സീസണിലേക്ക് മികച്ച ഒരു ടീമിനെ തയ്യാറാക്കുവാനുള്ള സമയം അദ്ദേഹത്തിന് ലഭിക്കും. ടീമിനെയും അംഗങ്ങളേയും കൃത്യമായി മനസ്സിലാക്കുവാനും വരും സീസണുകളിലേക്കുള്ള കൃത്യമായ തയ്യാറെടുപ്പും ഇതിലൂടെ സാധ്യമാകും. ടീമിനെ വിജയത്തിലേക്ക് നയിക്കുവാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് ഞങ്ങള്‍ പൂര്‍ണമായും വിശ്വസിക്കുന്നു' - കരോളിസ് സ്‌കിങ്കിസ് പറഞ്ഞു.

പത്രസമ്മേളനത്തിലെ പ്രധാന പരാമര്‍ശങ്ങള്‍

1. കോച്ചിംഗ് ഫിലോസഫി: ടീമിലെ ഓരോ അംഗങ്ങളുടേയും ഏറ്റവും മികച്ച പ്രകടനം ഉറപ്പാക്കിക്കൊണ്ട് മികച്ച ടീമിനെ വാര്‍ത്തെടുക്കുന്നതിലാണ് പുതിയ ഹെഡ് കോച്ച് ഊന്നല്‍ നല്‍കുക. അറ്റാക്കിംഗിനും പ്രതിരോധത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സന്തുലിത രീതിയാണ് അദ്ദേഹം ലക്ഷ്യം വയ്ക്കുന്നത്.

2. ടീം അസസ്‌മെന്റും ഭാവി പദ്ധതികളും: ടീമിനാവശ്യമായ കളിക്കാരെ തിരിച്ചറിയുവാനും തെരഞ്ഞെടുക്കുവാനും ഒപ്പം തന്ത്രപരമായ മറ്റ് കാര്യങ്ങളിലും അദ്ദേഹം ക്ലബുമായി ഒരുമിച്ച് പ്രവര്‍ത്തിക്കും.

3. സൂപ്പര്‍ കപ്പും വരും സീസണും: സൂപ്പര്‍ കപ്പില്‍ ശക്തമായ പ്രകടനം കാഴ്ചവയ്ക്കുവാനും വിജയകരമായ ഐഎസ്എല്‍ സീസണുമാണ് ക്ലബ് ലക്ഷ്യമിടുന്നത്.

4. പ്ലയര്‍ റിക്രൂട്ട്‌മെന്റ്: നിലവിലുള്ള സ്‌ക്വാഡ് മികച്ച ടീം തന്നെയാണ്. ഭാവിയിലെ കരാറുകള്‍ കറ്റാലയുടെ തന്ത്രപരമായ കാഴ്ചപ്പാടിനും ടീമിന്റെ ആവശ്യകതകള്‍ക്കും അനുസൃതമായിരിക്കും.

5. ഫാന്‍ എന്‍ഗേജ്‌മെന്റും മറ്റ് പദ്ധതികളും: ആരാധകരുടെ സൗകര്യാര്‍ത്ഥം കൊച്ചിയ്ക്ക് പുറമേ കോഴിക്കോടും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം മാച്ചുകള്‍ നടത്തുന്നതിനുള്ള സാധ്യതകള്‍ ക്ലബ് പരിഗണിക്കുന്നുണ്ട്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ക്ലബും ആരാധകരുമായുള്ള ആശയവിനിമയം കൂടുതല്‍ വ്യക്തവും സുതാര്യവുമാക്കുന്നതിനായി ഫാന്‍ അഡൈ്വസറി ബോര്‍ഡും (FAB) രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

'വരുന്ന സീസണില്‍ ആരാധകര്‍ക്ക് നിരാശപ്പെടേണ്ടി വരില്ല. മുഴുവന്‍ ആരാധകരേയും തൃപ്തരാക്കുന്ന മികച്ച പ്രകടനം ഉറപ്പുനല്‍കുവാന്‍ ഞങ്ങള്‍ക്ക് പ്രതിബദ്ധതയുണ്ട്. അത് സാധ്യമാകുന്ന ഒരു ടീമിനെയാണ് ഞങ്ങള്‍ തയ്യാറാക്കുന്നത്.'- കറ്റാല കൂട്ടിച്ചേര്‍ത്തു

Related Stories

No stories found.
Times Kerala
timeskerala.com