david catala-Kerala Blasters

ഡേവിഡ് കറ്റാല കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ ഹെഡ്‌കോച്ച് | david catala-Kerala Blasters

സൂപ്പര്‍ കപ്പിന് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനൊപ്പം ചേരാന്‍ കറ്റാല ഉടന്‍ കൊച്ചിയിലെത്തും
Published on

കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ( Kerala Blasters) യുടെ പുതിയ ഹെഡ് കോച്ചായി ഡേവിഡ് കറ്റാലയെ (david catala) നിയമിച്ചു. യുറോപ്യന്‍ ഫുട്‌ബോളില്‍ ദീര്‍ഘകാല അനുഭവ സമ്പത്തുള്ള സ്പാനിഷ് ഫുട്‌ബോള്‍ താരമായിരുന്ന കറ്റാല ഉടന്‍ തന്നെ ക്ലബിന്റെ ഹെഡ്‌കോച്ചായി ചുമതലയേല്‍ക്കും. 2026 വരെ ഒരു വര്‍ഷത്തേക്കുള്ള കരാറാണ് കേരള ബ്ലാസ്‌റ്റേഴ്‌സുമായി ഇദ്ദേഹം ഒപ്പുവച്ചിരിക്കുന്നത്. സ്‌പെയിന്‍, സൈപ്രസ് രാജ്യങ്ങളിലായി 500ലേറെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ മത്സരങ്ങളില്‍ ഈ മുന്‍ മധ്യനിര പ്രതിരോധ താരം കളിച്ചിട്ടുണ്ട്.

സൈപ്രിയോട്ട് ഫസ്റ്റ് ഡിവിഷന്‍ ലീഗില്‍ എഇകെ ലാര്‍നക, അപ്പോളോ ലിമാസ്സോള്‍ എന്നീ ക്ലബുകളിലും ക്രൊയേഷ്യന്‍ ഫ്സ്റ്റ് ഫുട്‌ബോള്‍ ലീഗില്‍ എന്‍കെ ഇസ്ത്ര 1961, പ്രൈമേര ഫെഡറേഷ്യനില്‍ സിഇ സബാഡെല്‍ എന്നിവിടങ്ങളിലായിരുന്നു കറ്റാലയുടെ കോച്ചിംഗ് കരിയര്‍.

കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ട്. ഫുട്‌ബോളിന്റെ ആവേശം ഓരോ ശ്വാസത്തിലുമുള്ള നാടാണിത്. ക്ലബിന്റെ സമാനതകളില്ലാത്ത അഭിനിവേശവും മറ്റാര്‍ക്കുമില്ലാത്ത ബൃഹത്തായ ആരാധകവൃന്ദവും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓരോ മത്സരങ്ങളേയും അതിമനോഹരമാക്കുന്നു. വിജയങ്ങളിലേക്കുള്ള ക്ലബിന്റെ യാത്രയില്‍ ഞങ്ങള്‍ ഇനി ഒരുമിച്ച് മുന്നേറും. - ഡേവിഡ് കറ്റാല പറഞ്ഞു.

നിശ്ചയദാര്‍ഢ്യവും, സമ്മര്‍ദ സാഹചര്യങ്ങളെ അതിജീവിക്കുവാന്‍ സാധിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് മാത്രമേ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെപ്പോലുള്ള ഒരു ക്ലബിനെ മുന്നില്‍ നിന്ന് നയിക്കുവാന്‍ സാധിക്കുകയുള്ളൂ. ഡേവിഡ് കറ്റാലയ്ക്ക് അത് സാധ്യമാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ക്ലബിനെ കൂടുതല്‍ ഉയരങ്ങളിലേക്കെത്തിക്കുവാന്‍ അദ്ദേഹത്തിനാകും - കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സിഇഒ അഭിക് ചാറ്റര്‍ജി പറഞ്ഞു.

സൂപ്പര്‍ കപ്പിന് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനൊപ്പം ചേരാന്‍ കറ്റാല ഉടന്‍ കൊച്ചിയിലെത്തും.

Times Kerala
timeskerala.com