സ്റ്റേഡിയം നവീകരണം വൈകിയാൽ ബ്ലാസ്റ്റേഴ്സിനു ഹോം വേദി മാറ്റേണ്ടി വരും |Kerala Blasters

സ്റ്റേഡിയം നവീകരണം നവംബർ 30നു മുൻപ് പൂർത്തിയാക്കുമെന്ന് സ്പോൺസർ
Blasters
Published on

കൊച്ചി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്റെ നവീകരണം വൈകിയാൽ ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിനു ഹോം വേദി മാറ്റേണ്ടി വരുമെന്ന് ആശങ്ക. അർജന്റീനയുടെ സൗഹൃദ മത്സരത്തിനായി ഫിഫ നിലവാരത്തിൽ നവീകരിക്കാമെന്നു വാഗ്ദാനം ചെയ്തു സ്പോൺസർ ഏറ്റെടുത്ത കലൂർ നെഹ്റു സ്റ്റേഡിയം ഡിസംബറിൽ പൂർണ സജ്ജമായില്ലെങ്കിൽ ബ്ലാസ്റ്റേഴ്സിന് വേദി മാറ്റേണ്ടിവരുമെന്ന സ്ഥിതിയാണ്.

കലൂർ സ്റ്റേഡിയം നവീകരണം പൂർത്തിയാക്കി നവംബർ 30നകം ഉടമകളായ ജിസിഡിഎയ്ക്കു കൈമാറുമെന്ന് സ്പോൺസർ ആന്റോ അഗസ്റ്റിൻ പറഞ്ഞു. സ്റ്റേഡിയം സ്പോൺസർക്കു കൈമാറിയതിൽ ദുരൂഹ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും സർക്കാരിനും കായികമന്ത്രിക്കും ജിസിഡിഎയ്ക്കും പങ്കുണ്ടെന്നും ഹൈബി ഈഡൻ എംപി ആരോപിച്ചിരുന്നു.

ഇത്തവണ ഐഎസ്എൽ ഏറെ വൈകിയതിനാൽ കൊൽക്കത്ത, ഗോവ വേദികളിൽ മാത്രമായി മത്സരങ്ങൾ ചുരുക്കാനും സാധ്യതയുണ്ട്. എന്നാൽ, നവീകരിച്ച സ്റ്റേഡിയം ബ്ലാസ്റ്റേഴ്സിനു കൈമാറിയില്ലെങ്കിൽ ടർഫ് പരിപാലനം അവതാളത്തിലാകും. 2017 മുതൽ ടർഫ് പരിപാലിക്കുന്നതു ബ്ലാസ്റ്റേഴ്സാണ്. ഉന്നത നിലവാരമുള്ള ബർമുഡ ഗ്രാസ് വിരിച്ച പിച്ച് ശരിയായി പരിപാലിച്ചില്ലെങ്കിൽ നശിച്ചുപോകും.

Related Stories

No stories found.
Times Kerala
timeskerala.com