മുംബൈ: ഐപിഎൽ അഴിമതി വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് രാജസ്ഥാൻ റോയൽസ് ടീം മാനേജർ റോമി ഭിന്ദറിന് ബിസിസിഐ നോട്ടീസ് അയച്ചു ( BCCI Notice Rajasthan Royals Romi Bhinder). കഴിഞ്ഞ വെള്ളിയാഴ്ച റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ മത്സരത്തിനിടെ ടീം ഡഗ്ഔട്ടിലിരുന്ന് ഫോൺ ഉപയോഗിച്ചതിനാണ് നടപടി. സംഭവത്തിൽ 48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്ന് ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം ആവശ്യപ്പെട്ടു.
മത്സരത്തിനിടെ രാജസ്ഥാൻ താരം വൈഭവ് സൂര്യവംശിക്കൊപ്പം ഇരിക്കുമ്പോഴാണ് ഭിന്ദർ ഫോൺ ഉപയോഗിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ ചർച്ചകൾക്ക് വഴിവെച്ചു. മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി ഉൾപ്പെടെയുള്ളവർ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഐപിഎൽ ചട്ടപ്രകാരം ഡഗ്ഔട്ടിൽ ഫോൺ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.
അതേസമയം, റോമി ഭിന്ദർ ഫോൺ കൈവശം വെച്ചത് ആരോഗ്യപരമായ കാരണങ്ങളാലാണെന്ന് റിപ്പോർട്ടുകളുണ്ട്. ശ്വാസകോശ സംബന്ധമായ ഗുരുതരമായ പ്രശ്നങ്ങൾ നേരിടുന്ന വ്യക്തിയാണ് അദ്ദേഹം. ഡഗ്ഔട്ടിൽ നിന്ന് ഡ്രസ്സിംഗ് റൂമിലേക്ക് നടന്നുപോയി ഫോൺ ഉപയോഗിക്കാനുള്ള ശാരീരിക ബുദ്ധിമുട്ട് മൂലമാണ് അവിടെയിരുന്ന് ഫോൺ പരിശോധിച്ചതെന്നാണ് സൂചന. അദ്ദേഹം ഫോൺ കോളുകൾ ചെയ്യുകയോ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നും വെറുതെ സ്ക്രോൾ ചെയ്യുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.
ഐപിഎൽ ഗവേണിംഗ് കൗൺസിൽ ചെയർമാൻ അരുൺ ധൂമൽ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അഴിമതി വിരുദ്ധ വിഭാഗം നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ.
Summary: The BCCI Anti-Corruption Unit has issued a notice to Rajasthan Royals manager Romi Bhinder for violating anti-corruption protocols by using a mobile phone in the dugout during a match against RCB. Bhinder has been given 48 hours to explain his actions. While using phones in the dugout is strictly prohibited, sources suggest Bhinder had the phone for medical reasons due to his health issues. The IPL Governing Council has ordered a full investigation into the incident.

