പത്തനംതിട്ട: ശബരിമല മണ്ഡലം-മകരവിളക്ക് സീസണിൽ തിരക്ക് അനിയന്ത്രിതമായ സാഹചര്യത്തിൽ ഹൈക്കോടതിയുടെ കർശന നിർദ്ദേശം. പ്രതിദിന തീർത്ഥാടകരുടെ എണ്ണം 75,000 ആയി ക്രമീകരിക്കാനും സ്പോട്ട് ബുക്കിംഗ് 5,000 ആയി കുറയ്ക്കാനും ഹൈക്കോടതി ഉത്തരവിട്ടു. ഒരു ദുരന്തം വരുത്തിവയ്ക്കരുതെന്നും, ഏകോപനമില്ലായ്മയിൽ ബോർഡിന് കോടതിയുടെ രൂക്ഷവിമർശനമുണ്ട്.(Spot bookings temporarily suspended in Pampa, Erumeli and Chengannur)
നവംബർ 24 വരെയാണ് നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. സ്പോട്ട് ബുക്കിംഗ് 5,000 ആയി നിജപ്പെടുത്തി. ഇന്നലെ വരെ 20,000 പേർ വരെ സ്പോട്ട് ബുക്കിംഗ് വഴി മലകയറിയിരുന്നു. നിലയ്ക്കൽ, വണ്ടിപ്പെരിയാർ കേന്ദ്രങ്ങളിൽ മാത്രമാകും ഇനി സ്പോട്ട് ബുക്കിംഗ് ലഭ്യമാകുക. പമ്പ, എരുമേലി, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ സ്പോട്ട് ബുക്കിംഗ് താൽകാലികമായി നിർത്തിവെച്ചു.
വിർച്വൽ ക്യൂ ബുക്കിംഗ് കർശനമായി നടപ്പാക്കാൻ കോടതി നിർദ്ദേശിച്ചു. ഷെഡ്യൂൾ ചെയ്ത സമയത്തിന് 6 മണിക്കൂർ മുൻപും 18 മണിക്കൂറിന് ശേഷവും മാത്രമാകും ഇനി വിർച്വൽ ക്യൂ ടിക്കറ്റുകൾക്ക് അനുമതി നൽകുക. ടിക്കറ്റുള്ള എല്ലാ ഭക്തർക്കും അനുമതി നൽകുന്നതാണ് തിരക്ക് വർധിക്കാൻ കാരണമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഒരുക്കങ്ങൾ സംബന്ധിച്ച് ശബരിമല സ്പെഷൽ കമ്മീഷണറുടെ റിപ്പോർട്ടിൽ എടുത്ത ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ എ. രാജ വിജയരാഘവൻ, കെ. വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ദേവസ്വം ബോർഡിനെതിരെ കടുത്ത ചോദ്യങ്ങളുയർത്തി.
ശബരിമലയിൽ ഇന്നും വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. ദർശനത്തിനായി ഭക്തർ 12 മണിക്കൂറോളമാണ് കാത്തുനിന്നത്. ഇന്നലെ 80,615 പേരാണ് ദർശനം നടത്തിയത്. തിരക്ക് നിയന്ത്രിച്ചെങ്കിലും കുടിവെള്ള വിതരണത്തിൽ അടക്കം പരാതി ഉയർന്നിരുന്നു. വിർച്വൽ ക്യൂ വഴി ദർശനത്തിനുള്ള സ്ലോട്ട് ഉറപ്പാക്കി മാത്രം തീർത്ഥാടകർ എത്തണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു.