ശബരിമലയിൽ സുരക്ഷ ശക്തമാക്കി: ഇന്നും നാളെയും രാത്രി നട അടച്ചാൽ പടി കയറാൻ അനുമതിയില്ല, സംയുക്ത റൂട്ട് മാർച്ച് നടത്തി | Sabarimala

ബോംബ് ഡിറ്റക്ഷൻ സ്ക്വാഡിലേക്ക് 8 പേരെ അധികമായി നിയോഗിച്ചു
ശബരിമലയിൽ സുരക്ഷ ശക്തമാക്കി: ഇന്നും നാളെയും രാത്രി നട അടച്ചാൽ പടി കയറാൻ അനുമതിയില്ല, സംയുക്ത റൂട്ട് മാർച്ച് നടത്തി | Sabarimala
Updated on

സന്നിധാനം: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. ഇതിന്റെ ഭാഗമായി കേരള പോലീസ്, സി.ആർ.പി.എഫ്. - ആർ.എ.എഫ്., എൻ.ഡി.ആർ.എഫ്., ആന്റി സബോട്ടേജ് ചെക്ക് ടീം, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്ക്വാഡ് (BDDS), സ്പെഷ്യൽ ബ്രാഞ്ച് എന്നിവർ ചേർന്ന് സന്നിധാനത്ത് സംയുക്ത റൂട്ട് മാർച്ച് നടത്തി.(Security tightened at Sabarimala, No one will be allowed to climb the steps when the shrine is closed tonight and tomorrow)

ഡിസംബർ 5, 6 തീയതികളിൽ അധിക സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഡിസംബർ 5-നും 6-നും രാത്രി 11 മണിക്ക് നട അടച്ചു കഴിഞ്ഞാൽ ഭക്തരെ പതിനെട്ടാം പടി കയറാൻ അനുവദിക്കില്ല. നട അടച്ച ശേഷം തിരുമുറ്റവും പരിസരവും കേരളാ പോലീസിന്റെ ആന്റി സബോട്ടേജ് ടീം പരിശോധനയ്ക്ക് വിധേയമാക്കും.

നടയടച്ച ശേഷം വരുന്ന ഭക്തർക്ക് നടപ്പന്തലിലെ ക്യൂവിൽ കാത്തുനിൽക്കാം. പിറ്റേന്ന് രാവിലെ മാത്രമേ പടി കയറാൻ സാധിക്കൂ. ബോംബ് ഡിറ്റക്ഷൻ സ്ക്വാഡിലേക്ക് 8 പേരെ അധികമായി നിയോഗിക്കുകയും ആന്റി സബോട്ടേജ് ടീമിനെ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജീവനക്കാരുടെ താമസ സ്ഥലങ്ങൾ ഉൾപ്പെടെ, സ്ഥിരം എൻട്രി പോയിന്റുകൾ എന്നിവ കർശനമായി പരിശോധിക്കും.

തിരിച്ചറിയൽ കാർഡോ രേഖകളോ ഇല്ലാത്ത ആരെയും സ്റ്റാഫ് ഗേറ്റ് ഉൾപ്പെടെയുള്ള മറ്റ് കവാടങ്ങളിലൂടെ കടത്തിവിടില്ല. ഈ ഭാഗങ്ങളിൽ നിരീക്ഷണം ശക്തമാക്കി. നടപ്പന്തലിലും ദർശനം തുടങ്ങുന്നിടത്തും സ്കാനറുകൾ, ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടറുകൾ (DFMD), ഹാൻഡ് ഹെൽഡ് മെറ്റൽ ഡിറ്റക്ടറുകൾ എന്നിവ ഉപയോഗിച്ചുള്ള പരിശോധനയുണ്ടാകും.

പതിനെട്ടാം പടി വഴിയുള്ള തീർത്ഥാടനം സാധാരണ പോലെ നടക്കും. എന്നാൽ സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ മാത്രം പരിശോധന നടത്തും. ഇരുമുടിക്കെട്ടുമായി വരുന്ന ഭക്തരെ പൂർണ്ണമായി പരിശോധിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാൽ, സംശയം തോന്നുന്നവരെയാകും പ്രധാനമായും പരിശോധിക്കുക. സന്നിധാനത്തേക്കുള്ള ട്രാക്ടറുകളുടെ നീക്കം രണ്ട് ദിവസത്തേക്ക് നിയന്ത്രിച്ചിട്ടുണ്ട്. ട്രാക്ടറുകളിൽ കൊണ്ടുവരുന്ന സാധനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും.

സുരക്ഷിതമായ ദർശനം ഉറപ്പാക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള ഈ ക്രമീകരണങ്ങളോട് ഭക്തരും ഉദ്യോഗസ്ഥരും തൊഴിലാളികളും പൂർണ്ണമായി സഹകരിക്കണമെന്ന് സ്പെഷ്യൽ ഓഫീസർ അഭ്യർത്ഥിച്ചു. വെർച്വൽ ക്യൂ ബുക്കിംഗ് എടുത്ത് കൃത്യമായ നിർദ്ദേശങ്ങൾ പാലിച്ചു വേണം ഭക്തർ ദർശനത്തിന് എത്തേണ്ടതെന്നും അദ്ദേഹം അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com