

പത്തനംതിട്ട: നടപ്പു തീർത്ഥാടന സീസണിൽ പമ്പയിൽ നിന്ന് ശബരിമലയിലേക്കുള്ള യാത്രക്കിടെ ഇതുവരെ 11 തീർത്ഥാടകർക്ക് ജീവൻ നഷ്ടമായി. കഠിനമായ മലകയറ്റത്തിനിടയിൽ ഹൃദയാഘാതത്തെ തുടർന്നാണ് ഈ മരണങ്ങളിൽ അധികവും സംഭവിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പ് വിപുലമായ സേവനങ്ങൾ സജ്ജമാക്കിയിട്ടുണ്ടെങ്കിലും, ആയാസകരമായ യാത്രയിൽ ഭക്തർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കുത്തനെയുള്ള നീലിമലയും അപ്പാച്ചിമേടുമെല്ലാം വേഗത്തിൽ കയറുന്നത് ചിലർക്കെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്.(Sabarimala pilgrimage, 11 people have lost their lives so far)
ഒരു മണ്ഡലകാല സീസണിൽ ശരാശരി 40 മുതൽ 42 പേർ വരെ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടാറുണ്ട്. മരിക്കുന്നവരിൽ ഭൂരിഭാഗവും 40-നും 60-നും ഇടയിൽ പ്രായമുള്ളവരാണ്. പെട്ടെന്നുണ്ടാകുന്ന ശാരീരിക ആയാസമാണ് ഒരു പരിധി വരെ മരണ കാരണം.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
ശബരിമലയിലും യാത്രാ വഴികളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രികളും എമർജൻസി മെഡിക്കൽ യൂണിറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. എങ്കിലും, തീർത്ഥാടകർ വ്യക്തിപരമായ കാര്യങ്ങളിൽ ശ്രദ്ധിക്കണം. യാത്രയിൽ ക്ഷീണം തോന്നിയാൽ നിർബന്ധമായും വിശ്രമിക്കണം. ആവശ്യമെങ്കിൽ മെഡിക്കൽ ടീമിന്റെ സഹായം തേടുക. ലഘു ഭക്ഷണം കഴിച്ച് മാത്രം മല കയറണം.
സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ വ്രതമെടുക്കുന്ന സമയത്ത് നിർത്തരുത്. യാത്രയിൽ ഉടനീളം മരുന്നുകൾ കയ്യിൽ കരുതണം. നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കുക. ദർശനത്തിനെത്തും മുൻപ് തീർത്ഥാടകർ ലഘു വ്യായാമങ്ങൾ നടത്തണമെന്നും ആരോഗ്യ വിദഗ്ധർ ഉപദേശിക്കുന്നു. സന്നിധാനത്ത് ആശുപത്രികളും എമർജൻസി കൺട്രോൾ റൂമും സജ്ജമാണ്. ഇവിടെ ബന്ധപ്പെട്ടാൽ വിദഗ്ധ ഡോക്ടർമാരുടെയും ആംബുലൻസ് അടക്കമുള്ള സേവനങ്ങളും ലഭിക്കും. എങ്കിലും, സ്വയം കരുതുക എന്നതാണ് ഏറ്റവും പ്രധാനം.