ശബരിമല മണ്ഡലപൂജ: തങ്ക അങ്കി ഘോഷയാത്ര ഡിസംബർ 23-ന് ആരംഭിക്കും; വിശദമായ സമയക്രമം | Sabarimala

ഡിസംബർ 27-ന് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടക്കും
Sabarimala Mandala Pooja, Thanga Anki procession to begin on December 23
Updated on

പമ്പ: ശബരിമല മണ്ഡലപൂജയ്ക്ക് അയ്യപ്പസ്വാമിക്ക് ചാർത്താനുള്ള തിരുവിതാംകൂർ മഹാരാജാവ് അയ്യപ്പസ്വാമിക്ക് സമർപ്പിച്ച തങ്ക അങ്കി വഹിച്ചുള്ള ഘോഷയാത്ര ഡിസംബർ 23 രാവിലെ 7 മണിക്ക് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. ഡിസംബർ 26-ന് വൈകുന്നേരം ദീപാരാധനയ്ക്ക് മുൻപ് തങ്ക അങ്കി സന്നിധാനത്ത് എത്തിച്ചേരും. ഡിസംബർ 27 ഉച്ചയ്ക്കാണ് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടക്കുക. ഡിസംബർ 23-ന് രാവിലെ 5 മണി മുതൽ 7 മണി വരെ ആറന്മുള ക്ഷേത്ര അങ്കണത്തിൽ തങ്ക അങ്കി പൊതുജനങ്ങൾക്ക് ദർശിക്കാൻ അവസരമുണ്ടായിരിക്കും.(Sabarimala Mandala Pooja, Thanga Anki procession to begin on December 23)

ഡിസംബർ 23 ന് രാവിലെ 7 മണിക്ക് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്ര ആരംഭിച്ച് 7.15ന് മൂർത്തിയാട്ട് ഗണപതി ക്ഷേത്രത്തിലും 7.30ന് പുന്നംതോട്ടം ദേവി ക്ഷേത്രത്തിലും എത്തും. 8.30ന് നെടുംപ്രയാർ തേവലശ്ശേരി ദേവി ക്ഷേത്രത്തിൽ എത്തിയ ശേഷം 10 മണിക്ക് കോഴഞ്ചേരി ടൗണിലെത്തും. തുടർന്ന് 11.15ന് ഇലന്തൂർ ഇടത്താവളവും 12.30ന് ഇലന്തൂർ നാരായണമംഗലവും പിന്നിടും. ഉച്ചയ്ക്ക് ശേഷം 2.30ന് അയത്തിൽ കുടുംബയോഗ മന്ദിരത്തിലും 3.15ന് ഇലവുംതിട്ട ദേവീക്ഷേത്രത്തിലും എത്തും. വൈകുന്നേരം 6 മണിക്ക് പ്രക്കാനം ഇടനാട് ഭഗവതി ക്ഷേത്രത്തിലെത്തുന്ന ഘോഷയാത്ര രാത്രി 8 മണിക്ക് ഓമല്ലൂർ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രത്തിൽ രാത്രി വിശ്രമം എടുക്കും.

ഡിസംബർ 24ന് രാവിലെ 8 മണിക്ക് ഓമല്ലൂർ ശ്രീ രക്തകണ്ഠ സ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് 11 മണിക്ക് പത്തനംതിട്ട ശാസ്താക്ഷേത്രത്തിൽ എത്തും. ഉച്ചയ്ക്ക് 1 മണിക്ക് കടമ്മനിട്ട ഭഗവതിക്ഷേത്രത്തിൽ ഉച്ചഭക്ഷണത്തിനും വിശ്രമത്തിനുമായി നിർത്തിയ ശേഷം 3.15ന് മേക്കൊഴൂർ ക്ഷേത്രത്തിലും 4.15ന് കുമ്പഴ ജംഗ്ഷനിലും എത്തും. വൈകുന്നേരം 6.15ന് ഇളകൊള്ളൂർ മഹാദേവക്ഷേത്രത്തിൽ എത്തിയ ശേഷം രാത്രി 7.45ന് കോന്നി ടൗണിലൂടെ കടന്നുപോകും. രാത്രി 8.30ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിൽ രാത്രി വിശ്രമം.

ഡിസംബർ 25ന് രാവിലെ 7.30ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് 9 മണിക്ക് അട്ടച്ചാക്കലിലും 12 മണിക്ക് മലയാലപ്പുഴ ക്ഷേത്രത്തിലും എത്തും. ഉച്ചയ്ക്ക് 3.30ന് റാന്നി രാമപുരം ക്ഷേത്രത്തിൽ വിശ്രമത്തിനു ശേഷം 6.30ന് വടശ്ശേരിക്കര ചെറുകാവിലും 7.45ന് മാടമൺ ക്ഷേത്രത്തിലും എത്തും. രാത്രി 8.30ന് പെരുനാട് ശാസ്താ ക്ഷേത്രത്തിൽ രാത്രി വിശ്രമം.

ഡിസംബർ 26ന് രാവിലെ 8 മണിക്ക് പെരുനാട് ശാസ്താ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് 11 മണിക്ക് നിലയ്ക്കൽ ക്ഷേത്രത്തിൽ എത്തും. ഉച്ചയ്ക്ക് 1.30ന് പമ്പയിൽ വിശ്രമിച്ച ശേഷം 3 മണിക്ക് സന്നിധാനത്തേക്ക് പുറപ്പെടും. വൈകുന്നേരം 5 മണിക്ക് ശരംകുത്തിയിൽ ആചാരപരമായ സ്വീകരണത്തിന് ശേഷം വൈകുന്നേരം 6.30ന് ശബരിമല സന്നിധാനത്ത് എത്തി അയ്യപ്പവിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി ദീപാരാധന നടത്തും. ഡിസംബർ 27-ന് ഉച്ചയ്ക്ക് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടക്കും.

Related Stories

No stories found.
Times Kerala
timeskerala.com