ശബരിമല: അയ്യപ്പസ്വാമിക്ക് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ സന്നിധാനത്ത് പൂർത്തിയായി. 41 ദിവസം നീണ്ടുനിന്ന വ്രതശുദ്ധിയുടെ മണ്ഡലകാലത്തിന് ഇന്ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ പരിസമാപ്തിയാകും. ശരണമന്ത്രങ്ങൾ മുഴങ്ങിയ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് തങ്ക അങ്കി പ്രഭയിൽ വിളങ്ങുന്ന അയ്യപ്പനെ ഭക്തർ ദർശിച്ചത്.(Sabarimala Mandala Pooja rituals have been completed)
രാവിലെ 10.10-ഓടെ തന്ത്രി മഹേഷ് മോഹനരുടെയും മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയുടെയും കാർമികത്വത്തിലാണ് മണ്ഡലപൂജ ചടങ്ങുകൾ ആരംഭിച്ചത്. 11 മണിയോടെ പൂജകൾ പൂർത്തിയായി. അവസാന നെയ്യഭിഷേകത്തിന് ശേഷം കളഭ എഴുന്നള്ളത്തും കളഭ അഭിഷേകവും നടന്നു. അഭിഷേകത്തിന് മുന്നോടിയായി തിരുമുറ്റവും പതിനെട്ടാം പടിയും കഴുകി വൃത്തിയാക്കിയിരുന്നു.
വൈകിട്ട് ദീപാരാധന വരെ അയ്യപ്പവിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തിയുള്ള ദർശനം തുടരും. ഇന്ന് രാത്രി 10 മണിക്ക് നട അടയ്ക്കുന്നതോടെ ഈ വർഷത്തെ മണ്ഡലകാലം അവസാനിക്കും. മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30-ന് വൈകിട്ട് അഞ്ചിന് നട വീണ്ടും തുറക്കും. ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട മകരവിളക്ക് ദർശനം ജനുവരി 14-നാണ് നടക്കുക.