പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിൽ പ്രശസ്തമായ അരവണയ്ക്ക് പുറമെ മറ്റ് മൂന്ന് തരം പ്രധാനപ്പെട്ട നിവേദ്യങ്ങളും അയ്യപ്പസ്വാമിക്ക് സമർപ്പിക്കുന്നുണ്ട്. ഇടിച്ചുപിഴിഞ്ഞ പായസം, എള്ളു പായസം, വെള്ള നിവേദ്യം എന്നിവയാണ് അവ. രാവിലെ 7.30-നുള്ള ഉഷ:പൂജയ്ക്കാണ് ഇടിച്ചുപിഴിഞ്ഞ പായസം നിവേദിക്കുക. പേര് സൂചിപ്പിക്കുന്നതുപോലെ തേങ്ങ ഇടിച്ചു പിഴിഞ്ഞ് ഒന്നാം പാലും രണ്ടാം പാലും എടുത്തു, ശർക്കര ഉൾപ്പെടെ ചേർത്താണ് ഈ പായസം ഉണ്ടാക്കുന്നത്. അരവണ ഉച്ചയ്ക്ക് 12 മണിക്കുളള ഉച്ചപൂജയ്ക്കുള്ളതാണ്. വെള്ള നിവേദ്യം ആകട്ടെ, എല്ലാ പൂജാ വേളകളിലും ഭഗവാന് സമർപ്പിക്കുന്നു.(Other offerings at Sabarimala Apart from Aravana)
എള്ളു പായസം രാത്രി 9.15-ലെ അത്താഴപൂജയ്ക്കുള്ളതാണ്. എള്ളു പായസം യഥാർത്ഥത്തിൽ പായസ രൂപത്തിൽ ഉള്ളതല്ലെന്നും എള്ള് തന്നെയാണെന്നും ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര് വിശദീകരിച്ചു. അത്താഴപൂജയ്ക്ക് പാനകം എന്ന പാനീയവും അപ്പവും അടയും അയ്യപ്പന് നിവേദിക്കുന്നു. ജീരകവും ശർക്കരയും ചുക്കും കുരുമുളകും ചേർത്ത ഔഷധ ഗുണമുള്ള കഷായ മിശ്രിതമാണ് പാനകം.
പഞ്ചാമൃതം പുലർച്ചെ 3 മണിക്ക് നട തുറക്കുമ്പോൾ അഭിഷേകത്തിന് ഉപയോഗിക്കുന്നതാണ്. കൽക്കണ്ടം, ശർക്കര, കദളിപ്പഴം, ഉണക്ക മുന്തിരി, നെയ്യ്, തേൻ, ഏലയ്ക്ക പൊടി, ചുക്കുപൊടി എന്നിങ്ങനെ എട്ട് കൂട്ടുകൾ ചേർത്താണ് പഞ്ചാമൃതം തയ്യാറാക്കുന്നത്. പായസങ്ങളിൽ അരവണയും, പിന്നെ പഞ്ചാമൃതവുമാണ് ശബരിമലയിൽ നിന്ന് വിൽപ്പന നടത്തുന്നത്. ഒരു അരവണ ടിന്നിന്റെ പകുതി വലിപ്പമുള്ള ബോട്ടിലിൽ ലഭിക്കുന്ന പഞ്ചാമൃതത്തിന് 125 രൂപയാണ് വില.