പത്തനംതിട്ട: ശബരിമലയിൽ പതിനെട്ടാംപടി കയറുന്ന തീർത്ഥാടകർക്കായി പുതിയ നിർദ്ദേശങ്ങളുമായി പോലീസ് രംഗത്ത്. തിരക്ക് നിയന്ത്രിക്കുന്നതിനും ഭക്തർക്ക് സുരക്ഷിതമായി പടി കയറുന്നതിനുമായി സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. ഇവർ പതിനെട്ടാംപടിയുടെ വശങ്ങൾ ഉപയോഗിക്കണമെന്ന് സന്നിധാനം സ്പെഷ്യൽ ഓഫീസർ പി. ബാലകൃഷ്ണൻ നായർ അറിയിച്ചു.(New arrangement at Sabarimala, Women and children to enter through the sides)
പടികളുടെ ഇരുവശത്തും നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഭക്തരെ കൈപിടിച്ചു കയറ്റാൻ വശങ്ങളിലൂടെയുള്ള പ്രവേശനം കൂടുതൽ സൗകര്യപ്രദമാകും. പതിനെട്ടാംപടിക്ക് താഴെ ഭക്തർക്കായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ മെഗാഫോണിലൂടെ നിർദ്ദേശങ്ങൾ നൽകിത്തുടങ്ങി. ഇതിനായി റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയും പോലീസിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഹൈക്കോടതി നിർദ്ദേശപ്രകാരം സന്നിധാനത്തെ സുപ്രധാന മേഖലകളിൽ ഡിജിറ്റൽ ഉപകരണങ്ങൾക്ക് കർശന നിരോധനം ഏർപ്പെടുത്തി. പതിനെട്ടാം പടി, സോപാനം, അയ്യപ്പക്ഷേത്രത്തിലെ നടുമുറ്റം, മാളികപ്പുറം ക്ഷേത്രപരിസരം. ഈ ഭാഗങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ഫോട്ടോ എടുക്കുന്നതും വീഡിയോ റെക്കോർഡ് ചെയ്യുന്നതും പൂർണ്ണമായും നിരോധിച്ചു.
നിയമലംഘനം നടത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. സുരക്ഷിതവും സുഗമവുമായ ദർശനം ഉറപ്പാക്കാൻ ഭക്തർ പോലീസിന്റെ നിർദ്ദേശങ്ങളോട് സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.