പത്തനംതിട്ട: ശബരിമലയിൽ ഭക്തരുടെ റെക്കോർഡ് തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തീർത്ഥാടനം സുഗമമാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായാണ് പുതിയ നടപടികൾ. സ്പോട്ട് ബുക്കിങ്ങുകളുടെ എണ്ണം പ്രതിദിനം 20,000 ആയി നിജപ്പെടുത്തി.(More restrictions in Sabarimala from today, NDRF team arrives and takes charge)
നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള ഭക്തരുടെ പ്രവേശനം നിയന്ത്രിക്കും. ഇവിടെ കൂടുതൽ ഭക്തർക്ക് തങ്ങാനുള്ള സൗകര്യങ്ങൾ ഒരുക്കും. പമ്പയിൽ എത്തുന്ന ഭക്തർക്ക് ദർശനം പൂർത്തിയാക്കി നിശ്ചിത സമയത്തിനുള്ളിൽ തന്നെ മടങ്ങിപ്പോകാനുള്ള സാഹചര്യം ഒരുക്കും.
കൂടുതലായി എത്തുന്ന ഭക്തർക്ക് അടുത്ത ദിവസത്തെ ദർശനത്തിനായി നിലയ്ക്കലിൽ സൗകര്യങ്ങൾ ഒരുക്കും. മരക്കൂട്ടം, ശരംകുത്തി, സന്നിധാനം എന്നിവിടങ്ങളിലെ ക്യൂ കോംപ്ലക്സുകളിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കും. ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
എല്ലാ ക്യൂ കോംപ്ലക്സുകളിലും കുടിവെള്ളം ഉറപ്പാക്കും. കുടിവെള്ളത്തിന് പുറമെ, ലഘുഭക്ഷണവും ചുക്ക് കാപ്പിയും ലഭ്യമാക്കും. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തൃശൂരിൽ നിന്നുള്ള ദേശീയ ദുരന്ത നിവാരണ സേനയുടെ (NDRF) ആദ്യ സംഘം സന്നിധാനത്ത് എത്തി ഇന്ന് ചുമതലയേറ്റു. ചെന്നൈയിൽ നിന്നുള്ള അടുത്ത സംഘം വൈകുന്നേരത്തോടെ സന്നിധാനത്തെത്തും.
ഇന്നലെ ശബരിമലയിൽ വലിയ രീതിയിലുള്ള തിരക്ക് അനുഭവപ്പെട്ടിരുന്നു. ഉച്ചയോടെ നിയന്ത്രണങ്ങൾ പാളിയതിനെ തുടർന്ന് ദർശന സമയം നീട്ടിയാണ് തിരക്ക് നിയന്ത്രിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഡിജിപി പത്തനംതിട്ടയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ചില കാര്യങ്ങൾ വ്യക്തമാക്കി. സാധാരണ ആദ്യ ദിവസങ്ങളിൽ ഇത്രയും തിരക്ക് ഉണ്ടാവാറില്ല. പെട്ടെന്ന് ഭക്തർ കൂടുതലായി എത്തിയതാണ് പ്രശ്നമായത്.
5000 ബസുകളിലായി തീർത്ഥാടകർ എത്തിയെന്നും, എല്ലാവർക്കും ദർശനം അനുവദിച്ചുവെന്നും ഡിജിപി അറിയിച്ചു. ശബരിമലയിൽ ആവശ്യത്തിന് പോലീസ് സേനാംഗങ്ങൾ ഉണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം ഇത്തവണ കൂടുതലാണ്.
കേന്ദ്ര സേന വൈകാതെ എത്തുമെന്നും, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഇടത്താവളങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടി തുടങ്ങിയെന്നും ഡിജിപി അറിയിച്ചു. നിലവിൽ, ഇന്ന് നട തുറന്നത് മുതൽ സന്നിധാനം സാധാരണ നിലയിലാണ്. തിരക്ക് പരിഗണിച്ച് മാത്രമാണ് നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് തീർത്ഥാടകരെ കടത്തിവിടുന്നത്. ദർശനം സുഗമമായി നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.