ശബരിമല: രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ശബരിമലയിൽ വീണ്ടും വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നു. ഇന്നലെ 90,000-ത്തോളം തീർത്ഥാടകരാണ് മല ചവിട്ടിയത്. പുലർച്ചെ നട തുറന്ന സമയം മുതൽ തന്നെ സന്നിധാനത്തും പമ്പയിലും തീർത്ഥാടകരുടെ നീണ്ട നിര ദൃശ്യമായിരുന്നു.(Huge crowd of devotees again at Sabarimala, Around 90,000 devotees arrived yesterday)
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ദർശനത്തിനുള്ള തിരക്കിൽ നേരിയ കുറവുണ്ടായത്. ശനിയും ഞായറും ഈ സ്ഥിതി തുടർന്നു. എന്നാൽ, ഇപ്പോൾ വീണ്ടും തിരക്ക് വർധിച്ചിരിക്കുകയാണ്. ഈ തീർഥാടന കാലം തുടങ്ങി 16 ദിവസം പിന്നിടുമ്പോൾ, ദർശനം നടത്തിയ ഭക്തരുടെ എണ്ണം 13.36 ലക്ഷമായി ഉയർന്നു.
പമ്പയിലെയും സന്നിധാനത്തെയും തിരക്ക് പരിഗണിച്ചാണ് കൂടുതൽ പേർക്ക് സ്പോട്ട് ബുക്കിംഗ് അനുവദിക്കുന്നത്. എ.ഡി.ജി.പി. എസ്. ശ്രീജിത്ത് സന്നിധാനത്ത് എത്തി പോലീസിന്റെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി.
തീർത്ഥാടകർക്ക് ഇന്ന് ഉച്ച മുതൽ ദേവസ്വം ബോർഡ് അന്നദാനത്തിൽ കേരളീയ സദ്യ നൽകാനുള്ള തീരുമാനം തൽക്കാലം നീട്ടിവച്ചു. ബോർഡ് അംഗങ്ങൾക്കിടയിലുണ്ടായ തർക്കത്തെ തുടർന്നാണ് ഈ മാറ്റം. അഞ്ചാം തീയതി ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിനുശേഷം ടെൻഡർ നടപടികൾ പൂർത്തിയാക്കിയ ശേഷം മാത്രമേ സദ്യ വിതരണം ആരംഭിക്കുകയുള്ളൂ.