പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർത്ഥാടന സീസൺ തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക് അനിയന്ത്രിതമായ സാഹചര്യത്തിൽ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ. ദർശനത്തിനായി ഭക്തർക്ക് 12 മണിക്കൂറോളം കാത്തുനിൽക്കേണ്ടിവന്നതോടെ കോടതി ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ചു.(Devotees continue to flock in Sabarimala, 75,000 people can have darshan daily)
"ഒരു ദുരന്തം വരുത്തിവയ്ക്കരുത്," എന്ന് കോടതി താക്കീത് നൽകി. ഒരുക്കങ്ങൾ ആറ് മാസങ്ങൾക്ക് മുൻപെങ്കിലും തുടങ്ങേണ്ടതായിരുന്നുവെന്നും, ഏകോപനം എന്തുകൊണ്ട് ഉണ്ടായില്ലെന്നും ജസ്റ്റിസുമാരായ എ. രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചോദിച്ചു.
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കാൻ തീരുമാനിച്ചു. ഇന്നലെ 80,615 പേരാണ് ദർശനം നടത്തിയത്. ഒരു മിനിറ്റിൽ 65 പേർ മാത്രമാണ് നിലവിൽ പതിനെട്ടാംപടി കയറുന്നത്. ഇന്നുമുതൽ പ്രതിദിനം 75,000 പേർക്ക് മാത്രമായിരിക്കും ദർശനത്തിന് അവസരം.
സ്പോട്ട് ബുക്കിംഗ് തിങ്കളാഴ്ച വരെ 5,000 പേർക്ക് മാത്രമായി ചുരുക്കി. ഇന്നലെ 20,000 പേർ വരെ സ്പോട്ട് ബുക്കിംഗ് വഴി മലകയറിയിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയ കോടതി, ശബരിമല സ്പെഷൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നിർദ്ദേശങ്ങൾ നൽകി.
വിർച്വൽ ക്യൂ ബുക്കിംഗിൽ ഇനി വിട്ടുവീഴ്ച പാടില്ല. ഷെഡ്യൂൾ ചെയ്ത സമയത്തിന് 6 മണിക്കൂർ മുൻപും 18 മണിക്കൂറിന് ശേഷവും ഉള്ള ബുക്കിംഗുകൾക്ക് മാത്രമായിരിക്കും ഇനി അനുമതി. സമയപരിധിക്കപ്പുറമുള്ള ടിക്കറ്റുകൾ അനുവദിച്ചതാണ് തിരക്ക് കൂടാൻ കാരണം.
നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള പാത അഞ്ചോ ആറോ സെക്ടറുകളായി തിരിക്കണം. ഓരോ സെക്ടറിന്റെയും വിസ്തീർണ്ണം അനുസരിച്ച് ഭക്തരുടെ എണ്ണം നിശ്ചയിക്കണം. തിരക്ക് നിയന്ത്രിക്കുന്നത് പോലീസിന്റെ മാത്രം പണിയല്ല. ശാസ്ത്രീയമായ സമീപനം വേണം. വിദഗ്ധ സംഘത്തെ നിയോഗിച്ച് ഓരോ സെക്ടറിലും ചുമതല നൽകുന്നത് ആലോചിക്കണം.
പതിനെട്ടാം പടിയിൽ അനുഭവപരിചയമുള്ള പോലീസുകാരെ വിന്യസിക്കണം. കേന്ദ്രസേനയെ എത്തിക്കുന്നതിന് കളക്ടർ അടിയന്തരമായി നടപടിയെടുക്കണം. ശുചിമുറി സൗകര്യങ്ങൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി.
മണിക്കൂറുകളോളം നീണ്ട ക്യൂവിൽ കുട്ടികളും പ്രായമായവരും വലയുന്ന സാഹചര്യം തെറ്റായ സമീപനമാണെന്നും, ഉത്സവം നടത്തുന്നതുപോലെയല്ല മണ്ഡലം മകരവിളക്ക് സീസണിന് വ്യക്തമായ കാഴ്ചപ്പാട് വേണമെന്നും കോടതി ചൂണ്ടിക്കാട്ടി.