ശബരിമല: മണ്ഡലകാലത്തിന്‍റെ തുടക്കത്തിൽ തന്നെ ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ കാണാൻ ഭക്തരുടെ നീണ്ട നിര. ഇന്നലെ നട തുറന്നതിന് പിന്നാലെ തന്നെ തീർത്ഥാടക പ്രവാഹമുണ്ടായി.(Crowd of devotees at Sabarimala today)
നട തുറന്ന് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ നിലയ്ക്കലിലെ പാർക്കിങ് ഗ്രൗണ്ടുകൾ ഭക്തരെക്കൊണ്ട് നിറഞ്ഞു. സന്നിധാനത്ത് ഇന്നും നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്.
ഇന്ന് വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാരാണ് ശ്രീകോവിൽ നട തുറന്നത്. ഭക്തർക്ക് സുഗമമായ ദർശനത്തിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
സന്നിധാനത്തേക്കുള്ള പ്രധാന കാനന പാതകൾ തീർത്ഥാടകർക്കായി ഇന്ന് തുറക്കും. എരുമേലിയിൽ നിന്ന് അഴുത, കരിമല വഴിയുള്ള പാത, വണ്ടിപ്പെരിയാർ സത്രത്തിൽ നിന്ന് പുല്ലുമേട് വഴിയുള്ള പാത എന്നിവയാണിത്.
പുല്ലുമേട് വഴി രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് തീർത്ഥാടകരെ കടത്തിവിടുന്നത്. സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിച്ചായിരിക്കും കാനനപാതകളിലൂടെയുള്ള തീർത്ഥാടനം.