പത്തനംതിട്ട: ശബരിമലയിൽ കനത്ത തിരക്ക് കാരണം ദർശനം നടത്താനാകാതെ മടങ്ങിയ പാരിപ്പള്ളിയിൽ നിന്നുള്ള തീർത്ഥാടകരെ ശബരിമലയിലെ പോലീസ് കോഓർഡിനേറ്ററായ എ.ഡി.ജി.പി. എസ്. ശ്രീജിത്ത് ഫോണിൽ നേരിട്ട് ബന്ധപ്പെട്ടു. ഒരാൾ പോലും ദർശനം നടത്താതെ മടങ്ങിപ്പോകരുതെന്നും, പോലീസ് സുരക്ഷയിൽ ദർശനം ഉറപ്പാക്കുമെന്നും ശ്രീജിത്ത് തീർത്ഥാടകർക്ക് ഉറപ്പുനൽകി.(ADGP calls Sabarimala pilgrims who returned without getting to see the lord Ayyappan )
സ്ത്രീകളും കുട്ടികളുമടക്കം 17 അംഗ തീർത്ഥാടക സംഘമാണ് പാരിപ്പള്ളിയിൽ നിന്ന് ദർശനം നടത്താതെ മടങ്ങിയത്. ആദ്യമായി മാലയിട്ട് മലകയറിയ നിരഞ്ജൻ എന്ന കുട്ടിയയ്യപ്പൻ ഉൾപ്പെടെയുള്ള സംഘം, ദർശനം നടത്താൻ കഴിയാതെ മടങ്ങേണ്ടിവന്നതിന്റെ സങ്കടത്തിലായിരിക്കുമ്പോഴാണ് എ.ഡി.ജി.പിയുടെ ഈ ഇടപെടൽ.
ആരും ദർശനം നടത്താതെ മടങ്ങരുത് എന്നാണ് പോലീസിന്റെ നിലപാടെന്നും, ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും ഏത് സാഹചര്യത്തിലും പോലീസിനെ ബന്ധപ്പെടാമെന്നും എ.ഡി.ജി.പി. ശ്രീജിത്ത് വ്യക്തമാക്കി.
ഇന്നലെ അനുഭവപ്പെട്ട വലിയ തിരക്കിൽപ്പെട്ട് ദർശനം പൂർത്തിയാക്കാൻ കഴിയാതെ മടങ്ങിയ മലയാളികൾ ഉൾപ്പെടെ നിരവധി ഭക്തർ ഇന്നും പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെത്തി ഇരുമുടി കെട്ടഴിച്ച് നെയ്യഭിഷേകം നടത്തി മാലയൂരി മടങ്ങി.
ഇന്നലെ രാവിലെ മുതൽ തിരക്ക് നിയന്ത്രണാതീതമായിരുന്നു. ആവശ്യത്തിന് സൗകര്യമില്ലാത്തതിനാൽ തീർത്ഥാടകർ വളരെയധികം ബുദ്ധിമുട്ടി. തുടർന്ന് ഉച്ചയ്ക്ക് ശേഷം ദർശന സമയം നീട്ടി നൽകിയിരുന്നു. നിരവധി പേർക്ക് ഇന്നലെ ദർശനം കിട്ടാതെ മടങ്ങേണ്ടി വന്നു. ഇന്ന് രാവിലെയോടെ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ കാര്യങ്ങൾ ഏറെക്കുറെ നിയന്ത്രണവിധേയമായി. ഇന്ന് രാവിലെ മുതൽ തിരക്കുണ്ടെങ്കിലും ഭക്തർക്ക് സുഗമമായി ദർശനം നടത്താൻ കഴിയുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.