കൊല്ലം: തമിഴ്‌നാട്ടിൽ നിന്നും വനമാർഗം കാൽനടയായി ശബരിമലയിലേക്ക് പുറപ്പെട്ട 24 അംഗ തീർത്ഥാടക സംഘം വനത്തിനുള്ളിൽ കുടുങ്ങി. തിരുനെൽവേലിയിൽ നിന്നുള്ള സംഘമാണ് അച്ചൻകോവിൽ-കോന്നി വനമേഖലയിൽ വഴിതെറ്റി കുടുങ്ങിയത്. മണിക്കൂറുകൾ നീണ്ട ആശങ്കയ്‌ക്കൊടുവിൽ വനംവകുപ്പും പോലീസും ചേർന്ന് ഇവരെ സുരക്ഷിതമായി പുറത്തെത്തിച്ചു.( 24 Sabarimala pilgrims from Tamil Nadu get lost in the forest)
ചെങ്കോട്ട വഴി അച്ചൻകോവിൽ ഭാഗത്തെത്തിയ സംഘം, അവിടെ നിന്ന് കോന്നി കല്ലേലി വനമേഖലയിലൂടെ ശബരിമലയിലേക്ക് നടന്നു പോകുന്നതിനിടെയാണ് വഴിതെറ്റിയത്. സംഘത്തിൽ ഒരു കൊച്ചുകുട്ടിയും പ്രായമായ ഒരാളും ഉൾപ്പെട്ടിരുന്നു എന്നത് ആശങ്ക വർദ്ധിപ്പിച്ചു. വന്യമൃഗ ശല്യം രൂക്ഷമായ, കൊടുംകാടിനുള്ളിലാണ് ഇവർ അകപ്പെട്ടത്.
തീർത്ഥാടകർ വനത്തിൽ കുടുങ്ങിയ വിവരം പുറത്തറിഞ്ഞയുടൻ വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും തിരച്ചിൽ ആരംഭിച്ചു. ഫോൺ മുഖേന സംഘവുമായി ബന്ധപ്പെടാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചത് രക്ഷാപ്രവർത്തനം വേഗത്തിലാക്കി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ വനത്തിനുള്ളിൽ നിന്ന് ഇവരെ കണ്ടെത്തി. തുടർന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ സംഘത്തെ പ്രാഥമിക പരിശോധനകൾക്ക് ശേഷം യാത്ര തുടരാൻ അനുവദിച്ചു.