ഓപ്പറേഷൻ സിന്ദൂർ; 1971 ആവർത്തിക്കുമോ? രാജ്യം യുദ്ധത്തിന്റെ പാതയിലോ?! | Indo - Pak War
ഗംഗാ രാജ്. ജി
കരയിലും കടലിലും ആകാശത്തും പോർവിളി മുഴങ്ങിക്കൊണ്ടിരിക്കുന്നു(Indo - Pak War). പാകിസ്ഥാൻ തുടരെ തുടരെ ഇന്ത്യയെ പ്രകോപിപ്പിച്ചുകൊണ്ടിരിക്കുന്നു. ഏത് നിമിഷവും എന്തും സംഭവിക്കാം. അതിർത്തി ഗ്രാമങ്ങളിൽ അപായ സൈറണുകൾ ഇടതടവില്ലാതെ ശബ്‌ദിക്കുന്നു. തലയ്ക്ക് മുകളിലൂടെ ഷെല്ലുകൾ പായുന്നു. ചിലവ ആകാശത്തു വച്ചുതന്നെ നിർവീര്യമാക്കുന്നു. പുറത്തിറങ്ങാനാവാതെ ഗ്രാമീണർ വീടുകളിൽ കഴിയാൻ നിർബന്ധിക്കപ്പെടുന്നു. ചിലർ സേനയുടെ നിർദ്ദേശത്തോടെ ഇവിടങ്ങളിൽ നിന്നും ഒഴിഞ്ഞു തുടങ്ങുന്നു. രാത്രി കാലങ്ങളിൽ വടക്കു-കിഴക്കൻ അതിർത്തി ജില്ലകളിൽ നിർബന്ധിത വൈദ്യുതി നിയന്ത്രണം നടപ്പിലാക്കുന്നു. അടിയന്തര ചർച്ചകൾക്ക് രാജ്യ തലസ്ഥാനം വേദിയാകുന്നു. രാജ്യത്തെ 24 വിമാനത്താവളങ്ങൾ പൂർണമായും അടയ്ക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്നു. ആരോഗ്യ മേഖലയിലുള്ളവരുടെ അവധി റദ്ദാക്കുന്നു. അവധിയിൽ പോയ സൈനികരെ തിരിച്ചു വിളിപ്പിക്കുന്നു. ഇന്ത്യ ഒരു യുദ്ധ പുറപ്പാടിന് കോപ്പുകൂട്ടുകയാണോ എന്ന സംശയം പല ഭാഗങ്ങളിൽ നിന്നും ഉയർന്നു വരികയാണ്.
ഇന്ത്യൻ സ്ത്രീകളുടെ സിന്ദൂരത്തിൽ രക്തക്കറ ചാലിച്ച പഹൽഗാം ഭീകരാക്രമണത്തിൽ, പാകിസ്ഥാന് മേൽ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പ്രത്യാക്രമണം നടത്തിയിട്ട് ദിവസങ്ങൾ കഴിഞ്ഞില്ല. ഒരു ഗ്രാമീണർക്ക് പോലും മുറിവേൽകാതെ, ഒരു സൈനികന്റെ ചോരപോലും വീഴ്ത്താതെ 2025 മേയ് 7 പുലർച്ചെ 1.44 ന് വെറും 29 മിനിറ്റ് കൊണ്ട് 24 ആക്രമണങ്ങൾ നടത്തി പാകിസ്താന്റെ ഹൃദയത്തിൽ ഇന്ത്യ റാഫേൽ യുദ്ധവിമാനങ്ങളാൽ പറന്നിറങ്ങി. ഇന്ത്യൻ വ്യോമസേനയുടെ ആയുധപ്പുരയിലെ പുകൾപെറ്റ സ്കാൾപ്പ് മിസൈലുകളും ഹാമർ ബോംബുകളും പാകിസ്ഥാനിലെ ഭീകര പരിശീലന കേന്ദ്രങ്ങളിലെ നൂറോളം ഭീകരരുടെ പച്ച ജീവനെ ഒരു നിമിഷം കൊണ്ട് അഗ്നിക്കിരയാക്കി. ഇതിന്റെ വിശദവിവരങ്ങൾ ലോകരാജ്യങ്ങൾക്ക് മുൻപിൽ പരിചയപെടുത്തിയത് ഇന്ത്യൻ ആർമി കോർപ്സ് ഓഫ് സിഗ്നൽ ഓഫീസർ കേണൽ സോഫിയ ഖുറേഷിയും ഇന്ത്യൻ വ്യോമസേന വിശിഷ്ട ഹെലികോപ്റ്റർ പൈലറ്റും വിംഗ് കമാൻഡറുമായ വ്യോമിക സിംഗുമാണ്. ഇന്ത്യയുടെ ഈ പ്രത്യാക്രമണത്തിൽ, പാക്കിസ്ഥാൻ ചാരസംഘടന ഐ.എസ്.ഐയിലെ കൊടും കുറ്റവാളി മസൂദ് അസ്‌ഹറിന്റെ കുടുംബത്തിലെ 5 കുട്ടികൾ ഉൾപ്പടെ 10 പേരും ഉണ്ടായിരുന്നു. ഇതിന് പ്രത്യാക്രമണമായി കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ത്യൻ അതിർത്തികളിൽ പാക് ഷെല്ലാക്രമണം നടത്തി. ഇതിൽ സാധാരണക്കാരായ 10 ഗ്രാമീണർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ ശ്രീനഗർ - ജമ്മു അതിർത്തികളിൽ സുരക്ഷയുടെ ഭാഗമായി ബ്ലാക്ക് ഔട്ട് നടപ്പിലാക്കി. യാതൊരു പ്രകോപനവും ഇല്ലാതെ ഇന്ത്യക്ക് നേരെ അയച്ച ഓരോ മിസൈലുകളും ഇന്ത്യൻ മണ്ണിൽ തൊടാതെ പാക് ആകാശത്തു വച്ച് തന്നെ ഇന്ത്യൻ സൈന്യം എരിച്ചു ഭസ്മമാക്കി. പാകിസ്ഥാന്റെ ഈ നിഷ്ഠൂര
നടപടിക്ക് കണക്ക് ചോദിക്കാൻ ഇന്ത്യയുടെ കര-വ്യോമസേനയ്‌ക്കൊപ്പം നാവിക സേനയും രംഗത്തെത്തി. പാകിസ്ഥാൻ തലസ്ഥാനമായ കറാച്ചിയിലെ തുറമുഖത്ത് 'ഐ.എൻ.എസ് വിക്രാന്ത്' എന്ന ഇന്ത്യയുടെ വിമാനവാഹിനിക്കപ്പൽ മിസൈലുകൾ വർഷിച്ചു. എന്തിന്, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിൻ്റെ വീടിന് 20 കിലോമീറ്റർ അകലെ വരെ ഇന്ത്യൻ മിസൈലുകൾ പാഞ്ഞടുത്തു. ഭീകരത അലങ്കാരമായി കൊണ്ടുനടന്ന പാകിസ്ഥാൻ പ്രധാനമന്ത്രിക്ക് ഇതോടെ ഓടിയൊളിക്കേണ്ടി വന്നു.
ഒന്നാം കശ്മീർ യുദ്ധം(1947-48) മുതൽ കാർഗിൽ യുദ്ധം (1999) വരെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നാലു യുദ്ധങ്ങൾ നടന്നെങ്കിലും ചരിത്രത്തിൽ ഒരിടത്തു പോലും ഔദ്യോഗികമായി ഇന്ത്യ ഒരു യുദ്ധപ്രഖ്യാപനം നടത്തിയതിന് തെളിവില്ല. എന്നാൽ യുദ്ധ സമാനമായ സാഹചര്യത്തിലൂടെ രാജ്യം കടന്നു പോകുകയും ചെയ്തു. പാകിസ്ഥാൻ സൈന്യവും ഗോത്ര സായുധ സംഘങ്ങളും കാശ്മീർ ആക്രമിച്ചതോടെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ആദ്യം കൊമ്പുകോർക്കുന്നത്. ഇത് ഒന്നാം കശ്മീർ യുദ്ധം(1947-48) അഥവാ "ഓപ്പറേഷന്‍ ഗുല്‍മാര്‍ഗ്" എന്നാണ് അറിയപ്പെട്ടത്. 1965 -ൽ അതിർത്തിയിൽ ഉണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് ഇന്ത്യയ്ക്ക് നേരെ പാകിസ്ഥാൻ ഭൂകമ്പ ബോംബായ 'ഗ്രാൻഡ് സ്ലാം' പ്രയോഗിച്ചതോടെ ഇൻഡോ-പാക് അന്താരാഷ്ട്ര അതിർത്തി കടന്ന് ഇന്ത്യ തിരിച്ചടിച്ചു. ഇരു രാജ്യങ്ങളിലും ഭീകരാന്തരീക്ഷം വ്യാപിച്ചതോടെ ഐക്യരാഷ്ട്രസഭയുടെ ശക്തമായ ഇടപെടലിനെ തുടർന്ന് താഷ്കന്റ് പ്രഖ്യാപനത്തോടെ യുദ്ധം അവസാനിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മൂന്നാമത്തെ യുദ്ധമായ "ഓപ്പറേഷൻ ചെങ്കിസ്ഖാൻ" (ബംഗാൾ വിമോചന സമരം) 11 ഇന്ത്യൻ വ്യോമതാവളങ്ങൾ പാകിസ്താൻ ആക്രമിച്ചതോടെയാണ് ആരംഭിച്ചത്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യം തിരിച്ചടിച്ചു. 1971 ഡിസംബർ 3 ന് തുടങ്ങിയ 13 ദിവസം നീണ്ടു നിന്ന ഈ യുദ്ധം ചരിത്രത്തിൽ രേഖപ്പെടുത്തിയ ഇൻഡോ-പാക് യുദ്ധങ്ങളിൽ ഏറ്റവും വലുതായി കണക്കാക്കപെടുന്നു. ഈ യുദ്ധത്തിൽ പാകിസ്താനിലെ 93,000-ത്തിലധികം സൈനികരെ ഇന്ത്യ യുദ്ധത്തടവുകാരാക്കി. ഇന്ത്യയ്ക്ക് മുൻപിൽ പാകിസ്ഥാൻ അടിയറവു പറയുകയും ബംഗ്ലാദേശ് (കിഴക്കൻ പാകിസ്ഥാൻ) സ്വതന്ത്രമാക്കപ്പെടുകയും ചെയ്തു. പാകിസ്ഥാൻ സൈനികരും ഭീകരരും കശ്മീരിലെ കാർഗിൽ മണ്ണിലേക്ക് നുഴഞ്ഞുകയറിയതോടെയാണ് 1999 ൽ കാർഗിൽ യുദ്ധം നടന്നത്. 'ഓപ്പറേഷൻ വിജയ്' എന്ന് പേരിട്ട ഈ യുദ്ധത്തിൽ ഇന്ത്യ വിജയിക്കുകയും 3,000 പാകിസ്ഥാന്‍ സൈനികർ കൊല്ലപ്പെടും ചെയ്തു. 500 സൈനികരാണ് ഈ യുദ്ധത്തിൽ ഇന്ത്യയ്ക്ക് നഷ്ടമായത്.
ഈ നാല് യുദ്ധങ്ങളിലും ഇന്ത്യ ഔദ്യോഗികമായി യുദ്ധ വിളംബരം നടത്തിയട്ടില്ല എന്നത് ശ്രദ്ധേയമാണ്. എന്നാൽ ശക്തമായ തിരിച്ചടി പാക്കിസ്ഥാന് നൽകുകയും ചെയ്തു. പാകിസ്താന്റെ സമ്പത്ത് വ്യവസ്ഥയെ ഇന്ത്യ തകിടം മറിച്ചു. അതോടെ പാകിസ്ഥാനിൽ ആഭ്യന്തര കലാപമുണ്ടായി. പണപ്പെരുപ്പം രൂക്ഷമായി. അതിലും രൂക്ഷമായ സാഹചര്യത്തിലൂടെയാണ് ഇന്ന് ഇരുരാജ്യങ്ങളിലെയും സംഘർഷാവസ്ഥ തുടരുന്നത്. ഇന്ത്യ പാക് യുദ്ധമുണ്ടായാൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം യുദ്ധം പ്രഖ്യാപിക്കാനുള്ള അധികാരം (ഭരണഘടനാ (ആർട്ടിക്കിൾ 53(2) പ്രകാരം) പ്രധാനമന്ത്രിയുടെയും കേന്ദ്ര മന്ത്രിമാരുടെയും നിർദ്ദേശാനുസരണം രാഷ്ട്രപതിക്കാണ്. എന്നിരുന്നാലും ഇന്ത്യൻ ഭരണഘടനയിൽ ഔപചാരികമായി യുദ്ധപ്രഖ്യാപനത്തിനുള്ള നടപടിക്രമം വിശദീകരിക്കുന്നില്ല. മറിച്ച് ഇന്ത്യയിൽ യുദ്ധസമാന സാഹചര്യത്തിൽ ഭരണഘടനയുടെ "ആർട്ടിക്കിൾ 352" പ്രകാരം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള ഭരണഘടനാ സംവിധാനമാണ് നിലനിൽക്കുന്നത്.
ഇനി ഇന്ത്യയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാലും യുദ്ധം നടന്നാലും സമ്പദ്‌വ്യവസ്ഥയിൽ കാര്യമായ തിരിച്ചടി നേരിടേണ്ടി വരും. പാകിസ്ഥാനെ കുറഞ്ഞത് നാലു ദിവസം കൊണ്ട് ഇന്ത്യ പരാജയപെടുത്തിയാലും നമ്മുടെ സമ്പത്ത് ഘടനയുടെ നട്ടെല്ലായ പല വരുമാന വിഭവങ്ങളെയും അത് കാര്യമായി ബാധിക്കും. കയറ്റുമതിയെയും ഇറക്കുമതിയേയും ബാധിക്കും. സാമ്പത്തികമായ സമ്മര്‍ദ്ദങ്ങളിൽ ഓഹരി വിപണികൾ കൂപ്പുകുത്തും. വിലക്കയറ്റം ഉണ്ടാകും. കുറച്ചു നാളെത്തേക്കെങ്കിലും രാജ്യത്ത് അരക്ഷിതാവസ്ഥ തുടരും. പാകിസ്താന്റെ കാര്യവും മറിച്ചല്ല; സിന്ധു നദീജല കരാർ ഇന്ത്യ റദ്ധാക്കിയതോടെ പാകിസ്ഥാനിൽ ജല ദൗർലഭ്യത്തിനോ, ഇനി ഇന്ത്യ ഝലം നദിയിലെ ഡാം ഷട്ടറുകൾ തുറന്നുവിട്ടാൽ പ്രളയത്തിനോ പാകിസ്ഥാൻ ഇരയാകും. യുദ്ധത്തിൽ പരാജയപ്പെട്ടാൽ സാമ്പത്തികമായി പൂർണമായും പാകിസ്ഥാൻ തകർക്കപെടും. തൊഴിലില്ലായ്മ രൂക്ഷമാകും. കാര്‍ഷിക പ്രതിസന്ധിയുണ്ടാകും. രാഷ്ട്രീയ അസ്ഥിരത ഉടലെടുക്കും. ആഭ്യന്തര കലാപം പൊട്ടിപുറപ്പെടും. സമ്പത്ത് ഉള്ളവരുടെ കൈകളിൽ മാത്രം ആവശ്യവസ്തുക്കൾ കേന്ദ്രീകരിക്കപ്പെടും. ഇല്ലാത്തവൻ പട്ടിണിയും ദാരിദ്യ്രവും കൊണ്ട് വലയും. ജനങ്ങൾ കൊള്ളയും കൊലയും ആരംഭിക്കും. ഒപ്പം പാകിസ്ഥാൻ ഭരണകൂടത്തിന് എതിരെ ജനം തെരുവിലിറങ്ങും. പ്രതിഷേധങ്ങൾ ഉയരും . പാകിസ്ഥാൻ സൈന്യത്തിന് ആക്രമണകാരികളായ തങ്ങളുടെ ജനങ്ങൾക്ക് മേൽ നിറയൊഴിക്കേണ്ടി വരും. ഇതോടെ മാസങ്ങൾ കൊണ്ട് പാകിസ്ഥാൻ എന്ന രാജ്യം തന്നെ ഇല്ലാതെയാകും. ഇനി അറിയേണ്ടത് നമ്മുടെ രാജ്യത്തിൻറെ നിലപാടാണ്. യുദ്ധ വിളംബരം നടത്താതെ യുദ്ധം തുടരുമോ എന്ന നിലപാട്...