
രാജി വച്ച പി.വി അൻവറിന് പകരം പുതിയ എം.എൽ.എയെ കണ്ടെത്താനുള്ള കാത്തിരിപ്പിലാണ് നിലമ്പൂർ നിയോജക മണ്ഡലം (Nilambur constituency). ദിവസങ്ങൾക്കകം ഉപതെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിക്കുമെന്നാണ് തെരഞ്ഞടുപ്പ് കമ്മീഷനുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. നിലമ്പൂർ അങ്കത്തിനുള്ള മുന്നണികളുടെ തയ്യാറെടുപ്പുകളും അവസാന ഘട്ടത്തിലാണ്. നിലവിലെ സാഹചര്യത്തിൽ, 2026-ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഏക ഉപതെരഞ്ഞെടുപ്പെന്ന പ്രത്യേകതയും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനുണ്ട്.
ആറു പതിറ്റാണ്ടിന്റെ രാഷ്ട്രീയ ചരിത്രം പേറുന്ന നിയോജകമണ്ഡലമായ നിലമ്പൂർ, കേരള രാഷ്ട്രീയത്തിലെ തന്നെ അതികായരായിരുന്ന സഖാവ് കുഞ്ഞാലിയുടെയും, ആര്യാടൻ മുഹമ്മദിന്റെയും കർമഭൂമി കൂടിയാണ്. എക്കാലത്തും ഇടതു വലതു മുന്നണികൾ തമ്മിലായിരുന്നു മണ്ഡലത്തിലെ പ്രധാന മത്സരം. ഇരുമുന്നണികളും തുല്യ ശക്തികളുമാണ്. തദ്ദേശതലത്തിൽ നിലമ്പൂർ നഗരസഭ, പോത്തുകൽ, അമരമ്പലം എന്നിവിടങ്ങളിൽ എൽഡിഎഫും, അടുത്തിടെ വലത്തോട്ട് കൂറുമാറിയ ചുങ്കത്തറ, ഇടക്കര, വഴിക്കടവ്, മൂത്തേടം, കരുളായി പഞ്ചായത്തുകളിൽ യുഡിഎഫുമാണ് ഭരണത്തിൽ. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തൊട്ടു പിന്നാലെ തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്സ്. തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് ഉപതെരഞ്ഞെടുപ്പുകളിലെ അതെ ചടുലനീക്കമാണ് കോൺഗ്രസിന്റേത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന അന്ന് തന്നെ സ്ഥാനാര്ഥിയെയും പ്രഖ്യാപിക്കുമെന്നാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്. യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
ആര്യാടൻ ഷൗക്കത്തും, ബി.എസ് ജോയിയുമാണ് കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥി പട്ടികയിൽ ഉള്ളത്. എന്നാൽ, ഷൗക്കത്തിനെ അനുനയിപ്പിച്ച ശേഷം ബി.എസ് ജോയിയെ സ്ഥാനാർത്ഥിയാക്കാനാണ് നേതൃതലത്തിൽ നടക്കുന്ന നീക്കം. അപ്പോഴും ഷൗക്കത്ത് എടുക്കുന്ന നിലപാട് എന്തെന്ന് ഉറ്റുനോക്കുകയാണ് ഇടത് ക്യാമ്പ്. എന്നാൽ, പാർട്ടിക്ക് പുറത്തുള്ള വോട്ടുകൾ കൂടി ആകർഷിക്കാൻ കഴിയുന്ന സ്വതന്ത്ര സ്ഥാനാർത്ഥിയെ രംഗത്ത് ഇറക്കാനുള്ള 'സ്വതന്ത്ര പരീക്ഷണം' ഇത്തവണയും ഇടതുപക്ഷം പയറ്റിയേക്കുമെന്നാണ് സൂചന.
അതേസമയം, നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പിണറായിസത്തിനെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താകുമെന്നാണ് മുൻ എം.എൽ.എ പി.വി അൻവർ ആവർത്തിച്ച് പറയുന്നത്. പിണറായിസത്തിനെതിരെ പരമാവധി വോട്ടുകൾ സ്വീകരിക്കേണ്ടത് യുഡിഎഫിന്റെയും, ജനങ്ങളുടെയും ആവശ്യമാണെന്ന് അൻവർ പറയുന്നു.
അതേസമയം, നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരളരാഷ്ട്രീയത്തിലെ ഒരു സുപ്രധാന തിരഞ്ഞെടുപ്പായി മാറുമെന്ന കാര്യത്തിൽ തർക്കമില്ല. 2026 - ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച്, അതിന്റെ ഫലത്തെ സംബന്ധിച്ച് ഏകദേശ സൂചന നൽകുന്ന ഒരു തിരഞ്ഞെടുപ്പ് തന്നെയാകും നിലമ്പൂരിൽ നടക്കാനിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ തൃക്കാക്കരയും , പുതുപ്പള്ളിയും അടക്കം നാല് ഉപതെരഞ്ഞെടുപ്പുകൾക്കാണ് കേരളം വേദിയായത്. ഈ തെരഞ്ഞെടുപ്പുകളിൽ എല്ലാം അതതു മുന്നണികൾ അവരുടെ സിറ്റിംഗ് സീറ്റുകൾ നിലനിർത്തുന്നതായാണ് കാണാൻ കഴിഞ്ഞത്.
എന്നാൽ, നിലമ്പൂർ മണ്ഡലത്തിലേക്ക് വരുമ്പോൾ മറ്റൊരു സവിശേഷത കൂടി എടുത്തു പറയേണ്ടതുണ്ട്. നിലമ്പൂർ മണ്ഡലം എപ്പോൾ വേണമെങ്കിലും ഏത് മുന്നണിയിലേക്ക് വേണമെങ്കിലും ചാഞ്ഞേക്കാം. ആറു തവണ ആര്യാടൻ മുഹമ്മദിനെ വിജയിപ്പിച്ച മണ്ഡലമാണ് നിലമ്പൂർ. എന്നാൽ, 2016-ൽ പിവി അൻവർ എന്ന സ്വതന്ത്ര സ്ഥാനാർത്ഥിയെ ഇറക്കി ഇടതുപക്ഷം നടത്തിയ പരീക്ഷണം വിജയം കാണുകയും ചെയ്തതാണ്. 11,500 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അൻവർ വിജയിച്ചതോടെ, നിലമ്പൂർ മണ്ഡലം ഇടത്തേക്ക് മാറുന്നതും നമ്മൾ കണ്ടതാണ്. 2021-ൽ നടന്ന തിരഞ്ഞെടുപ്പിൽ അൻവർ വിജയം ആവർത്തിക്കുകയും ചെയ്തു. അതേസമയം, ഇത്തവണ മേൽക്കൈ യുഡിഎഫിനാണ് എന്ന് തന്നെ വിലയിരുത്തേണ്ടി വരും. ഇതിനു പ്രധന കാരണങ്ങൾ രണ്ടാണ്,
ആറു തവണ ആര്യാടനെ നിയമസഭയിലേക്ക് എത്തിച്ച മണ്ഡലം എന്ന നിലയിൽ, യുഡിഎഫിന് നിലമ്പൂർ തിരിച്ചു പിടിക്കാനുള്ള പ്രാപ്തി ഉണ്ടെന്നു തന്നെ കരുതാം. എന്നാൽ അതിലുമുപരിയായി, കഴിഞ്ഞ രണ്ടു തവണയും മണ്ഡലത്തിൽ യുഡിഎഫിനെ തറപറ്റിച്ച പിവി അൻവർ ഇന്ന് അവർക്കൊപ്പമാണെന്നത് അവഗണിക്കാൻ കഴിയുന്ന ഒരു കാര്യമല്ല. പി.വി അൻവർ മറുകണ്ടം ചാടിയതിന്റെ ഗുണം യുഡിഎഫിന് ലഭിക്കാതിരിക്കില്ല എന്നത് തന്നെയാണ് ഏവരുടെയും വിലയിരുത്തൽ. 2021-ൽ ഇത് രണ്ടായിരത്തിൽ അധികം വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിൽ അൻവർ വിജയിച്ചപ്പോൾ, മണ്ഡലത്തിൽ മത്സരിച്ച എസ്.ഡി.പി.ഐ സ്ഥാനാർത്ഥി മൂവായിരത്തിൽ അധികം വോട്ടുകൾ നേടിയതായാണ് കണക്കുകൾ. അതേസമയം, എസ്.ഡി.പി.ഐ ഇത്തവണ യുഡിഎഫിന് ഒപ്പമാണെന്നിരിക്കെ വിജയസാധ്യത കൂടുതലും വലതുമുന്നണിക്കാണെന്നതിലും തർക്കമില്ല.