
ഗംഗാ രാജ് . ജി
ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം എന്ന ഖ്യാതി മാറാൻ പോകുന്നു(Drug use in Kerala). ഞെട്ടണ്ട! കേരളം ലഹരിയുടെ നാടാണെന്ന് പറയപ്പെടുന്ന കാലം വിദൂരമല്ല. ഇന്ന് ഏതു മേഖലയിലാണ് ലഹരി ഉപയോഗം ഇല്ലാത്തത്? ആരാണ് ഇന്ന് ലഹരി ഉപയോഗിക്കാത്തത്? ഇന്ന് ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്നതും, ഭാവിയിലേക്ക് ഉത്കണ്ഠയോടെ നോക്കേണ്ടിവരുന്നതും ഏത് വിഷയത്തെ സംബന്ധിച്ചാണ്? ഇതെല്ലം വിരൽ ചൂണ്ടുന്നത് ഒന്നിലേക്കാണ്. അത് ലഹരിയാണ്! വായനയാണ് ലഹരിയെന്നു പറഞ്ഞു പഠിച്ച നാവുകൾക്ക് ഇന്ന് ലഹരി മറ്റുപലതുമാണ്.
ചരസ്സും കറുപ്പും കഞ്ചാവും വിരളമായും രഹസ്യമായും ഉപയോഗിച്ചിരുന്ന, ഇനി ഉപയോഗിച്ചാൽ തന്നെ അത് പുറത്തു പറയാൻ ഭയന്നിരുന്ന ഒരു കാലം കേരളത്തിനുണ്ടായിരുന്നു. എന്നാൽ ഇന്നോ?! എം.ഡി.എം.എയും, എൽ.എസ്.ഡി സ്റ്റാമ്പും, കൊക്കെയ്നും ഒപിയോയിഡും ഹെറോയിനും മെത്താഫെറ്റാമൈനും തുടങ്ങി എന്തെല്ലാം രാസ ലഹരികളുണ്ടോ അതെല്ലാം ഇന്ന് കേരളത്തിൽ ലഭ്യമാണ്. അതെല്ലാം തന്നെ ഉപയോഗിക്കുന്നത് പുതു തലമുറയിൽ പെട്ടവരാണെന്ന് കൂടി പറയുമ്പോൾ വരാനിരിക്കുന്ന കാലത്ത് കേരളം അറിയപ്പെടുക ലഹരിയുടെ പേരിൽ തന്നെ ആയിരിക്കുമെന്ന് ഉറപ്പാണ്.
മലപ്പുറം വളാഞ്ചേരി സ്വദേശിയായ "ഇസാം" എം.ഡി.എം.എയ്ക്ക് അടിമപ്പെട്ട് അതിൽ ബിരുദവും ബിരുധാനാന്തരവും എടുത്ത് ഒടുവിൽ തെറ്റ് തിരിച്ചറിഞ്ഞ് ഡി അഡിക്ഷൻ സെന്ററിൽ നിന്നും പുറത്തുവന്ന ഇരുപത്തിമൂന്നു വയസുകാരനാണ്. കൂട്ടുകാരുടെ ചതി വലയിൽപ്പെട്ട ഇയാൾ ഒരേ സമയം എം.ഡി.എം.എ ഉപയോഗിക്കുകയും ക്യാരിയറായി മാറുകയും ചെയ്തയാളാണ്. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സർക്കാർ ഉദ്യോഗസ്ഥർ, സഹോദരനും സഹോദരിയും ഭാര്യയും ഭർത്താവും എന്തിന് ഒരു കുടുംബം തന്നെ ഇയാളിൽ നിന്നും എം.ഡി.എം.എ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്തിട്ടുണ്ടെന്ന് സമൂഹത്തോട് ഇയാൾ വിളിച്ചു പറയുമ്പോൾ കേരളത്തിന്റെ അവസ്ഥ അതിൽ നിന്നും വ്യക്തമാണ്.
സ്കൂൾ പരിസരങ്ങളിൽ പതിവായെത്തി പെൺകുട്ടികളെ പ്രണയം നടിച്ചു വലയിലാക്കി ലഹരി വില്പനയ്ക്ക് ക്യാരിയാറായി ഉപയോഗിക്കുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. മാതാപിതാക്കൾ അറിയാതെ വളരെ ചെറിയ തോതിൽ ലഹരി ഉപയോഗിക്കാനും പണം സമ്പാദിക്കാനും പെൺകുട്ടികൾ തയ്യാറാകുമ്പോൾ, പെൺകുട്ടികൾ ആയതിനാൽ വില്പന ആരും സംശയിക്കുകയില്ല എന്നതാണ് ഇതിന്റെ മറ്റൊരു വശം. ഇവർക്കിടയിൽ കോഡ് ഭാഷകളും നിലനിൽക്കുന്നുണ്ട്. സ്കോർ, ജോയിന്റ്, പോസ്റ്റ് , ഹാൾട്ട്, കല്ല്... എങ്ങനെ നീളുന്നു അവ. സ്കോർ എന്നാൽ കഞ്ചാവിന്റെ വില എത്രയാണെന്നാണ് അർത്ഥം. ബീഡിയിലോ സിഗററ്റിലോ കഞ്ചാവ് നിറച്ചു കൊടുക്കുന്നതാണ് "ജോയിന്റ്". കഞ്ചാവ് കിട്ടാൻ കാലതാമസം ഉണ്ടാകുമോ എന്ന് ചോദിക്കുന്നതാണ് "പോസ്റ്റ്". കഞ്ചാവ് ഉപയോഗിക്കുന്ന പെൺകുട്ടികൾക്ക് താമസിക്കാൻ സൗകര്യം ഉണ്ടോ എന്ന് അന്വേഷിക്കുന്ന രഹസ്യ കോഡ് ആണ് "ഹാൾട്ട്". എം.ഡി.എം.എയുടെ രഹസ്യ കോഡ് ആണ് കല്ല്. ഉപ്പ് കല്ലെന്നും ഉപയോഗിക്കാറുണ്ട്.
ഇനി ഇവർ എങ്ങനെയൊക്കെയാണ് ഈ ലഹരിയെ ശരീരത്തിലേക്ക് എത്തിക്കുന്നതെന്ന് നോക്കാം. ദ്രവരൂപത്തിലോ ചെറിയ ഗുളികകളായി കഴിക്കുകയോ ദ്രവ രൂപത്തിലുള്ളവ ശരീരത്തിൽ കുത്തിവയ്ക്കുകയോ ചെയ്യുന്നതാണ് ഒരു രീതി. ചെറിയ പഞ്ചസാര തരികൾ പോലുള്ള എം.ഡി.എം.എ ചെറിയ ലൈനുകൾ ഇട്ട് മൂക്കിലൂടെ ശ്വാസം ഉള്ളിലേക്ക് ആഞ്ഞുവലിച്ച് നെയ്സൽ ലൈൻ വഴി ശരീരത്തിൽ എത്തിക്കുന്നതാണ് മറ്റൊരു രീതി. ഇവ രണ്ടും കൂടാതെ യോനിയിലോ മലദ്വാരത്തിലോ ഒരു സപ്പോസിറ്ററിയായും ലഹരി വസ്തുക്കൾ തിരുകുന്നുണ്ട്. ഇത് യോനി പാളി വഴിയോ വൻകുടൽ വഴിയോ ശരീരത്തിൽ എത്തും. ഇതിനൊക്കെ പുറമെ മണമോ രുചിയോ ഇല്ലാത്ത സ്റ്റാമ്പ് ലഹരിയും കേരളത്തിൽ കിട്ടും. ഇനി ഇത് ഉപയോഗിക്കുന്നൊരാൾ നാലു ഘട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ആദ്യ ഘട്ടത്തിൽ "ഇത് ശീലമാകുകയും" രണ്ടാം ഘട്ടത്തിൽ "നിയന്ത്രണം നഷ്ടമാകുകയും" മൂന്നാം ഘട്ടത്തിൽ "സംശയത്തിൽ ചെന്നെത്തുകയും പിന്നീട് നാലാം ഘട്ടത്തിൽ ഇതേ ലഹരി മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
ഇന്ന് എല്ലാ മേഖലകളിലും ലഹരി ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞതിന്റെ തെളിവുകൾ പുറത്തു വന്ന് കഴിഞ്ഞു. ഇവയെല്ലാം ഉപയോഗിക്കുന്നവർ നമുക്കരികിൽ തന്നെയുണ്ടെന്നത് ഞെട്ടിക്കുന്ന കാര്യമാണ്. വിദ്യാർത്ഥികൾ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ ഇതിന്റെ കണ്ണികളാണ് എന്നതും വസ്തുതയാണ്. ചലച്ചിത്ര മേഖലയിൽ നിന്നും പുറത്തു വന്ന വിവരങ്ങളും വെളിപ്പെടുത്തലുകളും തന്നെ ഉദാഹരമായി എടുക്കാം. "രാത്രി മൂന്ന് മണിക്ക് അവന് കഞ്ചാവ് വേണം, ഇല്ലെങ്കില്‍ മൂഡ് കിട്ടില്ല" എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ‘നമുക്ക് കോടതിയില്‍ കാണാം’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായ ഹസീബ്, നടനായ ശ്രീനാഥ് ഭാസിയെ കുറിച്ച് പറഞ്ഞത് കേരളം മറന്നു കാണില്ല. അതിനു പിന്നാലെയാണ് ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ "സൂത്രവാക്യം" ചലചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് വിൻസി അലോഷ്യസ് രംഗത്ത് എത്തിയത്. അന്വേഷണത്തിൽ ഷൈൻ മെത്താഫെറ്റാമൈനും എം.ഡി.എം.എയും ഉപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഉള്ളിൽ ലഹരി ചെന്നാലേ കല പുറത്തു വരൂ എന്ന് ചന്തിച്ചിരുന്ന കാലഘട്ടത്തിൽ കുരുങ്ങി കിടക്കുകയാണ് ഇപ്പോഴും മലയാളികൾ. ഇത് ഉപയോഗിക്കുന്നവരേക്കാൾ, ഉപയോഗത്തിനായി എത്തിച്ചു കൊടുക്കുന്നവരെയാണ് ഒറ്റപ്പെടുത്തേണ്ടതെന്നും ആദ്യം ശിക്ഷിക്കേണ്ടതെന്നും ചിന്തിച്ചു തുടങ്ങാത്തെടുത്തോളം കാലം കേരളം തലതാഴ്ത്തി തന്നെ നിൽക്കേണ്ടി വരും. അവിടെ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകമോ സാക്ഷരതാ സ്ഥാനമോ ഒന്നും തുണയ്‌ക്കെത്തില്ല. ഓപ്പറേഷൻ ഡി-ഹണ്ട്, കേരള സംസ്ഥാന ലഹരി വർജ്ജന മിഷന്റെ "വിമുക്തി" തുടങ്ങിയവയെ മാത്രം ആശ്രയിച്ചല്ല, നമുക്കും ഈ കാര്യത്തിൽ എന്തെങ്കിലുമൊക്കെ ചെയ്യാനാകും... നമ്മളാണ് ചെയ്യേണ്ടത്!..