നാലുകറി കൊണ്ടുള്ള വള്ളുവനാടൻ ഓണസദ്യ | Valluvanadan Onasadya

നാലുകറി കൊണ്ടുള്ള വള്ളുവനാടൻ ഓണസദ്യ | Valluvanadan Onasadya
Published on

നാലുകറി കൊണ്ടുള്ള ഓണസദ്യ എന്ന ചൊല്ലിൽ ഊന്നിയുള്ളതാണ് വള്ളുവനാടൻ ഓണസദ്യ (Valluvanadan Onasadya). നാലുകറികൾ എന്നാൽ എരിശ്ശേരി അല്ലെങ്കിൽ കൂട്ടുകറി, കാളൻ , ഓലൻ , പായസം പോലെയുള്ള ഒരുതരം മധുരം. ഇലയുടെ ഇടത്തേയറ്റത്തായി കായയും ചേന വറുത്തതും ശർക്കരവരട്ടിയുമാണ് ആദ്യം വിളമ്പുക. ഇവയുടെ തൊട്ടടുത്തായി പഴം വേവിച്ചുണ്ടാക്കുന്ന പഴം നുറുക്ക് വയ്ക്കും. അതുകഴിഞ്ഞാൽ പപ്പടം. പപ്പടത്തിനു ശേഷമാണ് അച്ചാറുകളുടെ സ്ഥാനം. കടുമാങ്ങാ അച്ചാർ, നാരങ്ങ അച്ചാർ, ഇഞ്ചിത്തൈര്, പുളിയിഞ്ചി എന്നിവയായിരിക്കും ഓണസദ്യയിൽ ഇടം പിടിക്കുന്ന അച്ചാറുകൾ.

വള്ളുവനാട്ടിലെ ഓണസദ്യയ്ക്ക് മാങ്ങാ അച്ചാറിനേക്കാൾ പ്രാധാന്യം നാരങ്ങാ അച്ചാറിനാണ്. അതും വടുകപുളി നാരങ്ങ കൊണ്ടുള്ള അച്ചാർ. അതുകഴിഞ്ഞാൽ കുമ്പളങ്ങ കൊണ്ടുള്ള ഓലൻ. ഓലൻ കഴിച്ചാൽ അതിനുമുമ്പു കഴിച്ച കറികളുടെ സ്വാദ് നാവിൽ നിന്നും മാറും എന്നാണ് പറയുന്നത്. ശേഷം കാളൻ. അതിനടുത്തായി പയറോ കാബേജോ കൊണ്ടുള്ള തോരനുണ്ടാവും. പിന്നെ കൂട്ടുകറി. വള്ളുവനാട്ടിൽ കൂട്ടുകറി എന്നു പറയുമ്പോൾ ചേനയും കായയും കൊണ്ട് ഉണ്ടാക്കുന്നതാണ്.

പണ്ട് ഓണസദ്യക്ക് കൂട്ടുകറി വിളമ്പിയിരുന്നില്ല പകരം മത്തങ്ങ കൊണ്ടുള്ള എരിശ്ശേരിയായിരുന്നു പതിവ്. ഇത്രയും കഴിഞ്ഞാൽ ചോറ് വിളമ്പും. ഇവിടെയും ചോറു വിളമ്പി അതിന്റെ വലതുവശത്തായാണ് പരിപ്പ് വിളമ്പുന്നത്. പരിപ്പ് കഴിഞ്ഞാൽ സാമ്പാർ. ശേഷം രസം. മല്ലിയില കൂടി ചേർത്ത രസമാണ് വള്ളുവനാട്ടിൽ വിളമ്പാറ്. രസം കഴിഞ്ഞാൽ പിന്നെ പായസത്തിന്റെ വരവാണ്. പണ്ടുകാലത്ത് തേങ്ങാപ്പാൽ ഉപയോഗിച്ച് തയ്യാറാക്കിയിരുന്ന പഴപ്രഥമനാണ് ഓണസദ്യക്ക് വിളമ്പിയിരുന്നത്. അതുപോലെതന്നെ പ്രഥമന് ചെങ്ങഴിക്കോടൻ പഴം തന്നെ വേണമെന്നതും വള്ളുവനാട്ടുകാർക്ക് നിർബന്ധമായിരുന്നു.

പഴപ്രഥമൻ കഴിഞ്ഞാണ് മോര് വിളമ്പുക. മോര് കൂടി കൂട്ടി ചോറ് കഴിച്ചു കഴിഞ്ഞാൽ സദ്യ പൂർണമാവും. പണ്ടുകാലത്ത് വള്ളുവനാടൻ സദ്യകളിൽ സാമ്പാറ് ഉണ്ടാകുമായിരുന്നില്ല എന്നാണ് പഴമക്കാർ പറയുന്നത്. സാമ്പാറിനു പകരമായി അവിയൽ വെള്ളം കൂട്ടി വയ്ക്കുകയായിരുന്നു പതിവ്. പിന്നീട് പല മാറ്റങ്ങളും വന്ന കൂട്ടത്തിൽ സാമ്പാറും ഓണസദ്യയിൽ ഇടം പിടിച്ചു. ഇതാണ് വള്ളുവനാടൻ സദ്യയെങ്കിലും കാലം മാറിയതോടെ വടക്കോട്ട് പോകുന്തോറും മീനും ഇറച്ചിയുമൊക്കെ ഓണസദ്യയ്ക്കൊപ്പം ഇലയിൽ സ്ഥാനം പിടിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com