
കേമമായ സദ്യക്ക് നാലു കറി (അച്ചാർ), നാലു വറവ്, നാലു ഉപദംശം (തൊടുകറി), നാലു മധുരം എന്നാണ്. മലബാർ ഭാഗങ്ങളിൽ മാംസ വിഭവങ്ങളും സദ്യയിൽ ഭാഗമാകാറുണ്ട്. മറ്റ് കറികളുടെ കൂടെ മാംസം കൊണ്ടുള്ള ഒന്ന് രണ്ടു വിഭവങ്ങളും കൂടെ വിളമ്പുന്നത് മലബാർ സദ്യയുടെ രീതിയാണ് (Onam Sadya).
നാലു കറി
കാളൻ, ഓലൻ, എരിശ്ശേരി, പുളിശ്ശേരി
നാലു ഉപ്പിലിട്ടത്
ഇഞ്ചിത്തയിര്, പുളിയിഞ്ചി, മാങ്ങ, നാരങ്ങ
നാലു വറവ്
കായ, ചേന, മുളക്, ശർക്കര ഉപ്പേരി
നാലു ഉപദംശം (തൊടുകറി)
കാളൻ, ഓലൻ, അവിയൽ, കൂട്ടുകറി /എരിശ്ശേരി, തോരൻ, പച്ചടി, കിച്ചടി, നെയ്യ്, പഴം, പരിപ്പ്, പപ്പടം, മീൻകറി
നാല് മധുരം അഥവാ പ്രഥമൻ (പായസം)
പാലട പ്രഥമൻ (അട പ്രഥമൻ), പഴം പ്രഥമൻ, ഗോതമ്പ് പ്രഥമൻ, ചക്ക പ്രഥമൻ, കടലപരിപ്പ് പ്രഥമൻ,
അരിപ്പായസം
ഇഞ്ചിക്കറി, 101 കറിക്ക് തുല്യം.! സദ്യയിലെ നാല് അച്ചാറുകൾ തയ്യാറാക്കുന്ന വിധം
1. ഇഞ്ചിക്കറി – 101 കറിക്ക് തുല്യം
ഇഞ്ചി – ഒരിഞ്ചു വലുപ്പമുള്ള ആറു കഷണം
അരിപ്പൊടി – ഒരു ചെറിയ സ്പൂൺ
നല്ലെണ്ണ – അരക്കപ്പ്
പച്ചമുളക് അരിഞ്ഞത് – രണ്ട്
മല്ലി – രണ്ടു ചെറിയ സ്പൂൺ
വറ്റൽമുളക് – എട്ട്
ഉലുവ – കാൽ ചെറിയ സ്പൂൺ
വാളൻപുളി – ഒരു നാരങ്ങാവലുപ്പത്തിൽ ഒരു കപ്പ് വെള്ളത്തിൽ കുതിർത്തത്
ശർക്കര ചുരണ്ടിയത് – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
കടുക് – ഒരു നുള്ള്
വറ്റൽമുളക് – രണ്ട്
കറിവേപ്പില – രണ്ടു തണ്ട്
തയ്യാറാക്കുന്ന വിധം
ഇഞ്ചി ചതച്ച് നീരു പിഴിഞ്ഞ് മാറ്റിയശേഷം ബാക്കിയുള്ള ചണ്ടിയിൽ അരിപ്പൊടി ചേർത്തിളക്കി അരക്കപ്പ് നല്ലെണ്ണയിൽ പച്ചമുളകും ചേർത്ത് വറുത്ത് തരുതരുപ്പായി പൊടിച്ചു മാറ്റിവയ്ക്കുക. ചെറുതീയിൽ ഒരു ചെറിയ സ്പൂൺ നല്ലെണ്ണ ചൂടാക്കി മല്ലിയും വറ്റൽമുളകും ഉലുവയും ചേർത്ത് വറുത്ത് മയത്തിൽ അരച്ചു വയ്ക്കണം. പുളി പിഴിഞ്ഞെടുത്ത വെള്ളവും ഇഞ്ചി വറുത്ത കൂട്ടും അരപ്പും ഉപ്പും ചേർത്ത് അടുപ്പിൽ വച്ചു തിളപ്പിക്കുക. ഗ്രേവി കുറുകിവരുമ്പോൾ ശർക്കര ചേർത്തു വീണ്ടും കുറച്ചു സമയം തിളപ്പിക്കണം. വാങ്ങിവച്ചശേഷം നല്ലെണ്ണയിൽ കടുകും വറ്റൽമുളകും കറിവേപ്പിലയും വറുത്ത് കറിയിൽ ചേർക്കാം.
ഗുണങ്ങൾ- നൂറ്റൊന്ന് കറിക്ക് തുല്യമായ ഇഞ്ചിക്കറിയിൽ നിറയെ നാരുകളടങ്ങിയതിനാൽ ഇഞ്ചിക്കറി ദഹനത്തെ സുഗമമാക്കുന്നു. വിറ്റാമിൻ സിയും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്.
2. ഇഞ്ചിത്തൈര്
മലയാളത്തിെന്റ ആദ്യത്തെ കറി എന്ന ഖ്യാതി ഇഞ്ചിെെത്തരിനുള്ളതാണ്.
ചേരുവകള്‍:
ഇഞ്ചി – ആവശ്യത്തിന്
പച്ചമുളക് – നാലെണ്ണം
കല്ലുപ്പ് – ആവശ്യത്തിന്
തൈര് – ഒരു കപ്പ്
തേങ്ങ – 1 കപ്പ്
തയ്യാറാക്കുന്ന വിധം
ഇഞ്ചിയും പച്ചമുളകും (കാന്താരി) കല്ലുപ്പും തേങ്ങയും കൂടി അമ്മിയില്‍ അരച്ച് എടുക്കുക. ഇതിലേക്ക് തൈരു കൂടി യോജിപ്പിച്ചാല്‍ ഇഞ്ചിത്തൈര് റെഡി.
3. മാങ്ങാ അച്ചാർ
ചേരുവകൾ
പുളിയുള്ള മാങ്ങ – ഒന്ന്
നല്ലെണ്ണ – രണ്ട് ടീസ്പൂൺ
മുളകുപൊടി – രണ്ട് ടീസ്പൂൺ
മഞ്ഞൾപൊടി – ഒരു ടീസ്പൂൺ
പൊടിക്കായം – അര ടീസ്പൂൺ
കടുക് പൊടിച്ചത് – അര ടീസ്പൂൺ
ഉലുവ വറുത്തു പൊടിച്ചത് – ഒരു നുള്ള്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ചുവടു കട്ടിയുള്ള പാത്രത്തിൽ നല്ലെണ്ണ ചൂടാക്കി മുളകുപൊടി, മഞ്ഞൾപൊടി, പൊടിക്കായം, കടുക് പൊടിച്ചത്, ഉലുവ വറുത്തു പൊടിച്ചത് എന്നിവ ചേർത്ത് നന്നായി ചൂടാക്കുക. അടുപ്പിൽ നിന്നറക്കി വച്ച് ചൂടാറിയ ശേഷം മാങ്ങയും പാകത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക.
4. നാരങ്ങാ അച്ചാർ
ചേരുവകൾ
നാരങ്ങ പഴുത്തത് – ഒന്ന്
കായം – 10 ഗ്രാം
മഞ്ഞൾപൊടി – ഒരു ടീസ്പൂൺ
വെളിച്ചെണ്ണ – നാല് ടീസ്പൂൺ
മുളകുപൊടി – രണ്ട് ടീസ്പൂൺ
ഉലുവപ്പൊടി – ഒരു നുള്ള്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
നാരങ്ങ കഴുകി ചെറുതായി മുറിച്ച് ഉപ്പും ചേർത്ത് രണ്ട് ഗ്ലാസ് വെള്ളവും ചേർത്ത് കായം, മഞ്ഞൾപൊടി എന്നിവ കലക്കി തിളപ്പിക്കുക. ചീനച്ചട്ടിയിൽ രണ്ട് സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചശേഷം മുളകുപൊടി ചേർക്കുക. വേവിച്ച നാരങ്ങ ഇതിലേക്കിടുക. ഉലുവാപ്പൊടി ചേർത്തിളക്കിയശേഷം രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക.