
ഓണം നമുക്ക് മാത്രമല്ല (Onam 2024), ഭൂമിയിലെ എല്ലാ സഹജീവികൾക്കും ഓണം ഉണ്ട്. അതിനാൽ നാം ഓണമുണ്ണുമ്പോൾ ചുറ്റുമുള്ളവരെയും ഊട്ടണം. ഇതിനായി ഒരാചാരം പണ്ടു മുതൽ ഇവിടെനിലനിന്നിരുന്നു. അതാണ് ഉറുമ്പൂട്ട് അഥവാ ഉറുമ്പോണം. അരിവറുത്ത് ശർക്കരയും തേങ്ങാപീരയും ചേർത്തിളക്കി വാഴയിലയിൽ വീടിന്റെ പരിസരങ്ങളിലോ നാലു മൂലയ്ക്കോ വച്ച് ഉറുമ്പുകൾക്ക് ഓണത്തിന് നൽകുമായിരുന്നു. ഇലക്കീറിന്റെ ഒരറ്റത്ത് തിരി തെളിച്ചും വയ്ക്കുമായിരുന്നു. ചില സ്ഥലങ്ങളിൽ ഓണപ്പായസം ഇലയിൽ തുള്ളി തുള്ളിയായി വീഴ്ത്തി വച്ചുകൊടുക്കും. ഉറുമ്പോണം, തുമ്പിക്കോണം പിന്നെ എനിക്കോണം എന്നിങ്ങനെ ഒരു പഴമൊഴി തന്നെയുണ്ടായിരുന്നു.
തിരുവോണസദ്യ ഉണ്ണുന്നതിനു മുന്നേ നമുക്ക് ചുറ്റിലും ഉള്ളവയുടെയും വയർ നിറയ്ക്കണം എന്നാണ് വിശ്വാസം. ഉറുമ്പുകൾക്കു നൽകിയശേഷം ഒരു പങ്ക് തുമ്പികൾക്കായി ചെടിയുടെ ഇലകളിൽ വയ്ക്കുന്ന പതിവും ചിലയിടങ്ങളിൽ ഉണ്ട്. പുഴയുടെ അടുത്താണ് വീടെങ്കിൽ ഒരുപിടി അരി മീനുകൾക്കും നൽകും. ഓണസദ്യ ഉണ്ട് കഴിഞ്ഞാണത്രെ പല്ലിക്ക് ഓണം നല്കുക. പണ്ടുകാലങ്ങളിൽ ഓണത്തിന് നിലനിന്നിരുന്ന ആചാരങ്ങളുടെ മഹത്വം വിളിച്ചോതുന്ന ചിട്ടകളാണിവയെല്ലാം.